ഇന്ത്യ-പാക് സംഘർഷം ആണവ യുദ്ധത്തിലേക്ക് എത്തുമായിരുന്നെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ദില്ലി: ഇന്ത്യ-പാക് സംഘർഷം ആണവ യുദ്ധത്തിലേക്ക് എത്തുമായിരുന്നെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സംഘര്‍ഷം ആണവയുദ്ധത്തിലേക്ക് പോകുമായിരുന്നു, എന്നാല്‍ ഇത് ഒഴിവാക്കിയെന്നാണ് ട്രംപിന്റെ വാദം. വിഷയത്തില്‍ വൈസ് പ്രസിഡന്റ് ജെഡി വാൻസിനെയും മാർക്ക് റൂബിയോയേയും ട്രംപ് അഭിനന്ദിക്കുകയും ചെയ്തു.
ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ തീരുമാനത്തില്‍ കക്ഷിചേര്‍ന്നു എന്ന തരത്തില്‍ ട്രംപ് മുന്‍പും സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ നടത്തിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിന് കൃത്യമായ ഒരു വിശദീകരണം നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ വാദവുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ തീരുമാനത്തെ അഭിനന്ദിച്ച് ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിപ്പ് പങ്കുവെച്ചിരുന്നു. അമേരിക്ക ഇടപെട്ടാണ് ഇന്ത്യ പാക് സംഘർഷത്തിൽ വെടിനിർത്തൽ ഉണ്ടായത് എന്ന രീതിയിലാണ് ട്രംപിന്റെ പ്രതികരണം വന്നത്. കശ്മീർ പ്രശ്നത്തിൽ ഇടപെടാനും തയ്യാറാണെന്നും ട്രംപ് ആവര്‍ത്തിച്ച് പറയുന്നുണ്ട്.
ഇന്ത്യ-പാക് വെടിനിർത്തൽ ധാരണയിലെത്താൻ അമേരിക്ക പങ്കുവഹിച്ചു എന്ന് വീണ്ടും വീണ്ടും ആവർത്തിക്കുകയാണ് ട്രംപ്. വെടിനിർത്തൽ അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി കൃത്യമായി നേരത്തെ വാർത്താ കുറിപ്പിൽ പറഞ്ഞിരുന്നതാണ്. അത് തന്നെയാണ് ട്രംപ് വീണ്ടും ആവർത്തിക്കുന്നത്. സമാധാനം പുലരാൻ പ്രയത്നിച്ച രണ്ട് രാഷ്ട്ര തലവന്മാർക്കും അഭിനന്ദനം അറിയിച്ച് കൊണ്ടാണ് ട്രംപിന്റെ കുറിപ്പ് തുടങ്ങുന്നത്. ഇന്ത്യ എക്കാലവും പറഞ്ഞിരുന്നത് കശ്മീർ പ്രശ്നത്തിൽ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ചർച്ചയല്ലാതെ മൂന്നാമതൊരു കക്ഷിയെ പങ്കാളിയാക്കാൻ ആഗ്രഹിക്കുന്നില്ല എന്നാണ്. എന്നാൽ ട്രംപ് ഇപ്പോൾ പറഞ്ഞിരിക്കുന്നത് ആയിരം വർഷം കഴിഞ്ഞാലും കശ്മീർ പ്രശ്നത്തിൽ എന്തെങ്കിലും പരിഹാരം ഉണ്ടാക്കുമെങ്കിൽ അതിൽ ഇടപെടാൻ അമേരിക്ക തയ്യാറാണ് എന്നാണ്. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം കൂട്ടാനുള്ള നീക്കങ്ങൾ നടക്കുകയാണ് എന്നും ട്രംപ് കുറിപ്പിൽ പറയുന്നു.


