മുറിയിലൂടെ തലങ്ങും വിലങ്ങും ഓടിയിരുന്ന പൂച്ച് ഇനത്തിലുള്ള നായ അബദ്ധത്തിൽ തോക്കിന് മുകളിലൂടെ ഓടിയ സമയത്ത് ട്രിഗറിൽ തട്ടിയാണ് വെടിപൊട്ടിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്
പെനിസിൽവാനിയ: ഉടമയ്ക്ക് നേരെ അബദ്ധത്തിൽ വെടിയുതിർത്ത് വളർത്തുനായ. തോക്ക് വൃത്തിയാക്കി വയ്ക്കുന്നതിനിടയിലാണ് വളർത്തുനായ ഉടമയെ വെടിവച്ച് വീഴ്ത്തിയത്. പുറത്ത് വെടിയേറ്റ് ഗുരുതര പരിക്കുമായി ഉടമ ചികിത്സയിൽ തുടരുകയാണ്. അമേരിക്കയിലെ പെനിസിൽവാനിയയിലാണ് സംഭവം. പെനിസിൽവാനിയയിലെ ഷില്ലിംഗ്ടൺ സ്വദേശിയായ 53കാരനാണ് വെടിയേറ്റത്. വൃത്തിയാക്കിയ ശേഷം തന്റെ ഷോട്ട് ഗൺ 53കാരൻ കിടക്കയിൽ വച്ചിരുന്നു. മുറിയിലൂടെ തലങ്ങും വിലങ്ങും ഓടിയിരുന്ന പൂച്ച് ഇനത്തിലുള്ള നായ അബദ്ധത്തിൽ തോക്കിന് മുകളിലൂടെ ഓടിയ സമയത്ത് ട്രിഗറിൽ തട്ടിയാണ് വെടിപൊട്ടിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. നടുവിനായി വെടിയേറ്റ് നിലത്ത് വീണ 53കാരൻ എമർജൻസി സർവ്വീസിന്റെ സേവനം തേടുകയായിരുന്നു.
അബദ്ധത്തിൽ വെടിപൊട്ടിയതെന്ന് പൊലീസ്
സേഫ്റ്റി ലോക്ക് ചെയ്യാതിരുന്ന തോക്കിന്റെ ട്രിഗറിൽ നായയുടെ കാൽ തട്ടിയെന്നാണ് സംശയിക്കുന്നത്. തോക്കിന്റെ തകരാർ മൂലമാണോ വെടിപൊട്ടിയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. വെടി പൊട്ടിയ ശബ്ദം കേട്ടെത്തിയ 53കാരന്റെ മകനാണ് പിതാവിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഉടനടി മകൻ 911ൽ സഹായം ആവശ്യപ്പെടുകയായിരുന്നു. മുറിയിൽ നിന്ന് തോക്കിൽ നിന്നുള്ള കാലിയായ തിരയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ തോക്കിന്റെ ഉടമസ്ഥർ ഒരിക്കൽ കൂടി ജാഗ്രത പുലർത്തണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിട്ടുള്ളത്.
മിക്ക ആളുകളും തോക്കിൽ വെടിയുണ്ട നിറച്ച നിലയിൽ തന്നെ സൂക്ഷിക്കുന്നതിനാൽ ഇത്തരം സംഭവിക്കാനുള്ള സാധ്യതകൾ ഉണ്ടെന്ന മുന്നറിയിപ്പാണ് പൊലീസ് നൽകുന്നത്. അബദ്ധത്തിൽ സംഭവിച്ചതെന്ന നിരീക്ഷണം ഉറപ്പിക്കാൻ പൊലീസ് കേസ് വിശദമായി അന്വേഷിക്കുന്നുണ്ട്.


