പാരിസ് :  ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിന്റെ തെരുവുകളിൽ ഇന്നലെ വലിയൊരു സമരം നടന്നു. കഴിഞ്ഞ മുപ്പതു വർഷമായി വർധിപ്പിക്കാത്ത ഹസാർഡ് ബോണസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഇനിയെങ്കിലും വർധിപ്പിച്ചു തരണം എന്നാവശ്യപ്പെട്ട് രാജ്യത്തെ നാല് യൂണിയനിൽ പെട്ട അഗ്നിശമന സേനാംഗങ്ങളായിരുന്നു സമരത്തിനിറങ്ങിയത്. 19 മുതൽ  25 ശതമാനം വരെ  വേതനവർദ്ധനവാണ് അവരുടെ ആവശ്യം. ആദ്യമൊക്കെ സമാധാനപൂർണമായിരുന്ന സമരം താമസിയാതെ അക്രമാസക്തമായി.

തങ്ങളുടെ ഫയർ പ്രൊട്ടക്ടീവ് യൂണിഫോമും ധരിച്ച് സമരത്തിനെത്തിയ അവരിൽ ചിലർ അതിനുമേൽ തീകൊളുത്തി. ആ തീയും കൊണ്ട് പോലീസിന്റെ ബാരിക്കേഡുകൾ തകർത്ത് മുന്നോട്ടു നീങ്ങാൻ ശ്രമിച്ച അഗ്നിശമന സേനാംഗങ്ങളെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചാണ് ഒടുവിൽ തീകെടുത്തി, തുരത്തിവിട്ടത്.

പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ പെൻഷൻ പരിഷ്കാരങ്ങളുടെ പേരിൽ അസ്വസ്ഥരായ തൊഴിലാളി യൂണിയനുകളെ സർക്കാരിനെതിരെ തിരിക്കാനുള്ള ശ്രമങ്ങൾ പ്രതിപക്ഷം തുടങ്ങിയതിന്റെ ലക്ഷണമാണ് തലസ്ഥാനത്തെ നിശ്ചലമാക്കിക്കൊണ്ടുള്ള ഏറ്റവും പുതിയ ഈ സമരങ്ങൾ.