'സ്ത്രീകള്‍ വളരെ കുറച്ച് മാത്രം വസ്ത്രം ധരിച്ചാല്‍ പുരുഷന്മാരെ പ്രലോഭിപ്പിക്കും. പുരുഷന്മാര്‍ റോബോര്‍ട്ടുകളല്ലല്ലോ.  ഇത് സാമാന്യബുദ്ധിയാണ്'-ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇമ്രാന്‍ ഖാന്റെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷവും മാധ്യമപ്രവര്‍ത്തകരും സോഷ്യല്‍മീഡിയയും രംഗത്തെത്തി 

ഇസ്ലാമാബാദ്: രാജ്യത്തെ ബലാത്സംഗത്തിന് കാരണം സ്ത്രീകളുടെ വസ്ത്രധാരണ രീതിയാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഖാന്റെ വിവാദ പരാമര്‍ശം. ''സ്ത്രീകള്‍ വളരെ കുറച്ച് മാത്രം വസ്ത്രം ധരിച്ചാല്‍ പുരുഷന്മാരെ പ്രലോഭിപ്പിക്കും. പുരുഷന്മാര്‍ റോബോര്‍ട്ടുകളല്ലല്ലോ. ഇത് സാമാന്യബുദ്ധിയാണ്''-ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇമ്രാന്‍ ഖാന്റെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷവും മാധ്യമപ്രവര്‍ത്തകരും സോഷ്യല്‍മീഡിയയും രംഗത്തെത്തി. നിരവധി പേരാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതികരിച്ചത്.

ലൈംഗിക അതിക്രമത്തെ ന്യായീകരിക്കുകയാണ് പ്രധാനമന്ത്രി ചെയ്തതെന്ന് ഏറെപ്പേരും അഭിപ്രായപ്പെട്ടു. പാകിസ്ഥാനില്‍ ലൈംഗിക അതിക്രമത്തിന് ഇരയായവരെ മോശപ്പെട്ടവരായി ചിത്രീകരിക്കുന്നത് പ്രധാനമന്ത്രി തുടരുകയാണെന്നും ഇത് നിരാശയുളവാക്കുന്നതായും ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓഫ് ജൂറിസ്റ്റ് സൗത് ഏഷ്യ ലീഗല്‍ അഡൈ്വസര്‍ റീമ ഒമര്‍ ട്വീറ്റ് ചെയ്തു.

പര്‍ദ്ദ എന്ന ആശയം പ്രലോഭനം ഒഴിവാക്കുന്നതിനാണ്. എന്നാല്‍, എല്ലാവര്‍ക്കും പ്രലോഭനത്തെ അതിജീവിക്കാനുള്ള ഇച്ഛാശക്തിയില്ലെന്നും പ്രധാനമന്ത്രി മുമ്പ് പറഞ്ഞിരുന്നു.

ബലാത്സംഗവും ലൈംഗിക അതിക്രമവും തടയാനുള്ള എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് പ്രതിപക്ഷം ചോദിച്ചു. പാകിസ്ഥാനില്‍ ഓരോ 24 മണിക്കൂറിലും 11 ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ ആറ് വര്‍ഷമായി 22000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ 0.3 ശതമാനം പ്രതികള്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona