ഹമാസിൻ്റെ സാമ്പത്തിക വിഭാഗം തലവൻ മുഹമ്മദ് അബു അൽവാനെ വധിച്ചതായി ഇസ്രായേൽ. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്സും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് അവകാശവാദം.
ടെൽ അവീവ്: തെക്കൻ ഗാസയിലെ ഖാൻ യൂനുസിൽ നടത്തിയ ആക്രമണത്തിൽ ഹമാസിൻ്റെ സാമ്പത്തിക വിഭാഗം തലവൻ മുഹമ്മദ് അബു അൽവാനെ വധിച്ചതായി ഇസ്രായേലിൻ്റെ അവകാശവാദം. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്സും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഇസ്രായേൽ ഡിഫൻസ് ഫോഴ്സും (ഐഡിഎഫ്) ഇസ്രായേലി സെക്യൂരിറ്റി ഏജൻസിയും (ഐഎസ്എ) സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് മുഹമ്മദ് അബു അൽവാനെ വധിച്ചതെന്നാണ് അവകാശവാദം.
ഖാൻ യൂനിസിൽ അൽപം മുമ്പ് നടന്ന കൃത്യമായ ഒരു ഓപ്പറേഷനിലൂടെ ഹമാസ് ഭീകര സംഘടനയുടെ സാമ്പത്തിക വിഭാഗം തലവൻ മുഹമ്മദ് അബു അൽവാനെ ഐഡിഎഫ് വധിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും സംയുക്ത പ്രസ്താവനയിൽ അവകാശപ്പെട്ടു. കൃത്യമായ ഓപ്പറേഷനും ശത്രുക്കളെ ഇല്ലാതാക്കാൻ നടത്തിയ ശക്തമായ നടപടിക്കും ഐഡിഎഫിനെയും ഐഎസ്എയെയും ഇരുവരും അഭിനന്ദിച്ചു.
ഹമാസ് കമാൻഡർമാരെയും പ്രവർത്തകരെയും കണ്ടെത്തുന്നത് തുടരുമെന്നും ഫണ്ടിങ് സ്രോതസ്സുകളെ ലക്ഷ്യം വെക്കുകയും ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുകയും ചെയ്യുമെന്നും പ്രസ്താവനയിൽ പറഞ്ഞു. ഹമാസിനെ ശക്തി വീണ്ടെടുക്കാൻ അനുവദിക്കില്ലെന്നും ഗാസയിൽ ഹമാസ് ഇല്ലാതാകുന്നതുവരെ തങ്ങൾ അവസാനിപ്പിക്കില്ലെന്നും ഇസ്രായേൽ വ്യക്തമാക്കി.
ഗാസയിലെ ഹമാസിന്റെ സാമ്പത്തിക അടിത്തറ തകർക്കുന്നതിലെ ഏറ്റവും വലിയ നീക്കങ്ങളിലൊന്നായാണ് അബു അൽവാന്റെ കൊലപാതകം വിലയിരുത്തപ്പെടുന്നതെന്നാണ് റിപ്പോർട്ട്. ഗാസയിൽ നിന്ന് ഡ്രോണുകളും ബലൂണുകളും പട്ടങ്ങളും പറത്തുന്നവർക്കെതിരെ ആക്രമണം ശക്തമാക്കുമെന്ന് കഴിഞ്ഞ മാസം നെതന്യാഹു ഹമാസിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കുട്ടികൾ പറത്തുന്ന പട്ടങ്ങളെപ്പോലും ഗാസയിലെ ആക്രമണം ശക്തമാക്കാനുള്ള ഒഴിവുകഴിവായി ഇസ്രായേൽ മാറ്റുകയാണെന്ന് ഹമാസ് ആരോപിച്ചു.


