കണ്ണൂർ കുപ്പോളിൽ വീടിന് സമീപം വലയിൽ കുടുങ്ങിയ ചേരയെ രക്ഷപ്പെടുത്തി. റെസ്ക്യു ടീമിനെ കിട്ടാതെ വന്നപ്പോൾ, ഏഴാം ക്ലാസ് വിദ്യാർത്ഥിയായ റിഹാൻ്റെ നിർദ്ദേശപ്രകാരം ഫയർ ഫോഴ്സിനെ വിളിക്കുകയും, അവർ വിദ്യാർത്ഥിയുടെ സഹായത്തോടെ പാമ്പിനെ രക്ഷിക്കുകയും ചെയ്തു.
കണ്ണൂർ: കുപ്പോളിൽ വീടിന് സമീപം വലയിൽ കുടുങ്ങിയ ചേരയെ രക്ഷിച്ചു. ഇന്ന് രാവിലെയാണ് സംഭവം. വലയിൽ കുടുങ്ങിയ ഒരു വലിയ ചേര പാമ്പിന്‍റെ ദൈന്യത കണ്ട് അതിനെ രക്ഷിക്കാൻ അവിടെ കൂടിയ പലരും പല അഭിപ്രായങ്ങൾ പറഞ്ഞു. റെസ്ക്യു ടീമിനെ വിളിച്ചെങ്കിലും കിട്ടിയില്ല. അവസാനം പെരിങ്ങോം കേന്ദ്രീയ വിദ്യാലയം ഏഴാം ക്ലാസ് വിദ്യാർഥിയായ റിഹാൻ ആണ് ഫയർ ഫോഴ്സിനെ വിളിക്കാം എന്ന് ആശയം പങ്കുവെച്ചത്. ഫയർ ഫോഴ്സിനെ വിളിക്കുകയും ചെയ്തു വിളി പുറത്ത് പെരിങ്ങോം ഫയർഫോഴ്സ് പറന്നെത്തുകയും ചെയ്തു. അവരുടെ കൂടെ റിഹാനും കൂടി പാമ്പിനെ വലയിൽ നിന്നും രക്ഷിച്ചു.
അതേസമയം, കൊല്ലം നിലമേലിൽ 100 കിലോയിലധികം ഭാരമുള്ള ഭീമൻ പെരുമ്പാമ്പിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. 14 അടി നീളമുണ്ടായിരുന്ന പെരുമ്പാമ്പിനെ പരുത്തിപ്പള്ളി ആർആർടി അംഗം റോഷ്‌നിയാണ് സാഹസികമായി പിടികൂടിയത്. നിലമേൽ സ്വദേശിയായ മണിയന്റെ പറമ്പിലാണ് നാട്ടുകാർ ആദ്യം പാമ്പിനെ കണ്ടെത്തിയത്. ഉടൻ തന്നെ ഇവർ പരുത്തിപ്പള്ളി റേഞ്ച് ഓഫീസിൽ വിവരമറിയിച്ചു. നൂറ് കിലോയിലധികം ഭാരവും വലിപ്പവുമുള്ളതിനാൽ പാമ്പിനെ റെസ്‌ക്യു ബാഗിലേക്ക് മാറ്റുന്നത് ശ്രമകരമായിരുന്നു. ഒടുവിൽ, രണ്ടുപേർ ചേർന്നാണ് പാമ്പിനെ ഏറെ പ്രയാസപ്പെട്ട് പിടികൂടി വാഹനത്തിൽ കയറ്റിയത്. പിടികൂടിയ പെരുമ്പാമ്പിനെ പിന്നീട് വനംവകുപ്പ് കൊണ്ടുപോയി.


