കാന്‍ബറ: പുഴയില്‍ നിന്ന് മീന്‍പിടിക്കുന്നത് പലര്‍ക്കും ഹോബി ആയിരിക്കും. പിടിച്ചുകിട്ടിയ മീനിനെ കറി വച്ചോ ചുട്ടോ തിന്നുന്നതും ഒരു ആഘോഷമാണ് അവര്‍ക്ക്. എന്നാല്‍ കുറേ നേരത്തെ കാത്തിരിപ്പിനൊടുവില്‍ താന്‍ പിടിച്ച മീന്‍ കണ്‍മുന്നില്‍ വച്ച് മറ്റൊരാള്‍ തട്ടിയെടുത്താലോ. ദേഷ്യം സഹിക്കില്ല, ചിലപ്പോള്‍ ആക്രമിച്ചെന്നും വരാം അല്ലേ ! എന്നാല്‍ ഇവിടെ  മീന്‍ തട്ടിയെടുത്തത് അത്രപ്പെട്ടന്നൊന്നും കീഴടങ്ങാത്ത ആളാണ്. അതൊരു മുതലയാണ് !

ഓസ്ട്രേലിയയിലെ ഒരു നദിരക്കരയിലാണ് സംഭവം. മീന്‍ പിടിക്കുന്ന രണ്ട് പേര്‍ കിട്ടിയ മീനുമായി സന്തോഷത്തോടെ മടങ്ങുന്നതിനിടെയാണ് മുതല നദിയില്‍ നിന്ന് കരയിലേക്ക് ഇഴഞ്ഞെത്തിയത്. മീനിനെ കണ്ടതും ചൂണ്ടയില്‍ നിന്ന് കടിച്ചെടുത്ത് വായിലാക്കി. ടൂറിസം ടോപ്പ് എന്‍റ് എന്ന ഫേസ്ബുക്ക് പേജാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. കകടു നാഷണല്‍ പാര്‍ക്കിലൂടെ ഒഴുകുന്ന കാഹില്‍സിലാണ് സംഭവമെന്നാണ് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.