സംസ്ഥാന ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടെ ഒരു സ്വകാര്യ കമ്പനിയിൽ രഹസ്യ ജോലി ചെയ്ത ഇന്ത്യൻ വംശജനായ മെഹുൽ ഗോസ്വാമി അറസ്റ്റിൽ. ഒരേ സമയം രണ്ട് ജോലി ചെയ്ത് നികുതിപ്പണത്തിൽ നിന്ന് 50,000 ഡോളറിലധികം തട്ടിയെടുത്തുവെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.
ന്യൂയോർക്ക്: സംസ്ഥാന ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടെ കരാറുകാരനായി രഹസ്യമായി മറ്റൊരു ജോലി കൂടി ചെയ്തതിന് ഇന്ത്യൻ വംശജനായ 39-കാരൻ പിടിയിൽ. മെഹുൽ ഗോസ്വാമിയാണ് യു.എസ്. അധികൃതരുടെ പിടിയിലായത്. മോഷണ (ഗ്രാൻഡ് ലാർസനി) കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ന്യൂയോർക്ക് സ്റ്റേറ്റ് ഇൻസ്പെക്ടർ ജനറൽസ് ഓഫീസും സരടോഗ കൗണ്ടി ഷെരീഫ്സ് ഓഫീസും നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഗോസ്വാമിയുടെ തട്ടിപ്പ് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ നിയമവിരുദ്ധ നടപടിയിലൂടെ നികുതിപ്പണത്തിൽ നിന്ന് 50,000 ഡോളറിലധികം (ഏകദേശം 41 ലക്ഷം രൂപ) ദുരുപയോഗം ചെയ്യപ്പെട്ടു എന്നാണ് യുഎസ്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ന്യൂയോർക്ക് സ്റ്റേറ്റ് ഓഫീസ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി സർവീസസിൽ (ITS) റിമോട്ട് ആയി ജോലി ചെയ്യുകയായിരുന്നു ഗോസ്വാമി. ഇതിനുപുറമെ, 2022 മാർച്ച് മുതൽ മാൾട്ടയിലെ ഗ്ലോബൽഫൗണ്ടറീസ് എന്ന സെമികണ്ടക്ടർ കമ്പനിയിൽ കരാറുകാരനായും ഇദ്ദേഹം ജോലി ചെയ്തുവെന്നാണ് ആരോപണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി തൻ്റെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കേണ്ട അതേ സമയത്തുതന്നെ സ്വകാര്യ കമ്പനിക്ക് വേണ്ടിയും ഇയാൾ പ്രവർത്തിച്ചു എന്ന ഗുരുതര ആരോപണമാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
"പൊതു ജീവനക്കാരിൽ വിശ്വാസത്തോടെ സേവനം ചെയ്യാനുള്ള ഉത്തരവാദിത്തമാണ് ഏൽപ്പിച്ചിരിക്കുന്നത്, ഗോസ്വാമിയുടെ ആരോപിക്കപ്പെടുന്ന ഈ നടപടി ആ വിശ്വാസത്തിൻ്റെ ഗുരുതരമായ ലംഘനമാണ്. സംസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുകയാണെന്ന് അവകാശപ്പെട്ട് രണ്ടാമതൊരു മുഴുവൻ സമയ ജോലി ചെയ്യുന്നത് പൊതുവിഭവങ്ങളുടെയും നികുതിദായകരുടെ പണത്തിൻ്റെയും ദുരുപയോഗമാണ്," ഇൻസ്‌പെക്‌ടർ ജനറൽ ലൂസി ലാങ് പറഞ്ഞു.
ഒക്ടോബർ 15-ന് സരടോഗ കൗണ്ടി ഷെരീഫ്സ് ഓഫീസ് ഗോസ്വാമിയെ 'ഗ്രാൻഡ് ലാർസനി ഇൻ ദ സെക്കൻഡ് ഡിഗ്രി'എന്ന ഗുരുതരമായ ക്ലാസ് സി ഫെലോണി കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. 50,000 ഡോളറിലധികം മോഷ്ടിക്കുക, അല്ലെങ്കിൽ പൊതുസേവനം ദുരുപയോഗം ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഈ വകുപ്പിൽ വരുന്നത്. ന്യൂയോർക്കിൽ പരമാവധി 15 വർഷം വരെ തടവ് ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. 2024-ൽ പദ്ധതി കോർഡിനേറ്ററായിരുന്ന ഗോസ്വാമിയുടെ വാർഷിക വരുമാനം 117,891 ഡോളര്‍ ആയിരുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


