അഫ്ഗാനിൽ താലിബാൻറെ മാത്രം സർക്കാരിനെ എതിർക്കുന്നതായി ഇന്ത്യ നിലപാട് വ്യക്തമാക്കി. മറ്റു വിഭാഗങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.
ദില്ലി: അഫ്ഗാനിസ്ഥാനിൽ നിന്ന് 400 പേരെക്കൂടി ഒഴിപ്പിക്കാനുണ്ടെന്ന് ഇന്ത്യ. അമേരിക്കയെ ആണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്. അഫ്ഗാനിൽ താലിബാൻറെ മാത്രം സർക്കാരിനെ എതിർക്കുന്നതായി ഇന്ത്യ നിലപാട് വ്യക്തമാക്കി. മറ്റു വിഭാഗങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.
അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ഒഴിപ്പിക്കൽ എപ്പോൾ സാധ്യമാകുമെന്ന് ഇന്ന് വ്യക്തമായേക്കും. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അമേരിക്കൻ നേതൃത്വവുമായി ബന്ധപ്പെട്ട് അഫ്ഗാനിലെ സാഹചര്യവും ഒഴിപ്പിക്കൽ സാധ്യതകളും ചർച്ച ചെയ്തു. വ്യോമസേനയുടെ ഒരു വിമാനം ഇന്ത്യ ഇന്നലെ കാബൂളിൽ എത്തിച്ചിരുന്നു. കൂടുതൽ യാത്ര വിമാനങ്ങൾ തയ്യാറാക്കി നിർത്താൻ പ്രധാനമന്ത്രി നടത്തിയ ചർച്ചയിൽ ധാരണയായിട്ടുണ്ട്. അതേസമയം അഫ്ഗാൻ സ്വാതന്ത്ര്യ ദിനമായ ഇന്ന് ആഘോഷമില്ലെന്ന് ദില്ലിയിലെ അഫ്ഗാൻ എംബസി വ്യക്തമാക്കി.
അതിനിടെ ഇന്ത്യയുമായുള്ള വ്യാപാരബന്ധം താലിബാൻ നിർത്തിവച്ചു. കയറ്റുമതിയും ഇറക്കുമതിയും നിർത്തിവച്ചിട്ടുണ്ട്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ ഇക്കാര്യം സ്ഥിരീകരിച്ചു. അഫ്ഗാനുമായി നീണ്ടകാല വ്യാപാരബന്ധമുള്ള രാജ്യമാണ് ഇന്ത്യ. പ്രതിവർഷം 3305 ലക്ഷം ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യ അഫ്ഗാനുമായി നടത്തുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
