In video call with Biden, Xi Jinping ; യുഎസ് ചൈനീസ് രാഷ്ട്രതലവന്മാര്‍ അരമണിക്കൂറോളം വീഡിയോ കോണ്‍ഫ്രണ്‍സില്‍ സംസാരിച്ചുവെന്നാണ് വിവരം.
വാഷിംങ്ടണ്‍: റഷ്യയെ സൈനികമായി സഹായിച്ചാല്‍ വലിയ പ്രത്യഘാതം നേരിടേണ്ടിവരുമെന്ന് ചൈനയോട് അമേരിക്ക (USA). ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി (Xi Jinping) നടത്തിയ വീഡിയോ കോള്‍ സംഭാഷണത്തിലാണ് പ്രസിഡന്റ് ജോ ബൈഡന്‍ (Joe Biden) ഈ കാര്യം അറിയിച്ചത് എന്നാണ് വൈറ്റ്ഹൌസ് വൃത്തങ്ങള്‍ പറയുന്നത്. റഷ്യ യുക്രൈനില്‍ (Russia Ukraine) കടന്നുകയറിയതിന് പിന്നാലെ ഏറ്റുമുട്ടല്‍ ശക്തമായതിന് പിന്നാലെയാണ് യുഎസ് നടപടി.
യുഎസ് ചൈനീസ് രാഷ്ട്രതലവന്മാര്‍ അരമണിക്കൂറോളം വീഡിയോ കോണ്‍ഫ്രണ്‍സില്‍ സംസാരിച്ചുവെന്നാണ് വിവരം. റഷ്യയ്ക്കെതിരെ ഉയരുന്ന അന്താരാഷ്ട്ര സമ്മര്‍ദ്ദം ചൈനയുടെ ശ്രദ്ധയില്‍ യുഎസ് പ്രസിഡന്‍റ് പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ അധിനിവേശത്തെ ചെറുക്കാനും പിന്നീട് മോസ്‌കോയ്ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തി പ്രതിരോധിക്കാനും യുഎസ് നടത്തുന്ന ശ്രമങ്ങള്‍ ചൈനീസ് രാഷ്ട്രതലവന്‍ ഷി ജിന്‍പിങ്ങുമായി പ്രസിഡന്‍റ് ബൈഡന്‍ പങ്കുവച്ചു.
റഷ്യ ക്രൂരമായ ആക്രമണം നടത്തുന്ന സാഹചര്യത്തില്‍ ചൈന മോസ്‌കോയ്ക്ക് പടക്കോപ്പുകളും മറ്റ് സഹായങ്ങളും നല്‍കിയാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വലുതായിരിക്കും, പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും യുഎസ് ചൈനയെ ചര്‍ച്ചയില്‍ ഓര്‍മ്മിപ്പിച്ചു.
അതേ സമയം യുദ്ധം ആര്‍ക്കും താല്‍പ്പര്യമുള്ള കാര്യമല്ലെന്നാണ് ചൈനീസ് പ്രസിഡന്‍റ് ഷീ പ്രതികരിച്ചത് എന്നാണ് ചൈനീസ് ടിവിയായ സിസിടിവി പറയുന്നത്. വാഷിംങ്ടണ്‍ സമയം ശനിയാഴ്ച രാവിലെ 10.53നാണ് ഇരു രാഷ്ട്രതലവന്മാരും സംസാരിച്ചത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ സൈനിക ഇടപെടലിലേക്ക് നീങ്ങാതെ ശ്രദ്ധിക്കേണ്ടതാണെന്നും ഷീ പറഞ്ഞു. ഇത്തരം അന്താരാഷ്ട്ര ഉത്തരവാദിത്വങ്ങള്‍ ചൈനയും യുഎസും ഒന്നിച്ച് നിര്‍വഹിക്കണമെന്നും ഷീ ചര്‍ച്ചയില്‍ സൂചിപ്പിച്ചു.
അതേ സമയം കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത റഷ്യന്‍ പ്രസിഡന്റ് വ്ലഡമിര്‍ പുടിന്‍ വലിയ മുന്നറിയിപ്പാണ് നല്‍കിയത്.
രാജ്യദ്രോഹികളെ തുടച്ചുനീക്കുമെന്ന് റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍ (Vladimir Putin) പ്രഖ്യാപിച്ചു. റഷ്യയില്‍ (Russia) യുദ്ധത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരും മറ്റു രാജ്യങ്ങളെ വിവിധ തരത്തില്‍ സഹായിക്കുന്നവരും റഷ്യയെയാണ് വഞ്ചിക്കുന്നതെന്നും ഇവരെ ഉദ്ദേശിച്ചാണ് പറയുന്നതെന്നും പുടിന്‍ പറഞ്ഞു. ദേശസ്നേഹികളെ തിരിച്ചറിയാന്‍ രാജ്യത്തിനാകും, ചതിക്കുന്നവരെ തുടച്ച് നീക്കാനും അറിയാം- പുടിന്‍ പറഞ്ഞു.
സ്വയം ശുദ്ധീകരണം നടത്തിയാല്‍ മാത്രമേ രാജ്യത്തെ ശക്തിപ്പെടുത്താൻ സാധിക്കൂ, രാജ്യത്തിന്‍റെ ഐക്യത്തിനും സഹവര്‍ത്തിത്വത്തിനും ഇത് അത്യവശ്യമാണ്. ഇത്തരം വെല്ലുവിളികള്‍ അതിനാല്‍ തന്നെ ഏറ്റെടുക്കേണ്ടതുണ്ട്. റഷ്യയെ നശിപ്പിക്കുക എന്നത് പാശ്ചാത്യ രാജ്യങ്ങളുടെ ലക്ഷ്യമാണ്. രാജ്യത്തെ അഭിസംബോധ ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പുടിന്‍റെ മുന്നറിയിപ്പ്.
റഷ്യന്‍ ചാനലില്‍ യുദ്ധ വിരുദ്ധ കാര്‍ഡ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് പുടിന്‍റെ പ്രസ്താവന. അതേ സമയം റഷ്യയ്ക്കുള്ളില്‍ യുക്രൈനായ യുദ്ധത്തിനെതിരെ നിരവധി പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇത് നടത്തുന്നവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം അടക്കമാണ് ചുമത്തുന്നത്.
