എബോള രോഗത്തിന്റെ ഉറവിട കേന്ദ്രമായി കരുതുന്ന കോംഗോയിലെ മോങ്ബ്വാലു പട്ടണത്തിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്നലെ ഒരാഘോഷം നടന്നു.
ലോകമെങ്ങും ആശങ്ക പടര്‍ത്തി പടര്‍ന്നുപിടിച്ച ഇത്തവണത്തെ എബോള രോഗത്തിന്റെ ഉറവിട കേന്ദ്രമായി കരുതുന്ന കോംഗോയിലെ മോങ്ബ്വാലു പട്ടണത്തിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്നലെ ഒരാഘോഷം നടന്നു. വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാതെ, ആളുകള്‍ പിടഞ്ഞുമരിക്കുന്ന ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പാട്ടുകള്‍ പാടി ആഘോഷിച്ചത് മരണത്തെ തോല്‍പ്പിച്ച് ഒരു എബോള രോഗി അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നതിനെ തുടര്‍ന്നാണ്. ആശുപത്രിയിലേക്ക് വന്നവരെല്ലാം മരിച്ചിട്ടാണ് മടങ്ങിപ്പോവുന്നതെന്ന നാട്ടുകാരുടെ പഴികള്‍ക്കിടയിലാണ് 49-കാരനായ ഒരു കര്‍ഷകന്‍ രോഗം മാറി തിരിച്ച് ആശുപത്രിയുടെ പടികള്‍ ഇറങ്ങിയത്.
ഡാനിയല്‍ കിറ്റാംബാല എന്ന രോഗിയാണ് രോഗം ഭേദമായി തിരിച്ച് വീട്ടിലേക്ക് പോയത്. മൂന്നാഴ്ചത്തെ കഠിനമായ ചികിത്സയ്‌ക്കൊടുവില്‍ രണ്ട് എബോള പരിശോധനകളും നെഗറ്റീവ് ആയതോടെയാണ് ഡാനിയലിന് രോഗമുക്തി സ്ഥിരീകരിച്ചത്. 'ഇവിടെ വരുമ്പോള്‍ എനിക്ക് കടുത്ത അസുഖമായിരുന്നു. ദൈവത്തിന് നന്ദി, ഞാനിപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്'-വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഡാനിയല്‍ പറഞ്ഞു. രോഗബാധിതനായ ഒരാളെ സന്ദര്‍ശിച്ചതിലൂടെയാണ് തനിക്ക് രോഗം പടര്‍ന്നതെന്ന് ഡാനിയല്‍ ഓര്‍ക്കുന്നു. തുടക്കത്തില്‍ പരമ്പരാഗത വൈദ്യം പരീക്ഷിച്ചെങ്കിലും നില വഷളായതോടെ ആശുപത്രിയെ അഭയം പ്രാപിക്കുകയായിരുന്നു.

ഡാനിയല്‍ കിറ്റാംബാല
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ പടര്‍ന്നുപിടിച്ച മാരകമായ എബോള വൈറസ് ബാധ ഈ നാടിനെയാകെ കാര്‍ന്നുതിന്നുകയാണ്. ആവശ്യത്തിന് സൗകര്യങ്ങളില്ലാത്ത ആശുപത്രികളും ആശുപത്രികളെ സംശയിക്കുന്ന നാട്ടുകാരും ചികില്‍സ എടുക്കാനുള്ള സമൂഹത്തിന്റെ താല്‍പ്പര്യക്കുറവും എല്ലാം ചേര്‍ന്നാണ് ഈ അവസ്ഥ സൃഷ്ടിച്ചത്.
ഇതുവരെ 140-ലധികം ആളുകളാണ് ഇറ്റൂരി പ്രവിശ്യയില്‍ എബോളയുടെ അപൂര്‍വ ഇനമായ 'ബുന്ദിബുഗ്യോ' (Bundibugyo) ബാധിച്ച് മരിച്ചത്. ഇവിടത്തെ എബോള ചികില്‍സയുടെ പ്രധാന കേന്ദ്രം മോങ്ബ്വാലുവിലെ സര്‍ക്കാര്‍ ആശുപത്രി ആയിരുന്നു. ഇവിടുത്തെ ഡോക്ടര്‍മാരുടെ യഥാര്‍ത്ഥ പോരാട്ടം വൈറസിനോട് മാത്രമായിരുന്നില്ല, ജനങ്ങള്‍ക്കിടയിലെ അന്ധവിശ്വാസങ്ങളോടും വ്യാജപ്രചാരണങ്ങളോടും കൂടിയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ബുനിയയില്‍ നിന്നും കൊണ്ടുവന്ന ഒരു ശവപ്പെട്ടി വഴിയില്‍ വെച്ച് പൊട്ടുകയും, അത് പിന്നീട് കത്തിക്കുകയും ചെയ്തിരുന്നു. ഈ ശവപ്പെട്ടി കത്തിച്ചതിലുള്ള ശാപമാണ് രോഗമായി ആളുകള്‍ മരിക്കാന്‍ കാരണമെന്നാണ് നാട്ടുകാരുടെ വിശ്വാസം. ആശുപത്രികളാണ് രോഗം പരത്തുന്നതെന്നും ഇവിടത്തുകാര്‍ വിശ്വസിക്കുന്നു. അതിനാല്‍ മെയ് 21-ന് മോങ്ബ്വാലു ആശുപത്രിയിലെ എബോള ചികിത്സാ ടെന്റ് ജനങ്ങള്‍ തീയിട്ടു നശിപ്പിച്ചിരുന്നു. എബോള രോഗത്തിന് ചികില്‍സ ആരംഭിച്ചതു മുതല്‍ ഇവിടത്തുകാര്‍ ആശുപത്രിയില്‍ അതിനെതിരെ പ്രക്ഷോഭം നടത്തിയിരുന്നു. ഒരു തവണ ആശുപത്രി ആക്രമിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസിന് വെടിവെക്കേണ്ടി വന്നിരുന്നു.
ഇവിടെനിന്നും രോഗം ഭേദമായി മടങ്ങുന്ന രണ്ടാമത്തെ ആളാണ് ഡാനിയേല്‍. പാസ്റ്റര്‍ ഡിയോഗ്രാറ്റിയാസ് കാസെറേക്ക എന്ന വൈദികനായിരുന്നു ആദ്യം രോഗമുക്തി നേടിയത്. ഡാനിയലും കൂടി ജീവിതത്തിലേക്ക് മടങ്ങിയെത്തിയത് ജനങ്ങളുടെ ഭയമകറ്റാന്‍ സഹായിക്കുമെന്ന് ആശുപത്രി അധികൃതര്‍ വിശ്വസിക്കുന്നു. 'ആദ്യത്തെ രോഗി സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയതുമുതല്‍ സമൂഹത്തില്‍ വലിയ മാറ്റം കാണുന്നുണ്ട്. ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ ചികിത്സ തേടി ഇങ്ങോട്ട് വരുന്നുണ്ട്.'-ആശുപത്രിയിലെ മെഡിക്കല്‍ ഡയരക്ടര്‍ ഡോ. റിച്ചാര്‍ഡ് ലൊകോഡു പറയുന്നു.
ആരോഗ്യപ്രവര്‍ത്തകര്‍ തന്നെയാണ് ഈ പോരാട്ടത്തില്‍ ഏറ്റവും വലിയ വില നല്‍കുന്നത്. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ ഇതിനകം രോഗം ബാധിച്ച് മരണപ്പെട്ടു. പലരും ഇപ്പോഴും ചികിത്സയിലാണ്. രണ്ടാഴ്ച മുമ്പ് മോങ്ബ്വാലുവില്‍ പുതിയ ലാബ് സജ്ജമാക്കിയതോടെ പരിശോധനാ ഫലങ്ങള്‍ ഒരു ദിവസത്തിനകം ലഭിക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടിയിട്ടുണ്ട്. നേരത്തെ പരിശോധനകള്‍ നടന്നിരുന്ന് പ്രവിശ്യാ തലസ്ഥാനത്തെ ആശുപത്രിയിലായിരുന്നു. റിസല്‍റ്റ് വന്നാലും അത് ഇവിടെ എത്താന്‍ നാലു ദിവസം എടുത്തിരുന്നു. മിക്കവാറും ഈ കാലതാമസത്തിനുള്ളില്‍ രോഗികള്‍ അവശനിലയിലാവുകയോ മരിക്കുകയോ ആയിരുന്നു. ഈ കാലതാമസം അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഇവിടെ പുതിയ ലാബ് സ്ഥാപിച്ചത്.
രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഓരോ വ്യക്തിയെയും കണ്ടെത്തി നിരീക്ഷിച്ചാല്‍ മാത്രമേ വൈറസ് വ്യാപനം പൂര്‍ണ്ണമായി തടയാന്‍ സാധിക്കൂ എന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍, ഇപ്പോഴും സമ്പര്‍ക്കപ്പട്ടികകള്‍ അപൂര്‍ണ്ണമാണ്. എങ്കിലും, മരണത്തിന്റെ കണക്കുകള്‍ക്കിടയിലും ഓരോ രോഗമുക്തിയും കോംഗോയ്ക്ക് നല്‍കുന്നത് അതിജീവനത്തിന്റെ വലിയൊരു സന്ദേശമാണ്.


