എഫ്‌ഐഎ റെയ്ഡിന് പിന്നാലെ ഒരു സംഘം ആളുകൾ അതിക്രമിച്ച് കയറി ലാപ്‌ടോപ്പുകളും മറ്റ് വിലപിടിപ്പുള്ള ഉപകരണങ്ങളും കവർന്നു.
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ വ്യാജ കോൾ സെന്‍ററിൽ നിന്ന് ഒരു സംഘം ആളുകൾ കമ്പ്യൂട്ടറുകളും ലാപ്‌ടോപ്പുകളും മറ്റ് ഉപകരണങ്ങളും കൊള്ളയടിക്കുന്ന വീഡിയോ പുറത്ത്. ഇസ്ലാമാബാദിൽ വിദേശ പൗരന്മാർ ഉൾപ്പെടെ ജോലി ചെയ്തിരുന്ന വ്യാജ കോൾ സെന്‍ററിലാണ് സംഭവം. കോൾ സെന്‍ററിൽ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്‌ഐഎ) റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ഒരു സംഘം അതിക്രമിച്ച് കയറിയത്.
ഇസ്ലാമാബാദിലെ സെക്ടർ എഫ്-11 ലെ കോൾ സെന്‍ററിലാണ് സംഭവം. കോൾ സെന്‍ററിന്‍റെ മറവിൽ രാജ്യാന്തര തലത്തിൽ സൈബർ തട്ടിപ്പ് നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എഫ്‌ഐഎ അന്വേഷണം നടത്തിയത്. വിദേശ പൗരന്മാർ ഉൾപ്പെടെ ഇരുപത്തിയഞ്ചോളം പേരെ അറസ്റ്റ് ചെയ്തെന്ന് ആജ് ഇംഗ്ലീഷ് എന്ന ചാനൽ റിപ്പോർട്ട് ചെയ്തു. റെയ്ഡിനിടെ നിരവധി പേർ രക്ഷപ്പെടുകയും ചെയ്തു.
റെയ്ഡിന് പിന്നാലെ ഒരുകൂട്ടം ആളുകൾ കോൾ സെന്‍ററിൽ അതിക്രമിച്ചു കയറി. ലാപ്‌ടോപ്പുകൾ, മോണിറ്ററുകൾ, കീ ബോർഡുകൾ തുടങ്ങിയ വിലപിടിപ്പുള്ള ഉപകരണങ്ങൾ കൊള്ളയടിച്ചു. തെളിവുകളായി കണ്ടുകെട്ടേണ്ടിയിരുന്ന വസ്തുക്കളാണ് ഇവർ ഇരച്ചുകയറി കൊണ്ടുപോയത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
റെയ്ഡിന് ശേഷം വേണ്ടത്ര സുരക്ഷ ഉറപ്പാക്കാതിരുന്നതിനാൽ രാജ്യാന്തര തലത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രധാന തെളിവുകൾ നഷ്ടമായതായി ആരോപണം ഉയർന്നു. എന്നാൽ ഇത് സംബന്ധിച്ച് എഫ്ഐഎ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
