നോവ സംഗീതോത്സവത്തിൽ ഹമാസ് നടത്തിയ ആക്രമണത്തെ അതിജീവിച്ച ഇസ്രായേലി യുവാവ് റോയ് ഷാലേവ് ആത്മഹത്യ ചെയ്തു. കാമുകിയും ഉറ്റ സുഹൃത്തും കൺമുന്നിൽ കൊല്ലപ്പെട്ടതിലുള്ള മാനസികാഘാതം താങ്ങാനാകാതെയാണ് 30കാരനായ യുവാവ് ജീവനൊടുക്കിയത്.
ടെൽ അവീവ്: നോവ സംഗീതോത്സവത്തിൽ ഹമാസ് നടത്തിയ കൂട്ടക്കൊലയെ അതിജീവിച്ച ഇസ്രായേലി യുവാവ്, കാമുകിയും ഉറ്റ സുഹൃത്തും കൊല്ലപ്പെട്ടതിലുള്ള ആഘാതം താങ്ങാനാകാതെ ആത്മഹത്യ ചെയ്തു. 2023 ഒക്‌ടോബറിലാണ് നോവ സംഗീതോത്സവത്തിൽ ഹമാസ് ആക്രമണം നടത്തിയത്. ദുരന്തത്തിന്‍റെ രണ്ടാം വാർഷികത്തിന് ദിവസങ്ങൾക്ക് ശേഷം, 30കാരനായ റോയ് ഷാലേവിനെ കത്തിക്കരിഞ്ഞ നിലയിൽ അദ്ദേഹത്തിന്‍റെ കാറിനുള്ളിൽ കണ്ടെത്തുകയായിരുന്നു. മരണത്തിന് മണിക്കൂറുകൾക്ക് മുൻപ്, തനിക്ക് ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് സൂചിപ്പിച്ചുകൊണ്ട് ഷാലേവ് ഓൺലൈനിൽ ഒരു സന്ദേശം പങ്കുവെച്ചിരുന്നു.
നോവയിലെ ഭീകരത
2023 ഒക്‌ടോബർ ഏഴിന് ഹമാസിന്‍റെ നേതൃത്വത്തിൽ ഗാസയിൽ നിന്ന് ഇസ്രായേലിലേക്ക് അതിക്രമിച്ചു കയറി നോവ ഓപ്പൺ എയർ സംഗീതോത്സവത്തിലും സമീപ പ്രദേശങ്ങളിലും നടത്തിയ ആക്രമണത്തിൽ 344 സാധാരണക്കാർ ഉൾപ്പെടെ 378 പേർ കൊല്ലപ്പെട്ടിരുന്നു. ഈ അപ്രതീക്ഷിത ആക്രമണമാണ് ഹമാസിനെതിരെ ഇസ്രായേൽ യുദ്ധം തുടങ്ങാൻ കാരണമായത്.
ഷാലേവിന്‍റെ അവസാന സന്ദേശം
ഹമാസ് ആക്രമണത്തിന്‍റെ രണ്ടാം വാർഷികത്തിന് മൂന്ന് ദിവസത്തിന് ശേഷം ഒക്‌ടോബർ 10നാണ് ഷാലേവ് സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചത്. ഇത് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ആശങ്കയുണ്ടാക്കി. "ദയവായി എന്നോട് ദേഷ്യപ്പെടരുത്. എന്നെ ആർക്കും ഒരിക്കലും മനസിലാകില്ല, അത് സാരമില്ല. കാരണം നിങ്ങൾക്ക് മനസിലാക്കാൻ കഴിയില്ല. എനിക്കിപ്പോൾ ഈ കഷ്ടപ്പാട് അവസാനിപ്പിച്ചാൽ മതി. ഞാൻ ജീവിച്ചിരിപ്പുണ്ട്, പക്ഷേ ഉള്ളിൽ എല്ലാം മരിച്ച നിലയിലാണ്" അദ്ദേഹം കുറിച്ചു. മണിക്കൂറുകൾക്ക് ശേഷം ടെൽ അവീവിൽ കത്തിക്കൊണ്ടിരിക്കുന്ന കാറിനുള്ളിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കുടുംബത്തിലെ ദുരന്തം
കൂട്ടക്കൊലയ്ക്ക് ദിവസങ്ങൾക്ക് ശേഷം ഷാലേവിന്‍റെ അമ്മയും സ്വന്തം കാറിന് തീയിട്ട് മരിച്ചിരുന്നു എന്നുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ഷാലേവിന്‍റെ കാമുകി മാപൽ ആദവുമായി ഇവർ വളരെ അടുപ്പം പുലർത്തിയിരുന്നു. കൂട്ടക്കൊല നടന്ന ദിവസം, ഷാലേവും കാമുകി മാപൽ ആദമും ഉറ്റസുഹൃത്ത് ഹില്ലി സോളമനും ഹമാസുകാർ ഉത്സവസ്ഥലത്തേക്ക് ഇരച്ചുകയറിയപ്പോൾ ഒരു കാറിനടിയിൽ ഒളിക്കാൻ ശ്രമിച്ചിരുന്നു. ഷാലേവ് മാപലിന്‍റെ മുകളിൽ കിടക്കുകയും മണിക്കൂറുകളോളം മരിച്ചതായി നടിക്കുകയും ചെയ്തു. എന്നാൽ, രണ്ട് പേർക്കും വെടിയേറ്റു, മാപൽ ആദം തൽക്ഷണം മരിക്കുകയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


