പാകിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ ഉണ്ടായ അതിക്രമങ്ങളുടെ കണക്കുകൾ ഇന്ത്യ പാർലമെന്റിൽ വെളിപ്പെടുത്തി.
ദില്ലി: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾ നേരിട്ട അതിക്രമങ്ങളുടെ കണക്കുമായി ഇന്ത്യ. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് പാർലമെന്റിൽ കണക്ക് വെളിപ്പെടുത്തി. 2021 ന് ശേഷം ന്യൂനപക്ഷങ്ങൾക്കെതിരായ രൂക്ഷമായ അക്രമങ്ങളുമായി ബന്ധപ്പെട്ട് കുറഞ്ഞത് 334 സംഭവങ്ങൾ ഇന്ത്യ പാകിസ്ഥാനെ അറിയിച്ചിട്ടുണ്ട്. അതേസമയം 3582 സംഭവങ്ങൾ ബംഗ്ലാദേശിന്‍റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ മത ന്യൂനപക്ഷങ്ങൾ നേരിടുന്ന അതിക്രമങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾ ഇന്ത്യ സ്ഥിരമായി പരിശോധിച്ചു വരികയാണെന്ന് മന്ത്രി രാജ്യസഭയിൽ പറഞ്ഞു. 2021 മുതൽ ഇന്ത്യൻ സർക്കാർ കുറഞ്ഞത് 334 സംഭവങ്ങൾ പാകിസ്ഥാൻ സർക്കാരിനോട് ഉന്നയിച്ചിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവർ ഉൾപ്പെടെയുള്ള പൗരന്മാരോടുള്ള ഭരണഘടനാപരമായ കടമകൾ നിർവഹിക്കാനും മതപരമായ അസഹിഷ്ണുത അവസാനിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയും മനുഷ്യാവകാശ ലംഘനങ്ങളും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യ ഉയർത്തിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂലൈയിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞതിങ്ങനെ- "അഹ്മദി വിഭാഗം ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങളും വിവേചനങ്ങളും തടയണം. കൊലപാതകങ്ങൾ, ഏകപക്ഷീയമായ അറസ്റ്റുകൾ, ആരാധനാലയങ്ങൾക്കും സെമിത്തേരികൾക്കുമെതിരായ ആക്രമണങ്ങൾ എന്നിവ തടയാൻ പാകിസ്ഥാൻ സർക്കാർ വ്യക്തമായ നടപടികൾ കൈക്കൊള്ളണം."
2021 മുതൽ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും എതിരെ കുറഞ്ഞത് 3,582 അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് മന്ത്രി കീർത്തി വർധൻ സിങ് പറഞ്ഞു. ഈ വിഷയത്തിലുള്ള ആശങ്കകൾ ഇന്ത്യൻ സർക്കാർ ബംഗ്ലാദേശ് സർക്കാരുമായി ഏറ്റവും ഉയർന്ന തലങ്ങളിൽ ഉൾപ്പെടെ പങ്കുവെച്ചിട്ടുണ്ട്. ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ബംഗ്ലാദേശ് സർക്കാർ ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
മുഹമ്മദ് യൂനുസ് നയിക്കുന്ന ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഈ വാഗ്ദാനം പാലിക്കാൻ പാടുപെടുകയാണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട് ചെയ്തു. ഏകപക്ഷീയമായ തടങ്കലും രാഷ്ട്രീയ പ്രേരിത അറസ്റ്റുകളും തുടരുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ആൾക്കൂട്ട അക്രമങ്ങളും രാഷ്ട്രീയ അക്രമങ്ങളും കൂടുകയാണ്. ജൂലൈയിൽ രംഗപൂർ ജില്ലയിൽ ജനക്കൂട്ടം ഹിന്ദുക്കളുടെ 14 വീടുകൾ തകർത്തെന്നും റിപ്പോർട്ടിൽ പറയുന്നു. ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവർ ഉൾപ്പെടെ എല്ലാ പൗരന്മാരുടെയും ജീവൻ, സ്വാതന്ത്ര്യം, അവകാശങ്ങൾ എന്നിവയുടെ സംരക്ഷണത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം അതാത് സർക്കാരുകൾക്കാണെന്ന് ഇന്ത്യൻ സർക്കാർ അവരെ നിരന്തരം ഓർമ്മിപ്പിക്കുന്നുണ്ടെന്ന് മന്ത്രി കീർത്തി വർധൻ സിങ് കൂട്ടിച്ചേർത്തു.



