ചരിത്ര പ്രധാനമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ വിദേശികളായിരുന്നു ബസിലെ യാത്രികരില്‍ ഏറിയ പങ്കും. ഇലക്ട്രിക് ബാറ്ററികും മീഥേന്‍ ഗ്യാസും ഉപയോഗിച്ചുള്ള ഹൈബ്രിഡ് വാഹനമാണ് അപകടത്തില്‍പ്പെട്ടത്

വെനീസ്: വിനോദ സഞ്ചാരികളുമായി പോയ ബസ് പാലത്തില്‍ നിന്ന് താഴേയ്ക്ക് പതിച്ച് തീ പിടിച്ചതിന് പിന്നാലെ 21 പേര്‍ക്ക് ദാരുണാന്ത്യം. വെനീസിലുണ്ടായ അപകടത്തിലാണ് കുട്ടികളും സ്ത്രീകളും അടക്കം 21 പേര്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. പാലത്തിലുണ്ടായിരുന്ന ബാരിയറില്‍ ഇടിച്ച ബസ് 50 അടി താഴ്ചയിലുണ്ടായിരുന്ന റെയില്‍വേ ട്രാക്കിലേക്ക് പതിക്കുകയായിരുന്നു. മെസ്ട്രേ എന്ന സ്ഥലത്തെ വെനീസുമായി ബന്ധിപ്പിക്കുന്ന പാലത്തില്‍ നിന്നുമാണ് സഞ്ചാരികളുമായി പോയ ബസ് കൂപ്പുകുത്തിയത്.

അഞ്ച് യുക്രൈന്‍ സ്വദേശികള്‍, ഒരു ജര്‍മന്‍ സ്വദേശി, ഇറ്റലിക്കാരനായ ഡ്രൈവര്‍ എന്നിവരെയാണ് നിലവില്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളത്. വലിയ ദുരന്തമെന്നാണ് അപകടത്തെക്കുറിച്ച് വെനീസ് മേയര്‍ പ്രതികരിച്ചത്. മൂന്ന് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ അന്തര്‍ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. പരിക്കേറ്റ പതിനഞ്ച് പേരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. മുപ്പത്തിയൊന്‍പതുപേരായിരുന്നു വാഹനത്തിലെ സഞ്ചാരികള്‍. ചൊവ്വാഴ്ച രാത്രിയാണ് ബസ് അപകടത്തില്‍പ്പെട്ടത്. വെനീസിലേയും സമീപ സ്ഥലങ്ങളിലേയും ചരിത്ര പ്രധാനമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ വിദേശികളായിരുന്നു ബസിലെ യാത്രികരില്‍ ഏറിയ പങ്കും. ഇലക്ട്രിക് ബാറ്ററികും മീഥേന്‍ ഗ്യാസും ഉപയോഗിച്ചുള്ള ഹൈബ്രിഡ് വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

പാലത്തില്‍ നിന്നുള്ള വീഴ്ചയില്‍ ബസിന്റെ ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചതാണ് അഗ്നിബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക വിവരം. ഇതിനെ ബാറ്ററികളും പൊട്ടിത്തെറിച്ചതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാവുകയായിരുന്നു. എന്നാല്‍ മെറ്റല്‍ ബാരിയര്‍ ഉണ്ടായിരുന്ന പാലത്തില്‍ നിന്ന് ബസ് എങ്ങനെ താഴേയ്ക്ക് പതിച്ചുവെന്നത് ഇനിയും വ്യക്തമല്ലെന്ന് അധികൃതര്‍ വിശദമാക്കുന്നത്. റോഡില്‍ അടയാളമൊന്നും കാണാതെ വന്നതോടെ 70 കാരനായ ബസ് ഡ്രൈവര്‍ വാഹനം ബ്രേക്ക് ചെയ്യാന്‍ ശ്രമിച്ചതാകാം അപകടകാരണമെന്നും സൂചനയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം