ദിവസവും മൂന്ന് വ്യത്യസ്ത വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ പോയി തന്റെ പേരും ജനനത്തീയതിയും ഹാജരാക്കിയാണ് ഇയാൾ വാക്സീൻ സ്വീകരിച്ചത്.

ബർലിൻ: 87 തവണ കൊവിഡ് വാക്സിൻ (Covid vaccine) സ്വീകരിച്ച 61 കാരനെ ജർമനിയിൽ അറസ്റ്റ് ചെയ്തു. ജർമൻ മാധ്യമങ്ങളാണ് സംഭവം റിപ്പോർട്ട് ചെയ്തത്. പണം നൽകിയാണ് ഇയാൾ വാക്സിനുകൾ സ്വീകരിച്ചത്. വാക്സിൻ വിരുദ്ധർ നൽകിയ പണം ഉപയോ​ഗിച്ചാണ് ഇയാൾ ഇത്രയധികം വാക്സിനേഷൻ സ്വീകരിച്ചതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സാക്‌സോണിയിലും മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും എത്തി ഇയാൾ കൊവിഡ് വാക്സീൻ സ്വീകരിച്ചു. ദിവസവും മൂന്ന് വ്യത്യസ്ത വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ പോയി തന്റെ പേരും ജനനത്തീയതിയും ഹാജരാക്കിയാണ് ഇയാൾ വാക്സീൻ സ്വീകരിച്ചത്.

വാക്‌സിനേഷൻ സംബന്ധിച്ച വിശദാംശങ്ങളുള്ള ആരോഗ്യ ഇൻഷുറൻസ് കാർഡ് ഇയാൾ കേന്ദ്രങ്ങളിൽ ഹാജരാക്കിയിരുന്നില്ലെന്നും പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സാക്സണി സ്റ്റേറ്റിൽ മാത്രം ഇയാൾ 87 തവണ വാക്സിനേഷൻ സ്വീകരിച്ചതായി പൊലീസ് പറഞ്ഞു. ഡ്രെസ്ഡനിലെ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകനാണ് ഇയാളെക്കുറിച്ച് സംശയം തോന്നിയത്. ഇയാൾ ലീപ്‌സിഗിലെ വാക്സിനേഷൻ സെന്ററിൽ പ്രവേശിച്ചപ്പോൾ ജീവനക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു. വാക്‌സിനേഷൻ പാസ്‌പോർട്ടുകൾ വിറ്റതിന് റെഡ് ക്രോസ് ഇയാൾക്കെതിരെ കുറ്റം ചുമത്തി. സാക്സണിയിലും മറ്റ് സംസ്ഥാനങ്ങളിലും ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചു.