ടെറാൻ: ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പൽ 'സ്റ്റെനാ ഇംപെറോ'യിലുള്ള മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്കും കോൺസുലേറ്റ് സഹായം ഉറപ്പാക്കിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഇവരെ എത്രയും പെട്ടെന്ന് മോചിപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതായും വി മുരളീധരൻ വ്യക്തമാക്കി. 

ഇന്ത്യൻ സമയം ഇന്ന് രാവിലെ ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പല്‍ ഗ്രേസ് വണ്ണിലെ ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അംഗങ്ങള്‍ സന്ദര്‍ശിച്ചെന്നും രാവിലെ കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.

കപ്പലിലെ 24 ഇന്ത്യക്കാര്‍ക്കും ഹൈക്കമ്മീഷന്‍ യാത്രാസൗകര്യം ചെയ്തുകൊടുക്കുമെന്നാണ് മുരളീധരന്‍ അറിയിച്ചിരിക്കുന്നത്. ഇവര്‍ക്ക് യാത്രാ ആവശ്യത്തിനുള്ള രേഖകളും നല്‍കുമെന്നും അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഹൈക്കമ്മീഷന്‍ അംഗങ്ങള്‍ ജീവനക്കാരെ സന്ദര്‍ശിച്ചതിന്‍റെ ചിത്രങ്ങളും വി മുരളീധരന്‍ രാവിലെ പങ്കു വച്ചിരുന്നു. 

ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ഈ മാസം 4നാണ് ഗ്രേസ്-1 എന്ന ഇറാനിയന്‍ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തത്. കപ്പല്‍ 30 ദിവസം തടങ്കലില്‍ വെക്കാനും ജിബ്രാള്‍ട്ടര്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഇതിന് പ്രതികാരമെന്ന നിലയിലാണ് കഴിഞ്ഞ വെള്ളിയാഴ്ച ബ്രിട്ടന്‍റെ എണ്ണക്കപ്പലായ സ്റ്റെനാ ഇംപറോ ഹോര്‍മൂസ് കടലിടുക്കില്‍ വച്ച് ഇറാന്‍ പിടിച്ചെടുത്തത്. ഇരുകപ്പലുകളിലുമായി 42 ഇന്ത്യക്കാരാണ് ഉള്ളത്. ഇവരില്‍ ഏഴ് പേര്‍ മലയാളികളാണ്.

ബ്രിട്ടന്‍ പിടിച്ചെടുത്ത ഗ്രേസ്-1ല്‍ മൂന്നു മലയാളികളാണുള്ളത്. മലപ്പുറം, കാസര്‍കോട്, ഗുരുവായൂര്‍ സ്വദേശികളാണ് ഇവര്‍. ഇറാന്‍ പിടിച്ചെടുത്ത സ്റ്റെനാ ഇംപറോയിലെ ജീവനക്കാരില്‍ നാല് പേര്‍ മലയാളികളാണ്. 

പശ്ചിമേഷ്യയിലെ സംഘർഷ സാധ്യതകൾ രൂക്ഷമാക്കിക്കൊണ്ടാണ് കഴിഞ്ഞ വെള്ളിയാഴ്ച ബ്രിട്ടന്‍റെ എണ്ണക്കപ്പൽ സ്റ്റെന ഇംപറോ ഇറാൻ പിടിച്ചെടുത്തത്. ഇറാനിൽ നിന്നുള്ള ബോട്ടുമായി കപ്പൽ കൂട്ടിയിടിച്ചെന്നാരോപിച്ചായിരുന്നു നടപടി. കപ്പൽ വിട്ടു നൽകണമെന്ന് ഇറാനോട് ബ്രിട്ടൻ വീണ്ടും ആവശ്യപ്പെട്ടു. കപ്പലിലുള്ള ജീവനക്കാർ സുരക്ഷിതരാണെന്ന് വ്യക്തമാക്കിയ ഇറാൻ, പക്ഷേ ഇവർ ബോട്ടപകടത്തിലെ അന്വേഷണവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു.

ഏറെക്കാലമായി ഇറാനും അമേരിക്കയും മറ്റ് പാശ്ചാത്യരാജ്യങ്ങളും തമ്മിൽ നടക്കുന്ന നയതന്ത്ര സംഘർഷങ്ങളുടെ ബാക്കിപത്രമാണ് ഈ 'കപ്പൽപ്പോര്'. ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പൽ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ അന്താരാഷ്ട്ര തലത്തിൽ സജീവമാണ്. വിവിധ രാജ്യങ്ങൾ പ്രശ്നം തണുപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.