പ്രത്യേകം അനുമതിയില്ലാതെ ആര്‍ക്കും കയറാനാവാത്ത ഇവിടെ ഇന്ന് നടന്നത് സങ്കല്‍പ്പിക്കാനാവാത്ത കാര്യങ്ങളായിരുന്നു. ജനകീയ പ്രക്ഷോഭം കണ്ട് പ്രസിഡന്റ് ഓടിരക്ഷപ്പെട്ട ലങ്കയില്‍ ജനക്കൂട്ടം പ്രസിഡന്റിന്റെ കൊട്ടാരം കൈയടക്കി തിമിര്‍ക്കുകയായിരുന്നു.
ഈച്ച പോലും കടക്കാതെ സൂക്ഷിക്കുന്ന കോട്ടയായിരുന്നു ഇന്നലെ വരെ ശ്രീലങ്കന്‍ പ്രസിഡന്റിന്റെ കൊട്ടാരം. സുരക്ഷാ സൈനികര്‍ സദാ കാവല്‍നില്‍ക്കുന്ന ഇതിന്റെ പരിസരങ്ങളില്‍ പോലും പ്രവേശിക്കാന്‍ ആളുകള്‍ക്ക് കഴിഞ്ഞിരുന്നില്ല. പ്രത്യേകം അനുമതിയില്ലാതെ ആര്‍ക്കും കയറാനാവാത്ത ഇവിടെ ഇന്ന് നടന്നത് സങ്കല്‍പ്പിക്കാനാവാത്ത കാര്യങ്ങളായിരുന്നു. ജനകീയ പ്രക്ഷോഭം കണ്ട് പ്രസിഡന്റ് ഓടിരക്ഷപ്പെട്ട ലങ്കയില്‍ ജനക്കൂട്ടം പ്രസിഡന്റിന്റെ കൊട്ടാരം കൈയടക്കി തിമിര്‍ക്കുകയായിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍ കലാപം കത്തിനില്‍ക്കുന്നതിനിടെയാണ് പതിനായിരക്കണക്കിനാളുകള്‍ ലങ്കന്‍ പ്രസിഡന്റ് ഗോത്തബയ രജപക്‌സെയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരമ്പികയറിയത്. സര്‍വ്വ ആയുധങ്ങളുമായി കൊട്ടാരത്തിന് കാവല്‍നിന്ന സുരക്ഷാ സൈനികര്‍ അന്തംവിട്ടുനില്‍ക്കെ ജനങ്ങള്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. Also Read : ജനം ഇരച്ചുകയറി; പ്രസിഡന്‍റിന്‍റെ കൊട്ടാരത്തില്‍ മുറികള്‍ മുതല്‍ സ്വിമിംഗ് പൂള്‍വരെ കൈയ്യടക്കി
പ്രതിഷേധക്കാരെ തടയുന്നതിന് പ്രസിഡന്റ് കഴിഞ്ഞ ദിവസം കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. സായുധ സൈനികര്‍ ഇവിടങ്ങളില്‍ കാവല്‍ നില്‍ക്കുകയും ചെയ്തു. എന്നിട്ടും എല്ലാ ഭീഷണികളെയും മറികടന്ന് ആയിരങ്ങള്‍ രോഷത്തോടെ പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെ നേര്‍ക്ക് പ്രവഹിക്കുകയായിരുന്നു. ജനക്കൂട്ടം കൊട്ടാരം വളഞ്ഞതിനെ തുടര്‍ന്ന് പ്രസിഡന്റ് ഗോത്തബയ രജപക്‌സെ കൊട്ടാരം വിട്ടോടുകയും ചെയ്തു. അതീവ ഗുരുതര സ്ഥിതിയാണ് ശ്രീലങ്കയിലുള്ളത്. രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് നേരത്തെ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജി വെച്ചത്. എന്നാല്‍ പ്രസിഡന്റ് ഗോത്തബയ രജപക്‌സെ സ്ഥാനത്ത് തുടര്‍ന്നു. തുടര്‍ന്നാണ്, ജീവിതം ദുസ്സഹമായ ശ്രീലങ്കയില്‍ ഗോത്തബയുടെ രാജിക്കായി മുറവിളി ഉയര്‍ന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് ജനക്കൂട്ടം പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് ഇരച്ചു കയറിയത്.
അസാധാരണമായിരുന്നു കൊട്ടാരത്തില്‍ നടന്ന സംഭവവികാസങ്ങള്‍. സായുധ കാവല്‍ക്കാരെ നോക്കുകുത്തികളാക്കി ഇരച്ചുകയറിയ ജനക്കൂട്ടം കൊട്ടാരമാകെ കൈയടക്കുകയായിരുന്നു. അവിടെയുള്ള അത്യാധുനിക സൗകര്യമുള്ള നീന്തല്‍ക്കുളത്തിലേക്കും ജനങ്ങള്‍ ഇരച്ചുകയറി. തുടര്‍ന്ന്, നീന്തല്‍ക്കുളത്തിലേക്ക് കുറേപ്പേര്‍ എടുത്തുചാടി. ഒരിക്കലും തങ്ങള്‍ക്ക് പ്രവേശിക്കാനാവാത്ത നീന്തല്‍ക്കുളത്തില്‍ ചെന്നുകയറിയപ്പോള്‍ അവര്‍ തിമിര്‍ക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
ട്വിറ്റിലൂടെയാണ് ഈ ദൃശ്യങ്ങള്‍ വൈറലായത്. അതിമനോഹരമായ നീന്തല്‍ക്കുളത്തില്‍ ആള്‍ക്കൂട്ടം തിമിര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അതോടൊപ്പം, കൊട്ടാരത്തിലെ കമനീയമായി അലങ്കരിച്ച ഗോവണികളിലൂടെ ജനങ്ങള്‍ പ്രവഹിക്കുന്നതും ദൃശ്യങ്ങളില്‍ കാണാനാവും.
