സൗദിയിൽ വീണ്ടും ഹൂതി ആക്രമണം. തകർന്ന മിസൈലിന്റെ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ച് ഒരാൾക്ക് പരിക്കേറ്റതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. അസീർ പ്രവിശ്യയിലെ അഹദ് റഫീദ ഗവർണറേറ്റിലാണ് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചത്.

റിയാദ്: സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിൽ ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തു. എന്നാൽ, തകർന്ന മിസൈലിന്റെ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ച് ഒരാൾക്ക് പരിക്കേറ്റതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു.

അസീർ പ്രവിശ്യയിലെ അഹദ് റഫീദ ഗവർണറേറ്റിലാണ് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചത്. വെള്ളിയാഴ്ച യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ തൊടുത്തുവിട്ട മിസൈലാണ് സഖ്യസേന വിജയകരമായി തടഞ്ഞത്. പരിക്കേറ്റയാൾക്ക് ആവശ്യമായ വൈദ്യസഹായം നൽകിയതായി സൗദി പ്രസ് ഏജൻസി വ്യക്തമാക്കി. മേഖലയിലെ അതിർത്തി പ്രദേശങ്ങൾ ലക്ഷ്യമാക്കി ഹൂതികൾ നടത്തുന്ന ആക്രമണ ശ്രമങ്ങൾക്കെതിരെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശക്തമായി നിലകൊള്ളുന്നുണ്ടെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

മദീനയിലെ പവർ സ്റ്റേഷന് നേരെ ഹൂതി ഡ്രോൺ ആക്രമണം

സൗദി അറേബ്യയിലെ മദീനയിലുള്ള തൈബ സിവിലിയൻ വൈദ്യുതി വിതരണ കേന്ദ്രത്തിന് നേരെ ഹൂതി ഭീകരരുടെ ഡ്രോൺ ആക്രമണം നടന്നതായി സഖ്യസേന അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച (സെപ്റ്റംബർ 29) പുലർച്ചെ 5:11 നാണ് ആക്രമണമുണ്ടായത്. സംഭവസ്ഥലത്തുനിന്ന് ലഭിച്ച ഡ്രോണിന്റെ അവശിഷ്ടങ്ങളും ശാസ്ത്രീയ തെളിവുകളും പരിശോധിച്ചതിൽ നിന്ന് ആക്രമണത്തിന് പിന്നിൽ ഹൂതി മിലിഷ്യയാണെന്ന് സ്ഥിരീകരിച്ചതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി വ്യക്തമാക്കി.

ആക്രമണത്തിൽ സ്റ്റേഷനിലെ ഒരു പവർ ട്രാൻസ്ഫോർമറിന് തകരാർ സംഭവിച്ച് പ്രവർത്തനം നിലച്ചെങ്കിലും, നഗരത്തിലെ വൈദ്യുതി വിതരണ ശൃംഖലയെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. മദീനയിലെ മസ്ജിദുന്നബവിയിലേക്ക് (പ്രവാചകന്റെ മസ്ജിദ്) ഉൾപ്പെടെ വൈദ്യുതി നൽകുന്ന കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്.