Asianet News MalayalamAsianet News Malayalam

കരുത്തനായി ട്രംപ്: തിരിച്ചടിയേറ്റ് ഡെമോക്രാറ്റുകൾ, ഇംപീച്ച്മെന്‍റിൽ സാക്ഷി വിസ്താരമില്ല

ഇതോടെ ട്രംപിനെ കുറ്റവിമുക്തനാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനാണ് റിപ്പബ്ലിക്കൻ അംഗങ്ങളുടെ തീരുമാനം. സെനറ്റിൽ അന്തിമ വോട്ടെടുപ്പ് ബുധനാഴ്ച നടക്കുമെന്നാണ് റിപ്പോർട്ടുകൾ. 

Impeachment trial live updates Senate to vote Wednesday on whether to remove or acquit Trump on impeachment charges
Author
Washington D.C., First Published Feb 1, 2020, 6:52 AM IST

വാഷിംഗ്‍ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരായ സെനറ്റിലെ ഇംപീച്ച്മെന്‍റ് വാദത്തിൽ ഡമോക്രാറ്റുകൾക്ക് കനത്ത തിരിച്ചടി. ട്രംപിനെതിരായ സാക്ഷി വിസ്താരത്തിന് റിപ്പബ്ലിക്കൻ അംഗങ്ങൾ അനുമതി നിഷേധിച്ചു. നാൽപ്പത്തി ഒമ്പതിനെതിരെ 51 വോട്ടുകൾക്കാണ് ഡെമോക്രാറ്റുകളുടെ ആവശ്യം തള്ളിയത്. 

നേരിയ ഭൂരിപക്ഷത്തിൽ സാക്ഷി വിസ്താരം വേണ്ടെന്ന് സെനറ്റ് തീരുമാനിച്ചതോടെ ട്രംപിന് ഇത് കരുത്ത് പകരുകയാണ്. അമേരിക്കയുടെ ചരിത്രത്തിലാദ്യമായാണ് ഒരു ഇംപീച്ച്മെന്‍റ് സാക്ഷിവിസ്താരമില്ലാതെ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകളും വിളിച്ച് വരുത്തുകയോ പരിശോധിക്കുകയോ വേണ്ടെന്നും വോട്ടെടുപ്പിലൂടെ തീരുമാനമായി.

രണ്ട് റിപ്പബ്ലിക്കൻ അംഗങ്ങളുടെ പിന്തുണ നേടാൻ ഡെമോക്രാറ്റുകൾക്ക് കഴിഞ്ഞെങ്കിലും നീക്കം ഫലം കണ്ടില്ല. ഇതോടെ ട്രംപിനെ കുറ്റവിമുക്തനാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനാണ് റിപ്പബ്ലിക്കൻ അംഗങ്ങളുടെ തീരുമാനം. അന്തിമ വോട്ടെടുപ്പ് ബുധനാഴ്ച നടക്കുമെന്നാണ് സൂചന.

അടുത്ത തെരഞ്ഞെടുപ്പിൽ തന്‍റെ എതിരാളിയായ ജോ ബൈഡനും അദ്ദേഹത്തിന്‍റെ മകനുമെതിരായ അന്വേഷണം നടത്താനും കുറ്റം ചുമത്താനും ട്രംപ് യുക്രൈന് മേൽ സമ്മർദ്ദം ചെലുത്തിയെന്നും അത് നടപ്പാക്കിക്കിട്ടാനായി സൈനിക സഹായം ഉൾപ്പടെ തടഞ്ഞു വച്ചുവെന്നുമാണ് പ്രസിഡന്‍റിനെതിരായ ആരോപണം. ഉക്രൈനിയൻ ഊർജ കമ്പനിയായ ബുരിസ്മയുടെ ഉടമകളിലൊരാളായിരുന്നു ജോ ബൈഡൻ. ഇവർക്കെതിരെയുണ്ടായിരുന്ന ഒരു അഴിമതിക്കേസ് അന്വേഷിക്കണമെന്നും, പരമാവധി കുറ്റം ചുമത്താൻ ശ്രമിക്കണമെന്നും ഉക്രൈനോട് ട്രംപ് നിർബന്ധം പിടിച്ചുവെന്ന തരത്തിൽ ഫോൺ ശബ്ദരേഖയടക്കം പുറത്തുവന്നിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനെയും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും വിളിച്ച് വരുത്തി വിസ്തരിക്കണമെന്നായിരുന്നു ഡെമോക്രാറ്റുകളുടെ ആവശ്യം. നേരത്തേ ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട യുഎസ് ജനപ്രതിനിധിസഭയ്ക്ക് മുന്നിൽ ഹാജരാകാൻ ജോൺ ബോൾട്ടണുൾപ്പടെയുള്ളവർ വിസമ്മതിച്ചിരുന്നു. 

സാക്ഷിവിസ്താരമില്ലാതെ നടക്കുന്ന ഈ ഇംപീച്ച്മെന്‍റ് വെറും പ്രഹസനമാണെന്ന് യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി ആരോപിച്ചു. റിപ്പബ്ലിക്കൻ ജനപ്രതിനിധികൾ പ്രസിഡന്‍റിന്‍റെ അധികാരദുർവിനിയോഗം മറച്ചുപിടിക്കാൻ കൂട്ടുനിൽക്കുകയാണെന്നും ഇത് ഗുരുതരമായ കുറ്റകൃത്യമാണെന്നും നാൻസി പെലോസി.

തിങ്കളാഴ്ച ഇംപീച്ച്മെന്‍റുമായി ബന്ധപ്പെട്ട വാദങ്ങൾ യുഎസ് സെനറ്റിൽ അവസാനിപ്പിക്കും. അതിന് ശേഷം ബുധനാഴ്ചയാകും ട്രംപിനെ ഇംപീച്ച് ചെയ്യണോ, അതോ കുറ്റവിമുക്തനാക്കണോ എന്ന് തീരുമാനിക്കാനുള്ള അന്തിമവോട്ടെടുപ്പ്.

സാക്ഷിവിസ്താരം വേണ്ടെന്നും, രേഖകൾ പരിശോധിക്കേണ്ടെന്നും തീരുമാനമായതോടെ, ഇനി അന്തിമവോട്ടെടുപ്പിന് വലിയ പ്രസക്തിയില്ല. ട്രംപിനെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം യുഎസ് സെനറ്റിൽ സമർപ്പിച്ചുകഴിഞ്ഞു. ഇത് പാസ്സാകാൻ തന്നെയാണ് സാധ്യത.

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഈ വർഷം നവംബറിൽ നടക്കാനിരിക്കെ, വലിയൊരു അധികാരദുർവിനിയോഗ ആരോപണത്തിൽ നിന്നാണ് ട്രംപ് രക്ഷപ്പെടുന്നത്. ഇത് പ്രചാരണത്തിലടക്കം പരമാവധി ട്രംപ് ഉപയോഗിക്കുമെന്നുറപ്പ്. 

Follow Us:
Download App:
  • android
  • ios