Asianet News MalayalamAsianet News Malayalam

ജി 20 ഉച്ചകോടിക്ക് ഇന്തോനേഷ്യയിൽ തുടക്കം; ഗ്രൂപ്പ് പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കാന്‍ ഇന്ത്യ

ഇന്ത്യയുടെ G20 നേതൃസ്ഥാനത്തിന്‍റെ തീം "വസുധൈവ കുടുംബകം" അല്ലെങ്കിൽ "ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി" എന്നതാണ്. ഇന്ത്യ ഇതിലൂടെ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഐക്യത്തിന്‍റെ ചാലക ശക്തിയായി നില്‍ക്കും. 

India to assume position of Group President G20 summit begins today in Indonesia
Author
First Published Nov 15, 2022, 9:48 AM IST


ബാലി:  ഇന്തോനേഷ്യയുടെ തലസ്ഥാനമായ ബാലിയില്‍ ഇന്ന് തുടങ്ങുന്ന  ജി 20 ഉച്ചകോടിയിൽ ഇന്ത്യ ഗ്രൂപ്പിന്‍റെ നേതൃസ്ഥാനം ഏറ്റെടുക്കും. ഡിസംബര്‍ ഒന്നാണ് ഇന്ത്യ ഗ്രൂപ്പിന്‍റെ നേതൃസ്ഥാനം ഏറ്റെടുക്കുക. ഇത്തവണത്തെ ജി 20 ഉച്ചകോടിയില്‍ ആരോഗ്യം, ഊർജസുരക്ഷ, സാങ്കേതികമാറ്റം എന്നീ വിഷയങ്ങളിൽ ചർച്ച നടക്കും. റഷ്യ, യുക്രൈൻ സംഘർഷവും ചർച്ചയായേക്കും. ബാലിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി സമ്മേളനത്തിനിടെ കൂടിക്കാഴ്ച നടത്തിയ ചിത്രം മോദി ട്വിറ്ററില്‍ പങ്കുവച്ചു. 

"പ്രധാനമന്ത്രി മോദി ജി 20 ലേക്ക് വരുന്നത് പ്രധാനമാണ്, കാരണം, ഇന്ത്യ ഇന്തോനേഷ്യയിൽ നിന്ന് ജി 20 പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കാൻ പോകുന്നു." ഇന്ത്യൻ അംബാസഡർ മനോജ് കുമാർ ഭാരതി പറഞ്ഞു. ഇന്ത്യയുടെ G20 നേതൃസ്ഥാനത്തിന്‍റെ തീം "വസുധൈവ കുടുംബകം" അല്ലെങ്കിൽ "ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി" എന്നതാണ്. ഇന്ത്യ ഇതിലൂടെ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഐക്യത്തിന്‍റെ ചാലക ശക്തിയായി നില്‍ക്കും. റഷ്യയുടെ യുക്രൈന്‍ അധിനിവേഷത്തോടെ ലോകത്ത് പ്രതിസന്ധിയും അരാജകത്വവും നിലനിൽക്കുന്ന സമയത്താണ് ഇന്ത്യയുടെ ജി 20 അധ്യക്ഷസ്ഥാനം വരുന്നതെന്ന് യുക്രൈനിലെ സംഘർഷത്തെ പരാമർശിച്ച് പ്രധാനമന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു. 

 

 

ആയുധങ്ങളുടെയും ഊർജത്തിന്‍റെയും പ്രധാന വിതരണക്കാരായ റഷ്യയുമായുള്ള അടുത്ത ബന്ധത്തെച്ചൊല്ലി ഇന്ത്യയ്ക്ക് നേരെയുള്ള വലിയ തോതിലുള്ള സമ്മര്‍ദ്ദത്തിന് യുഎസ് തയ്യാറായിട്ടില്ല. ചൈനയ്‌ക്കെതിരെ സൈനികമായും സാമ്പത്തികമായും നിലകൊള്ളുന്നതിനാൽ ജപ്പാനും ഓസ്‌ട്രേലിയയും ഉൾപ്പെടുന്ന ഗ്രൂപ്പുമായും യുഎസിനോടും അടുക്കാന്‍ ഇന്ത്യ ശ്രമം നടത്തുന്നുമുണ്ട്. "ഇത്തരം നിർണായക ഘട്ടത്തിൽ ജി 20 അധ്യക്ഷസ്ഥാനം ഏറ്റെടുക്കുക എന്നത് ഒരു വെല്ലുവിളി നിറഞ്ഞ ദൗത്യമാണ്," ഈ വെല്ലുവിളിയെ ഇന്ത്യ അവസരമാക്കി മാറ്റാന്‍ ശ്രമിക്കുമെന്ന് ജി 20 യുടെ ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ അമിതാഭ് കാന്ത് സൂചിപ്പിച്ചു. കാലാവസ്ഥാ പ്രവർത്തനം, ഊർജ സുരക്ഷ, ശക്തമായ പൊതുജനാരോഗ്യ സംവിധാനങ്ങൾ, 2030 -ലെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ ത്വരിതപ്പെടുത്തൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇന്ത്യ അധ്യക്ഷപദവി ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ജി20 ഉച്ചകോടിയിൽ ഭക്ഷ്യ - ഊർജ്ജ സുരക്ഷ, ഡിജിറ്റൽ പരിവർത്തനം, ആരോഗ്യം എന്നീ മൂന്ന് പ്രധാന സെഷനുകളിൽ മോദി പങ്കെടുക്കും. പുനരുപയോഗ ഊർജം, ഡിജിറ്റൽ വിപ്ലവം തുടങ്ങിയ വിഷയങ്ങൾ ഇന്ത്യ ഉന്നയിക്കും. ആരോഗ്യം, കൃഷി, പകർച്ചവ്യാധിയാനന്തര സാമ്പത്തിക വീണ്ടെടുക്കൽ, ഊർജം, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിലെ പ്രധാന ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് ഉച്ചകോടിയിൽ പ്രധാനമന്ത്രി മുന്നോട്ട് വയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നിരവധി നേതാക്കളുമായി പ്രത്യേക ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും എന്നാൽ, ചൈനീസ് പ്രസിഡന്‍റ് ഷിയുമായി കൂടിക്കാഴ്ച നടത്തുമോയെന്നതില്‍ അവ്യക്തയുണ്ട്. യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ, ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് തുടങ്ങി 20 രാജ്യങ്ങളിൽ നിന്നുള്ളവരും യൂറോപ്യൻ യൂണിയനിൽ നിന്നുള്ള തലവന്മാരും ബാലിയിൽ എത്തിയിട്ടുണ്ട്. 

കൂടുതല്‍ വായനയ്ക്ക്:  ജി 20 ഉച്ചകോടിയിൽ ഇന്ത്യയ്ക്ക് ഗുണകരമായ ചർച്ചകളുണ്ടാകും, ഉഭയകക്ഷി ബന്ധം ദൃഢമാക്കും: നരേന്ദ്ര മോദി

Follow Us:
Download App:
  • android
  • ios