രജപക്സ കുടുംബം ഇന്ത്യയുമായി കാര്യമായ അടുപ്പം കാട്ടിയിരുന്നില്ല. ചൈനയ്ക്ക് ശ്രീലങ്കയ്ക്ക് മേലുള്ള സ്വാധീനം കൂടുകയും ചെയ്തു. അതിനാൽ പുതിയ സാഹചര്യം അവസരം കൂടിയായി ഇന്ത്യ കാണുന്നുണ്ട്. റനിൽ വിക്രമസിംഗെയ്ക്ക് രാഷ്ട്രീയ സ്ഥിരത ഉറപ്പാക്കാനാകും എന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

ദില്ലി: ശ്രീലങ്കയിലെ സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നു എന്ന് ഇന്ത്യ. പ്രധാനമന്ത്രി റനിൽവിക്രമസിംഗെയ്ക്ക് ശ്രീലങ്കയിൽ സ്ഥിരത തിരിച്ചു കൊണ്ടുവരാൻ കഴിയും എന്നാണ് പ്രതീക്ഷയെന്ന് വിദേശകാര്യവൃത്തങ്ങൾ പറഞ്ഞു. ചൈന സാഹചര്യം മുതലെടുക്കുമോ എന്നും ഇന്ത്യ ഉറ്റു നോക്കുകയാണ്.

ശ്രീലങ്കയിലെ സാഹചര്യം വലിയ അസ്ഥിരതയിലേക്ക് നീങ്ങുമ്പോൾ ദില്ലി ആശങ്കയോടെ സ്ഥിതി നിരീക്ഷിക്കുകയാണ്. ശ്രീലങ്കയിൽ കാര്യങ്ങൾ കൈവിട്ടു പോയപ്പോൾ നേരത്തെ ഇന്ത്യ ഇടപെട്ടിരുന്നു. രാജ്യത്തെ രണ്ടു കോടി ഇരുപത് ലക്ഷം ജനങ്ങൾക്ക് സഹായം എത്തിക്കുക എന്ന നയമാണ് ഇന്ത്യ സ്വീകരിച്ചത്. രാഷ്ട്രീയ വിഷയങ്ങളിൽ മാറി നിന്നു. ഡീസലും അരിയും പാൽപ്പൊടിയുമൊക്കെ ഇന്ത്യ ശ്രീലങ്കയ്ക്ക് നല്കിയിരുന്നു. ശ്രീലങ്കയിലെ നൂറിലധികം വിമാനങ്ങൾക്ക് ഇന്ത്യയിൽ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം നല്കി. മാനുഷിക സഹായം ഇനിയും ഉറപ്പാക്കുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. 

രജപക്സ കുടുംബം ഇന്ത്യയുമായി കാര്യമായ അടുപ്പം കാട്ടിയിരുന്നില്ല. ചൈനയ്ക്ക് ശ്രീലങ്കയ്ക്ക് മേലുള്ള സ്വാധീനം കൂടുകയും ചെയ്തു. അതിനാൽ പുതിയ സാഹചര്യം അവസരം കൂടിയായി ഇന്ത്യ കാണുന്നുണ്ട്. റനിൽ വിക്രമസിംഗെയ്ക്ക് രാഷ്ട്രീയ സ്ഥിരത ഉറപ്പാക്കാനാകും എന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇതിനുള്ള സഹകരണം ഇന്ത്യ നല്കും. ശ്രീലങ്കയിൽ കാര്യങ്ങൾ കൈവിട്ടു പോയാൽ ധനസഹായം നല്കാനെന്ന പേരിൽ ചൈന നിയന്ത്രണം തിരിച്ചെടുക്കാനുള്ള സാധ്യതയുണ്ട്. ശ്രീലങ്കൻ തുറമുഖങ്ങളിലെ പ്രതിസന്ധി ഇന്ത്യയുടെ വ്യപാരത്തെയും ബാധിക്കും. അഭയാർത്ഥികൾ വൻതോതിൽ ഇന്ത്യയിലെത്താനുള്ള സാധ്യതയും തള്ളാനാവില്ല. അസ്ഥിരത ഉപയോഗിച്ച് ശ്രീലങ്കയിലെ റിബൽ ഗ്രൂപ്പുകളെ ആയുധങ്ങൾ നല്കി ശാക്തീകരിക്കാനും ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കാനും വിദേശ ഗ്രൂപ്പുകളുടെ നീക്കവും നടന്നേക്കാം. ഈ സാഹചര്യത്തിൽ അയൽരാജ്യത്തെ ഈ കലാപം കെട്ടടങ്ങേണ്ടത് ഇന്ത്യയ്ക്കും പ്രധാനമാണ്.

പ്രസിഡന്‍റിന്‍റെ കൊട്ടാരം ജനം കയ്യടക്കി; ഒളിച്ചോടി ഗോത്തബയ രജപക്സെ, പ്രതിസന്ധി

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍ കലാപം. ലങ്കന്‍ പ്രസിഡന്‍റ് ഗോത്തബയ രജപക്സെയുടെ വസതി കയ്യേറി പ്രക്ഷോഭകര്‍. സുരക്ഷാ സേനകളെയെല്ലാം മറികടന്ന് ആയിരക്കണക്കിന് പ്രക്ഷോഭകരാണ് വസതി വളഞ്ഞത്. ഇതോടെ ഗോത്തബയ രജപക്സെ വസതി വിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതീവ ഗുരുതര സ്ഥിതിയാണ് ശ്രീലങ്കയിലുള്ളത്. രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രക്ഷോഭം ശക്തി പ്രാപിക്കവേ 33 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. രണ്ടുപേരുടെ നില ഗുരുതരമാണ്. പ്രക്ഷോഭകരെ നേരിടാൻ സുരക്ഷാ സേന ആകാശത്തേക്ക് വെടിവച്ചു. സേന കണ്ണീർ വാതകവും ലാത്തിയും പ്രയോഗിച്ചു. എന്നാൽ കണ്ണീർ വാതകം നിർവീര്യമാക്കുന്നതിനുള്ള സജീകരണങ്ങളുമായാണ് പ്രക്ഷോഭകാരികൾ എത്തിയത്. സൈനികരുടെ ബാരിക്കേഡുകൾ തകർത്ത് കൊളംബോയിൽ ജനപ്രളയം മുന്നേറുകയാണ്.

Read Also: സ്വിമ്മിംഗ് പൂളില്‍ നീന്തിത്തുടിച്ച് ജനങ്ങള്‍; ലങ്കന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലെ ദൃശ്യങ്ങള്‍!

ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജി വെച്ചിരുന്നു. എന്നാല്‍ പ്രസിഡന്‍റ് ഗോത്തബയ രജപക്സെ സ്ഥാനത്ത് തുടരുകയായിരുന്നു. ഗോത്തബയുടെയും രാജിക്കായി മുറവിളി ഉയര്‍ന്നിരുന്നു.

Read Also: ഞാന്‍ ജനങ്ങള്‍ക്കൊപ്പം'; ശ്രീലങ്കയില്‍ പ്രക്ഷോഭകാരികള്‍ക്ക് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യയും