കാബൂള്‍: കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്ഥാനിലെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ 5,022 മെട്രിക് ടണ്‍ ഗോതമ്പ് അയച്ച് ഇന്ത്യ. അഫ്ഗാന് കൈമാറുമെന്ന് ഇന്ത്യ നേരത്തെ പ്രഖ്യാപിച്ച 75,000 മെട്രിക് ടണ്‍ ഗോതമ്പിലെ ആദ്യ ലോഡാണ് 251 കണ്ടെയ്നറുകളിലായി ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തുനിന്ന് യാത്രയായത്. അടുത്ത ഘട്ടത്തിലുള്ള ഗോതമ്പ് വരുന്ന ആഴ്ചകളില്‍ കൈമാറുമെന്ന് അഫ്ഗാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചതായി വാർത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോർട്ട് ചെയ്തു.

അഫ്ഗാന് ഇന്ത്യ 75,000 മെട്രിക് ടണ്‍ ഗോതമ്പ് നല്‍കുമെന്ന് ഇന്ത്യന്‍ അംബാസിഡർ വിനയ് കുമാർ കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു. 

ഇന്ത്യ 5,00,00 ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഗുളികള്‍ അഫ്ഗാന് ഉടന്‍ നല്‍കുമെന്നും എംബസി അറിയിച്ചു. ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഗുളികള്‍ അയക്കുമെന്ന് ഇന്ത്യ പറഞ്ഞ 13 രാജ്യങ്ങളിലൊന്നാണ് അഫ്ഗാന്‍. കൊവിഡ് 19ന്‍റെ വെല്ലുവിളിയെ നേരിടാനുള്ള പ്രധാന ആയുധമായാണ് മലേറിയക്കുള്ള മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഗുളികയെ അമേരിക്ക കാണുന്നത്. ഇന്ത്യയാണ് ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഏറ്റവും അധികം ഉത്പാദിപ്പിക്കുന്ന രാജ്യം. 

Read more: അമേരിക്കയടക്കമുള്ള 13 രാജ്യങ്ങള്‍ക്ക് ഹൈഡ്രോക്സി ക്ളോറോക്വിൻ ഗുളികകൾ ഇന്ത്യ നല്‍കും; ഉത്തരവിറങ്ങി

ഇന്ന് 52 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ അഫ്ഗാനിലെ കൊവിഡ് ബാധിതരുടെ എണ്ണം 607 ആയി. രണ്ട് ആരോഗ്യപ്രവർത്തകർ ഉള്‍പ്പടെ 18 പേർക്ക് ഇതിനകം ജീവന്‍ നഷ്ടമായി. 32 ആളുകള്‍ രോഗമുക്തി നേടി. 557 പേരാണ് നിലവില്‍ രോഗബാധിതരായുള്ളത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക