ഹോർമൂസ് കടലിടുക്കിനെ ഒഴിവാക്കി ഫുജൈറ തുറമുഖത്തേക്ക് എണ്ണ എത്തിക്കുന്ന പൈപ്പ് ലൈനിന്റെ ശേഷി യുഎഇ ഇരട്ടിയാക്കുന്നു.
ഹോർമൂസ് ഒഴിവാക്കി ഫുജൈറ തുറമുഖത്തേക്കുള്ള എണ്ണ പൈപ്പ് ലൈൻ ശേഷി ഇരട്ടിയാക്കുന്ന യുഎഇയുടെ പ്രവർത്തനം അടുത്ത വർഷത്തോടെ പൂർത്തിയാകുമെന്നാണ് യുഎഇയുടെ പ്രഖ്യാപനം. ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിലുൾപ്പടെ നിർണായകമാവുന്നതാണ് യുഎഇയുടെ നീക്കം. പ്രതിദിനം പതിനഞ്ച് ലക്ഷം എണ്ണ എത്തിക്കാൻ ശേഷിയുള്ളതാണ് പൈപ്പ് ലൈൻ.

ഹബ്ഷാൻ എണ്ണപ്പാടത്തു നിന്ന് ഫുജൈറയിലേക്കുള്ള എണ്ണ പൈപ്പ് ലൈൻ ഫുജൈറ തുറമുഖത്തെത്തുന്നതോടെ ഒമാൻ കടൽ വഴി കയറ്റുമതിക്ക് തടസ്സങ്ങളില്ല. ഹോർമൂസിനെ ആശ്രയിക്കേണ്ടതില്ലെന്നതാണ് തന്ത്രപരമായ പ്രാധാന്യം. നിലവിലെ കരാറുകളനുസരിച്ച് ഇന്ത്യയിലേക്ക് നല്ലൊരു പങ്ക് കയറ്റുമതി എത്തും. ഇന്ത്യിൽ നിലവിലുള്ളതിന് പുറമെ മൂന്നു കോടി ബാരൽ പെട്രോളിയം സംഭരണത്തിന് കരാറിലെത്തിക്കഴിഞ്ഞു. ഇന്ത്യയുടെ സ്ട്രാറ്റജിക് പെട്രോളിയം ലിമിറ്റഡും അഡനോക്കും തമ്മിലാണ് കരാർ. അടിയന്തര ഘട്ടങ്ങളിൽ ഇന്ത്യയ്ക്ക് വിനിയോഗിക്കാം.
2008ൽ നിർമ്മാണം തുടങ്ങിയ 48 ഇഞ്ച് കൂറ്റൻ പൈപ്പ് ലൈൻ 360 കിലോമീറ്റർ നീളമുണ്ട്. പ്രതിദിനം പതിനഞ്ചു ലക്ഷം ബാരൽ എണ്ണ പമ്പ് ചെയ്യാൻ ശേഷിയുണ്ട്. ഒപെക് വിട്ട ശേഷം എണ്ണ ഉൽപ്പാദനം പ്രതിദിനം അൻപത് ലക്ഷം ബാരൽ പ്രതിദിനം ആക്കാനാണ് യുഎഇയുടെ പദ്ധതി. ഊർജ്ജ സുരക്ഷയിൽ ഇന്ത്യയ്ക്ക് കൂടി മുതൽക്കൂട്ടാകുന്ന പ്രവർത്തനങ്ങളാണ് യുഎഇയിൽ പുരോഗമിക്കുന്നതെന്ന് ചുരുക്കം. പെട്രോളിയം സംഭരണത്തിന് പുറമെ ദീർഘകാലത്തേക്ക് എൽഎൻജി, എൽപിജി വിതരണത്തിനും തന്ത്രപ്രധാന സഹകരണത്തിനാണ് ഇന്ത്യയും യുഎിയും തീരുമാനിച്ചിരിക്കുന്നത്.


