2023 ഒക്ടോബർ 7 ന് പിടികൂടിയ ഇവരെ 477 ദിവസത്തിന് ശേഷമാണ് മോചിപ്പിച്ചത്
ജറുസലേം: വെടിനിർത്തൽ കരാറിന്‍റെ ഭാഗമായി ഹമാസും ഇസ്രയേലും ബന്ദികളെ കൈമാറുന്നത് ഊർജ്ജിതമാക്കിയതോടെ ലോകത്തിനും ഗാസയ്ക്കും സമാധാനവും ആശ്വാസവും വർധിക്കുകയാണ്. ഹമാസ് പിടികൂടിയ നാല് വനിതാ ഇസ്രയേല്‍ സൈനികരെ മോചിപ്പിച്ച് കൈമാറിയെന്നത് ഇന്ന് ലോകത്തിനാകെ സന്തോഷമുള്ള വാർത്തയായി.
കരീന അരിയേവ്, ഡാനിയേല ഗില്‍ബോവ, നാമ ലെവി, ലിറി ആല്‍ബഗ് എന്നിവരെയാണ് കൈമാറിയത്. 2023 ഒക്ടോബർ 7 ന് പിടികൂടിയ ഇവരെ 477 ദിവസത്തിന് ശേഷമാണ് മോചിപ്പിച്ചത്. സൈനിക യൂണിഫോമുകളും തടവുകാര്‍ നല്‍കിയ ബാഗുകളും ധരിച്ചാണ് നാല് പേരും എത്തിയത്. വലിയ സ്വീകരണമാണ് ഈ 4 ധീര വനിതകൾക്കും ലഭിച്ചത്. ഇതിന്‍റെ വീഡിയോ വൈറലായിട്ടുണ്ട്.
അതേസമയം ഇരുന്നൂറ് പലസ്തീനി തടവുകാരെ മോചിപ്പിച്ചതായി ഇസ്രയേലും അറിയിച്ചു. ഗാസ വെടിനിർത്തിൽ കരാറിന്റെ ഭാഗമായാണ് തടവുകാരെ ഇസ്രയേൽ മോചിപ്പിച്ചത്. ഇന്ന് ഹമാസും നാല് ഇസ്രയേൽ ബന്ദികളെ മോചിപ്പിച്ചിരുന്നു. ഗാസയിലെ 15 മാസത്തെ യുദ്ധം അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം തടവുകാരെയും വിട്ടയയ്ക്കൽ തുടരും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ ഹമാസ് ബന്ദിയാക്കിയ ഇസ്രയേലി സിവിലിയൻ അർബെൽ യെഹൂദിനെ ഇനിയും മോചിപ്പിക്കാത്തതിൽ പ്രതിഷേധം വ്യക്തമാക്കി ഇസ്രയേൽ രംഗത്തെത്തി. നാലു ബന്ദികളെ മോചിപ്പിച്ചെങ്കിലും അക്കൂട്ടത്തിൽ അർബെൽ യഹൂദ് ഇല്ലാത്തതാണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്. ഇതോടെ വീണ്ടും കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ് ഇസ്രയേൽ. അർബെൽ യഹൂദിനെ മോചിപ്പിക്കാതെ പലസ്തീനികളെ മടങ്ങാൻ അനുവദിക്കില്ല എന്നാണ് ഇസ്രയേൽ പറയുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തി. ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അര്‍ബെല്‍ യെഹൂദിയെ കൂടി മോചിപ്പിക്കാതെ പലസ്തീനികളെ വടക്കന്‍ ഗാസയിലേക്ക് തിരികെ പോകാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കുടിയിറക്കപ്പെട്ട ആയിരക്കണക്കിന് പലസ്തീനികൾ ഗാസ മുനമ്പിന്‍റെ വടക്ക് ഭാഗത്തുള്ള അവരുടെ വീടുകളിലേക്ക് മടങ്ങുന്നത് ഇസ്രയേൽ സൈന്യം അതിർത്തിയിൽ തടഞ്ഞിരിക്കുകയാണ്.
