പകരം തീരുവ ഏർപ്പെടുത്തിയതിന് കാരണമായി യു എസ് ഭരണകൂടം ഉന്നയിച്ച വാദങ്ങൾ അംഗീകരിക്കാവുന്നതാണോ എന്നതിൽ സംശയമുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു, സുപ്രീംകോടതി വിധി ഇന്ത്യ ഉൾപ്പടെ വിവിധ രാജ്യങ്ങൾക്ക് നിർണായകമാണ്

ന്യൂയോർക്ക്: വിവിധ ലോക രാജ്യങ്ങൾക്ക് മേൽ പകരം തീരുവ ഏർപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നടപടിക്ക് എതിരെ ശക്തമായ വിമർശനം നടത്തി യു എസ് സുപ്രീംകോടതി. പകരം തീരുവ ഏർപ്പെടുത്തിയതിന് കാരണമായി യു എസ് ഭരണകൂടം ഉന്നയിച്ച വാദങ്ങൾ അംഗീകരിക്കാവുന്നതാണോ എന്നതിൽ സംശയമുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. രാജ്യ താത്പര്യം സംരക്ഷിക്കാനും അമേരിക്കയുടെ സാമ്പത്തിക രംഗം തകർച്ചയിലേക്ക് പോകാതിരിക്കാനും ആണ് പകരം തീരുവ വിവിധ രാജ്യങ്ങൾക്ക് മേൽ ഏർപ്പെടുത്തിയത് എന്നായിരുന്നു പ്രസിഡന്‍റ് അഡ്മിസ്ട്രേഷന് വേണ്ടി ഹാജരായ യു എസ് സോളിസിറ്റർ ജനറൽ ജോൺ സൗവറിന്‍റെ വാദം. കേസിലിപ്പോഴും കോടതിയിൽ വാദം തുടരുകയാണ്.

ഇന്ത്യ ഉൾപ്പടെയുള്ള ലോക രാജ്യങ്ങൾക്ക് നിർണായകം

നേരത്തേ കേസ് വാദം കേൾക്കാൻ താൻ നേരിട്ടെത്തും എന്നാണ് ട്രംപ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് ഈ പ്രസ്താവന പിൻവലിച്ചു. ട്രംപിന്‍റെ തീരുവകൾ ചട്ടവിരുദ്ധമാണെന്ന് നേരത്തേ യു എസ് കോർട്ട് ഓഫ് ഇന്‍റർനാഷണൽ ട്രേഡ് വിധിച്ചിരുന്നു. സുപ്രീംകോടതി വിധി ഇന്ത്യ ഉൾപ്പടെ വിവിധ രാജ്യങ്ങൾക്ക് നിർണായകമാണ്. തീരുവ ചട്ടവിരുദ്ധമാണെന്ന് യു എസ് സുപ്രീംകോടതി വിധിച്ചാൽ വാങ്ങിയ പകരം തീരുവ മുഴുവൻ ട്രംപ് ഭരണകൂടം തിരിച്ച് കൊടുക്കണ്ടി വരുമെന്നതാണ് യാഥാർഥ്യം.