Asianet News MalayalamAsianet News Malayalam

ജോർജ് ഫ്ലോയ്ഡിൻ്റെ കൊലപാതകം: ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയറാലിക്ക് സാക്ഷ്യം വഹിച്ച് വാഷിംഗ്ടൺ

വൈറ്റ്ഹൗസിന് സമീപം കാപിറ്റോളിലും ലിങ്കൺ സ്മാരകത്തിലും ലഫായെത്ത് പാർക്കിലും ഒത്തുകൂടിയ പ്രതിഷേധക്കാരെ വാഷിംഗ്ടൺ മേയർ സ്വാഗതം ചെയ്തു.

Historical rally in wahsington in protest of the death of george floyd
Author
Washington D.C., First Published Jun 7, 2020, 9:39 AM IST

വാഷിം​ഗ്ടൺ: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ റാലിക്ക് വേദിയായി തലസ്ഥാനമായ വാഷിംഗ്ടൺ. ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്ത റാലി, വൈറ്റ്ഹൗസിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥ‌ർ തടഞ്ഞു. ഫ്ലോയ്ഡിന്റെ ജന്മനാടായ കലിഫോ‌ർണിയയിലും നിരവധി പേർ ഒത്തുകൂടി.

എനിക്ക് ശ്വാസം മുട്ടുന്നു എന്ന ഫ്ലോയിഡിന്റെ അവസാന വാക്കുകൾ ഏറ്റെടുത്ത് തുടരെ പന്ത്രണ്ടാം നാളിലും അമേരിക്കയിൽ പ്രക്ഷോഭം തുടരുകയാണ്. വർണ വെറിക്കും വിവേചനത്തിനും എതിരായ പ്രതിഷേധം രാജ്യമെങ്ങും വ്യാപിച്ച് കഴിഞ്ഞു. തലസ്ഥാനമായ വാഷിംഗ്ടൺ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ സമരത്തിനാണ് സാക്ഷ്യം വഹിച്ചത്. പൊലീസ് നടപടിക്കെതിരെ പതിനായിരക്കണക്കിനാളുകളാണ് വൈറ്റ്ഹൈസിലേക്ക് പ്രഖ്യാപിച്ച മാർച്ചിൽ അണിനിരന്നത്.

വൈറ്റ്ഹൗസിന് സമീപം കാപിറ്റോളിലും ലിങ്കൺ സ്മാരകത്തിലും ലഫായെത്ത് പാർക്കിലും ഒത്തുകൂടിയ പ്രതിഷേധക്കാരെ വാഷിംഗ്ടൺ മേയർ സ്വാഗതം ചെയ്തു. ട്രംപിനുള്ള വ്യക്തമായ സന്ദേശമാണ് ഈ ജനകീയ കൂട്ടായ്മ നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വൈറ്റ്ഹൗസിന് സമീപം ബാരിക്കേഡുകൾ തീർത്താണ് സുരക്ഷാ ഉദ്യോഗസ്ഥ‌ർ പ്രതിഷേധക്കാരെ തടഞ്ഞത്.

കാലിഫോ‌ർണിയ ഉൾപ്പെടെ മറ്റ് അമേരിക്കൻ നഗരങ്ങളിലും പ്രതിഷേധക്കാർ ഇരമ്പി. ഫ്ലോയ്ഡിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും ട്രംപിനെ വിമർശിച്ചും നിരവധി പ്രമുഖർ ഇന്നലെയും രംഗത്തെത്തി. വംശവെറിക്കെതിരെ ഓസ്ട്രേലിയയിലും ജർമനിയിലും പ്രതിഷേധക്കാർ തെരുവിൽ ഇറങ്ങി. ഹാംബർഗിൽ പ്രതിഷേധക്കാർക്ക് നേരെ ജർമൻ പൊലീസ് കുരുമുളക് സ്പ്രേ പ്രയോഗിച്ചു

Follow Us:
Download App:
  • android
  • ios