യുക്രൈൻ സംഘർഷം റിപ്പോർട്ട് ചെയ്യുന്ന പാശ്ചാത്യ മാധ്യമങ്ങളുടെ വർണ്ണ - വംശ വിവേചനവും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുകയാണ്.
ദില്ലി: യുക്രൈൻ സംഘർഷം (Ukraine crisis ) റിപ്പോർട്ട് ചെയ്യുന്ന പാശ്ചാത്യ മാധ്യമങ്ങളുടെ (Western media ) വർണ്ണ - വംശ വിവേചനവും (Racism ) ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുകയാണ്. തൊലിയുടെ നിറവും, സംസാരിക്കുന്ന ഭാഷയും തങ്ങളെ മറ്റുള്ളവരെക്കാൾ മികച്ചവരാക്കുന്നുവെന്ന ബോധം മാധ്യമപ്രവർത്തകർ പോലും പൂർണ്ണമായി ഉപേക്ഷിച്ചിട്ടില്ലെന്നതിന്‍റെ കൂടി സാക്ഷ്യപത്രമാകുകയാണ് ഈ റിപ്പോർട്ടുകൾ.
ഇത് ഇറാഖും, അഫ്ഗാനിസ്ഥാനുമല്ല യൂറോപ്പാണെന്ന് ആശ്ചര്യപ്പെടുകയാണ് റിപ്പോർട്ടർ. സംസ്കാര സമ്പന്നമായ യൂറോപ്യൻ നഗരത്തിലാണ് ഈ കാഴ്ചകളെന്നത് അവരെ വേദനിപ്പിക്കുന്നു. യുദ്ധങ്ങൾ നശിപ്പിച്ച അഫ്ഗാനിസ്ഥാനും, ഇറാഖും അവിടുത്തെ ജനതയുമെല്ലാം യൂറോപ്പിലെ ജനത്തെക്കാൾ താഴെയാണെന്ന ബോധ്യമാണ് അറിയാതെ പുറത്ത് ചാടിയത്. ഈ പ്രസ്താവന നടത്തിയ റിപ്പോർട്ടർ പിന്നീട് ക്ഷമ ചോദിച്ചു. എന്നാൽ ഇത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല.
തീർന്നില്ല ഇനിയുമുണ്ട്, 2015ൽ സിറിയൻ അഭയാർത്ഥികളെ സ്വീകരിക്കാൻ മടിച്ച പോളണ്ട് ഇപ്പോൾ വാതിൽ തുറന്നത് എന്തെന്ന ചോദ്യത്തിന് എൻബിസിയുടെ റിപ്പോർട്ടറുടെ മറുപടി, വ്യക്തമായി പറഞ്ഞാൽ, ഇവർ സിറിയയിൽനിന്നുള്ള അഭയാർത്ഥികളല്ല, ഉക്രെയ്‌നിൽനിന്നുള്ള അഭയാർത്ഥികളാണ്... അവർ ക്രിസ്ത്യാനികളാണ്, അവർ വെളുത്തവരാണ്. അവർ നമ്മളോട് വളരെ സാമ്യമുള്ളവരാണ്' എന്നായിരുന്നു, അഭയാർത്ഥികളെ സ്വീകരിക്കുന്നതിൽ പോളണ്ട് അടക്കമുള്ള രാജ്യങ്ങളുടെ ഭാഗത്ത് നിന്ന് വംശീയ വേർതിരിവുണ്ടാകുന്നുവെന്ന വ്യാപക പരാതിയുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികളും സമാനമായ പരാതിയുയർത്തിയിരുന്നു.
യുദ്ധം ഒരു രാജ്യവും ആഗ്രഹിക്കുന്നില്ല, ഒരു ജനതയും അഭയാർത്ഥി ജീവിതം അർഹിക്കുന്നില്ല, തൊലിയുടെ നിറവും സംസാരിക്കുന്ന ഭാഷയും സംസ്കാരത്തിന്‍റെ അടയാളവുമല്ല. മറന്ന് പോകരുതാത്തവരാണ്, പ്രത്യേകിച്ച് മാധ്യമങ്ങളെന്നുമാണ് സോഷ്യൽ മീഡിയ ഓർമപ്പെടുത്തൽ.

