ഉപഭോക്താക്കൾ പങ്കുവയ്ക്കുന്ന വിവരങ്ങളിൽ സാമൂഹിക മാധ്യമ കമ്പനികൾക്ക് ഉത്തരവാദിത്തം ഉണ്ടാകില്ല എന്ന നിയമമടക്കം യോഗത്തിൽ ചർച്ചയാകുമെന്നാണ് വിവരം
ദില്ലി: ഡീപ് ഫേക്ക് വിഷയം ഉയർത്തുന്ന വെല്ലുവിളികൾ രൂക്ഷമായതോടെ ഇതിന് തടയിടാൻ കേന്ദ്ര സർക്കാർ നീക്കം. ഡീപ് ഫേക്കിന് പൂട്ടിടാനായി കേന്ദ്ര സർക്കാർ സമൂഹ മാധ്യമ കമ്പനികളുടെ യോഗം വിളിച്ചു. മെറ്റയും ഗൂഗിളുമടക്കമുള്ള സോഷ്യൽ മീഡിയ ഭീമൻമാർക്കടക്കം കേന്ദ്രം നോട്ടീസ് നൽകിയിട്ടുണ്ട്. വിഷയം ചർച്ച ചെയ്യാനായി വെള്ളിയാഴ്ച ഐ ടി മന്ത്രി അശ്വനി വൈഷ്ണവിന്‍റെ അധ്യക്ഷതയിൽ യോഗം ചേരുമെന്നും യോഗത്തിൽ പങ്കെടുക്കണമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഡീപ് ഫേക്ക് പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികൾ രൂക്ഷമാകുന്നുവെന്നും ഡീപ് ഫേക്ക് പോസ്റ്റുകളിൽ നിയന്ത്രണം കൊണ്ടു വരണമെന്നുള്ളതുമാണ് യോഗത്തിൽ പ്രധാനമായും ചർച്ചയാകുക. ഉപഭോക്താക്കൾ പങ്കുവയ്ക്കുന്ന വിവരങ്ങളിൽ സാമൂഹിക മാധ്യമ കമ്പനികൾക്ക് ഉത്തരവാദിത്തം ഉണ്ടാകില്ല എന്ന നിയമമടക്കം യോഗത്തിൽ ചർച്ചയാകുമെന്നാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വിഡിയോ പ്രചരിപ്പിച്ചതിൽ പൊലീസ് അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്. കേസിൽ പത്തൊമ്പതുകാരനെ പൊലീസ് ചോദ്യം ചെയ്തു. ഇയാൾക്ക് വീഡിയോ പ്രചരിപ്പിച്ചതിൽ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ബിഹാർ സ്വദേശിയായ 19 കാരനെയാണ് ദില്ലി പൊലീസ് സെപ്ഷ്യൽ സെൽ ചോദ്യം ചെയ്തത്. ഇയാളുടെ സോഷ്യൽ മീഡിയ അക്കൌണ്ടിൽ നിന്നാണ് വീഡിയോ പ്രചരിച്ചതെന്നാണ് പൊലീസ് കരുതുന്നത്. ചോദ്യം ചെയ്യലിൽ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് ദൃശ്യങ്ങൾ കിട്ടിയതെന്നും അത് തന്റെ അക്കൌണ്ടിലേക്ക് അപ് ലോഡ് ചെയ്തെന്നുമാണ് പത്തൊമ്പതുകാരന്റെ മൊഴി. എന്നാൽ പൊലീസ് ഇത് കണക്കിലെടുത്തിട്ടില്ല. കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ ദില്ലിക്ക് വിളിപ്പിച്ചു. ദ്വാരകയിലെ ഐ എഫ് എസ് ഒ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. നടിയുടെ വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് നവംബർ 10 നാണ്ദില്ലി പൊലീസിന്‍റെ സ്‌പെഷ്യൽ സെൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത് .ദില്ലി വനിതാ കമ്മീഷന്റെ നിർദ്ദേശപ്രകാരമായിരുന്നു നടപടി.
