പടിഞ്ഞാറൻ ഇറാഖിൽ അമേരിക്കയുടെ റീഫ്യുവലിങ് വിമാനം തകർന്ന് നാല് യുഎസ് സൈനികർ മരിച്ചു, രണ്ട് പേരെ കാണാതായി. അപകടം ശത്രുക്കളുടെ ആക്രമണം മൂലമല്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിക്കുകയും സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കാണാതായവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.
ബാഗ്‌ദാദ്: അമേരിക്കയുടെ റീഫ്യുവലിങ് വിമാനം (ഇന്ധന ടാങ്കർ വിമാനം) ഇറാഖിൽ തകർന്ന് വീണ് നാല് യുഎസ് സൈനികർ മരിച്ചു. രണ്ട് പേരെ കുറിച്ച് യാതൊരു വിവരവുമില്ല. യുഎസ് സെൻട്രൽ കമാൻഡ് അപകട വാർത്ത സ്ഥിരീകരിച്ചു. എന്നാൽ വിമാനം തകർന്നത് ശത്രു രാജ്യങ്ങളുടെ ആക്രമണത്തിൽ അല്ലെന്ന് ഇവർ പറയുന്നു. ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് ഏകദേശം രണ്ട് മണിയോടെയാണ് പടിഞ്ഞാറൻ ഇറാഖിൽ വിമാനം തകർന്നുവീണത്. ബോയിംഗ് കെസി-135 സ്ട്രാറ്റോടാങ്കർ എന്ന വിമാനമായിരുന്നു ഇത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പേർക്കായി തിരച്ചിലും രക്ഷാപ്രവർത്തനവും ഊർജ്ജിതമായി തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
വിമാനം തകർന്നുവീഴാനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി യുഎസ് സെൻട്രൽ കമ്മാൻഡ് വ്യക്തമാക്കി. പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ അപകടം അതീവ ഗൗരവത്തോടെയാണ് അമേരിക്ക കാണുന്നത്. മരിച്ച സൈനികരുടെ പേരുവിവരങ്ങൾ യുഎസ് സൈന്യം കാണുന്നത്. അമേരിക്കൻ സൈന്യത്തിൻ്റെ കീഴ്വഴക്കമനുസരിച്ച്, കൊല്ലപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളെ ആദ്യം വിവരം ഔദ്യോഗികമായി അറിയിക്കും. പിന്നീട് 24 മണിക്കൂർ കഴിഞ്ഞതിനുശേഷമേ ഇവരുടെ പേരുവിവരം പരസ്യപ്പെടുത്തൂ. ഇറാഖിൽ അമേരിക്കൻ സൈനികരുടെ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾക്ക് ഈ അപകടം വീണ്ടും വഴിവെച്ചിട്ടുണ്ട്.


