യുക്രൈൻ യുദ്ധത്തിലെ അടുത്ത നീക്കങ്ങളെക്കുറിച്ച് ചർച്ച നടന്നില്ലെന്നും, ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി
ദില്ലി: റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുടിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയുമായി ബന്ധപ്പെട്ട നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയുടെ അവകാശവാദം തള്ളി ഇന്ത്യ. അമേരിക്ക അധിക തീരുവ ചുമത്തിയതിനു പിന്നാലെ പുടിനെ വിളിച്ച മോദി, യുക്രൈൻ യുദ്ധത്തിലെ അടുത്ത നീക്കങ്ങള്‍ എന്തെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടതായി സി എന്‍ എന്നിന് നല്‍കിയ അഭിമുഖത്തില്‍ റൂട്ടെ അവകാശപ്പെട്ടിരുന്നു. റഷ്യയെ പിന്തുണയ്ക്കുന്നതിനു പകരമായി അടുത്ത നീക്കങ്ങള്‍ അറിയണമെന്നാണ് മോദി ഉദ്ദേശിച്ചതെന്നും റുട്ടെ പറഞ്ഞിരുന്നു. എന്നാല്‍ റുട്ടെയുടെ പ്രസ്താവന അതിശക്തമായ ഭാഷയില്‍ ഇന്ത്യ നിഷേധിച്ചു. യുക്രൈൻ യുദ്ധത്തിലെ അടുത്ത നീക്കങ്ങളെക്കുറിച്ച് ഇരുനേതാക്കളും തമ്മില്‍ യാതൊരു സംഭാഷണം ഉണ്ടായിട്ടില്ല. നാറ്റോയെ പോലെ സുപ്രധാന സംഘടനകളുടെ തലപ്പത്ത് ഇരിക്കുന്നവര്‍ പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ കൂടുതല്‍ ഉത്തരാദിത്വവും ജാഗ്രതയും പാലിക്കണമെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രതികരിച്ചു.
ഇന്ത്യ-അമേരിക്ക വ്യാപാര കരാർ വൈകില്ല
അതേസമയം ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിലുള്ള വ്യാപാര കരാർ അടക്കമുള്ള വിഷയങ്ങളിൽ വൈകാതെ ധാരണ ഉണ്ടാകും എന്ന് യു എസ് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമിടയിലുള്ള കൂടിക്കാഴ്ചയും ഏതാനും ആഴ്ചകൾക്കുള്ളിൽ നടന്നേക്കും എന്നും അമേരിക്ക വ്യക്തമാക്കി. നരേന്ദ്ര മോദിക്കും ഡോണൾഡ് ട്രംപിനും ഇടയിലുള്ള കൂടിക്കാഴ്ചയ്ക്കുള്ള ശ്രമങ്ങൾ ഊർജ്ജിതമാണെന്നാണ് അമേരിക്ക നൽകുന്ന സൂചന. ആസിയാൻ ഉച്ചകോടിക്കിടെ മോദി - ട്രംപ് കൂടിക്കാഴ്ച നടന്നേക്കാം എന്നാണ് വ്യക്തമാകുന്നത്. ക്വാഡ് ഉച്ചകോടിയിൽ നിന്ന് അമേരിക്ക പിന്മാറില്ലെന്നും യു എസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയും അമേരിക്കയും ഓസ്ട്രേലിയയും ജപ്പാനും അടങ്ങുന്ന കൂട്ടായ്മയുടെ ഉച്ചകോടി ഈ വർഷം അവസാനമോ അടുത്തവർഷം ആദ്യമോ നടക്കും എന്നാണ് അമേരിക്ക അറിയിക്കുന്നത്.
റഷ്യൻ എണ്ണയുടെ പേരിൽ വിമർശനം ശക്തം
റഷ്യയിൽ നിന്ന് എണ്ണം വാങ്ങുന്നത് ഇന്ത്യ നിർത്തിവയ്ക്കണമെന്ന ആവശ്യം അമേരിക്ക കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ ഊർജ്ജ സെക്രട്ടറി ക്രിസ് വൈറ്റാണ് ഏറ്റവും ഒടുവിൽ ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. യുക്രൈ പ്രസിഡന്റ് വ്ലോദിമർ സെലൻസ്കിയും യു എൻ പ്രസംഗത്തിൽ റഷ്യൻ എണ്ണയുടെ കാര്യത്തിൽ ഇന്ത്യയെ പരാമർശിച്ചിരുന്നു. ഇന്ത്യയെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ അമേരിക്കയ്ക്ക് കഴിയും എന്നാണ് പ്രതീക്ഷ എന്ന് സെലൻസ്കി പറഞ്ഞു. എന്നാൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതും വ്യാപാര ചർച്ചകളും കൂട്ടിക്കുഴക്കേണ്ട എന്ന നിലപാടിൽ ഇന്ത്യ ഉറച്ചു നിൽക്കുകയാണ്.

