തീരുവയെക്കുറിച്ചുള്ള തർക്കം തുടരുന്നതിനിടെ പ്രതിരോധ, വിദേശകാര്യ തലത്തിലെ പ്ലസ്ടു ചർച്ച നടത്തി ഇന്ത്യയും അമേരിക്കയും
ദില്ലി: തീരുവയെക്കുറിച്ചുള്ള തർക്കം തുടരുന്നതിനിടെ പ്രതിരോധ, വിദേശകാര്യ തലത്തിലെ പ്ലസ്ടു ചർച്ച നടത്തി ഇന്ത്യയും അമേരിക്കയും. പ്രതിരോധ രംഗത്തെ സഹകരണത്തിന് അടുത്ത പത്തു കൊല്ലത്തേക്കു കൂടി ചട്ടക്കൂട് ഉണ്ടാക്കാനുള്ള കരാർ ഒപ്പിടുന്നത് ചർച്ചയായി. വ്യാപാര വിഷയങ്ങളും ചർച്ചയായെന്നാണ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. എന്നാൽ തീരുവ വിഷയത്തിൽ ഇന്ത്യ ആശങ്ക അറിയിച്ചോ എന്ന് വ്യക്തമല്ല. തീരുവയെക്കുറിച്ച് സംസാരിക്കാൻ ഡോണാൾഡ് ട്രംപ് നാലു വട്ടം നരേന്ദ്ര മോദിയെ വിളിച്ചിട്ടും ഫോണിൽ വരാൻ മോദി തയ്യാറായില്ലെന്ന റിപ്പോർട്ട് ഇതിനിടെ പുറത്തു വന്നിട്ടുണ്ട്. ജർമ്മൻ പത്രം നല്കിയ റിപ്പോർട്ട് വിദേശകാര്യമന്ത്രാലയം നിഷേധിച്ചിട്ടില്ല. ഏകപക്ഷീയമായി തീരുവ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഡോണാൾഡ് ട്രംപുമായി അങ്ങോട്ട് വിളിച്ച് സംഭാഷണം വേണ്ടെന്ന നിലപാടാണ് ഇതു വരെ നരേന്ദ്ര മോദി സ്വീകരിച്ചത്.

