സ്വയം നിയന്ത്രിത റോബോട്ട് വാലറ്റ് 'പാർക്കി', വാഹനങ്ങൾ കൃത്യമായി പാർക്ക് ചെയ്യുന്ന വീഡിയോ വൈറലാകുന്നു.
ദില്ലി: ഹാൻഡ് ബ്രേക്കിട്ട് ലോക്കാക്കി പോയ വാഹനം, പൊക്കിയെടുത്ത് ഒരിഞ്ച് മാറാതെ പാർക്ക് ചെയ്യുന്ന വിരുതൻ. ഇത്രയും കൃത്യമായ പാര്‍ക്കിങ് ഒരു മനുഷ്യനെക്കൊണ്ട് സാധ്യമായെന്ന് വരില്ല. പൂർണ്ണമായും സ്വയം നിയന്ത്രണ ശേഷിയുള്ള റോബോട്ട് വാലറ്റിന്റെ അതിശയകരമായ പ്രകടനമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സംഭവത്തിന്റെ വീഡിയോ ഓൺലൈനിൽ തരംഗമാവുകയും ചെയ്തു. അമ്പരപ്പോടെയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ വീഡിയോ കണ്ടതെന്ന് കമന്റുകളിൽ വ്യക്തം.
ദക്ഷിണ കൊറിയൻ കമ്പനിയായ എച്ച്എൽ മാൻഡോ വികസിപ്പിച്ചെടുത്ത 'പാർക്കി' (Parkie) എന്ന ഈ റോബോട്ട്, നഗരങ്ങളിലെ തിരക്കുള്ള പാർക്കിങ് സംവിധാനങ്ങളിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് ഉറപ്പാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. നൂതന സ്വയം നിയന്ത്രിതമായ വാലറ്റ് റോബോട്ടാണിത്. ലിഡാർ, റഡാർ, ഒപ്റ്റിക്കൽ സെൻസറുകൾ എന്നിവയുടെ സംയോജനത്തിലൂടെ ഇത് വാഹനങ്ങളെ കൃത്യമായി ഉയർത്തുകയും പാർക്ക് ചെയ്യുകയും ചെയ്യുന്നത്.
'പാർക്കി' വാഹനങ്ങളുടെ അടിയിലൂടെ നീങ്ങുകയും ചക്രങ്ങളിൽ പിടിച്ച് ഉയർത്തുകയും മനുഷ്യന്റെ ഇടപെടലില്ലാതെ ഇടുങ്ങിയ സ്ഥലങ്ങളിൽ പോലും വാഹനങ്ങളെ കൃത്യമായി പാർക്ക് ചെയ്യുകയും ചെയ്യുന്നു. വീഡിയോയുടെ ആധികാരികതയെക്കുറിച്ച് സംശയമുയർന്നപ്പോൾ, ഐ ടൂളായ ഗ്രോക്ക് (Grok) ഈ സാങ്കേതികവിദ്യ യഥാർത്ഥമാണെന്നും, 2024 മുതൽ ചൈനയിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും ഇത് വർഷങ്ങളായി നിലവിലുണ്ടെന്നും സ്ഥിരീകരിച്ചു.
ഒരു ജോഡി 'പാർക്കി' റോബോട്ടുകൾക്ക് ഏകദേശം 200,000 ഡോളർ (ഏകദേശം 1.6 കോടി രൂപ) ചിലവ് വരും, ഇത് പാർക്കിംഗ് സൗകര്യങ്ങൾക്ക് വലിയ നിക്ഷേപമാണെന്നാണ് വിലയിരുത്തൽ. എക്സിൽ പങ്കുവെച്ച 'പാർക്കി'യുടെ വീഡിയോ അതിൻ്റെ ഭാവി സാധ്യതകൾ കാരണം വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടത്. സാങ്കേതികവിദ്യ തങ്ങളുടെ നഗരങ്ങളിൽ എപ്പോഴെത്തും എന്ന് നിരവധി ഉപയോക്താക്കളുടെ ചോദ്യം.
'പാർക്കി'യുടെ പ്രധാന സവിശേഷതകൾ:
- ലെവൽ 4 സ്വയം നിയന്ത്രണം: നിയന്ത്രിത പരിതസ്ഥിതികളിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ 'പാർക്കി'ക്ക് കഴിയും.
- നൂതന സെൻസറുകൾ: തടസ്സങ്ങൾ കണ്ടെത്താനും നാവിഗേറ്റ് ചെയ്യാനും 'പാർക്കി'ക്ക് സാധിക്കുന്നു. ഇത് കൃത്യമായ പാർക്കിംഗ് ഉറപ്പാക്കും.
- സ്ഥല വിനിയോഗം: ഉയർന്ന നിലവാരമുള്ള ഗാരേജുകൾ, വിമാനത്താവളങ്ങൾ, വാണിജ്യ ഇടങ്ങൾ എന്നിവിടങ്ങളിൽ സ്ഥലം ഒപ്റ്റിമൈസ് ചെയ്യാൻ 'പാർക്കി' അനുയോജ്യം.
- ബഹുമുഖ സെൻസർ സംവിധാനം: പരിസ്ഥിതിയുടെ 3D മാപ്പുകൾ നിർമ്മിക്കാൻ ലിഡാർ സഹായിക്കുന്നു. എല്ലാ കാലാവസ്ഥകളിലും തടസ്സങ്ങൾ കണ്ടെത്താൻ റഡാർ ഉപയോഗിക്കുന്നു. തിരക്കേറിയതും വെളിച്ചം കുറഞ്ഞതുമായ ഗാരേജുകളിൽ പോലും സുരക്ഷിതമായ നാവിഗേഷൻ ഉറപ്പാക്കാൻ ഒപ്റ്റിക്കൽ സെൻസറുകൾ ഉപയോഗിച്ച് വസ്തുക്കളെ തിരിച്ചറിയുന്നു.
- നിരവധി യൂണിറ്റുകളുടെ ഏകോപനം: വലിയ സൗകര്യങ്ങളിൽ, ഒന്നിലധികം 'പാർക്കി' യൂണിറ്റുകൾക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്നതിനാൽ നിരവധി വാഹനങ്ങൾ കൈകാര്യം ചെയ്യാൻ കഴിയും. ഇത് വിമാനത്താവളങ്ങൾ, മാളുകൾ, ലക്ഷ്വറി ഹോട്ടലുകൾ എന്നിവിടങ്ങളിൽ വളരെ പ്രയോജനകരമാണ്.
2024-ലെ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്, നഗരവൽക്കരണവുംഎഐ, റോബോട്ടിക്സ് എന്നിവയിലെ മുന്നേറ്റങ്ങളും കാരണം ആഗോള ഓട്ടോമേറ്റഡ് പാർക്കിംഗ് വിപണി 2030 വരെ 15-20 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്നാണ്. അതുകൊണ്ടുതന്നെ ഈ സാങ്കേതികവിദ്യ ഭാവിയിൽ പാർക്കിംഗ് രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
