വാഷിം​ഗ്ടൺ: അമേരിക്കയിൽ മുഖംമൂടിധാരിയായ അക്രമിയുടെ വെടിയേറ്റ് ഇന്ത്യക്കാരന്‍ മരിച്ചു. ലോസ് ആഞ്ചലസിൽ വച്ച് മനീന്ദര്‍ സിം​ഗ് സാഹി (31) ആണ് കൊല്ലപ്പെട്ടത്. ആറ് മാസങ്ങള്‍ക്ക് മുമ്പാണ് മനീന്ദര്‍ അമേരിക്കയിലെത്തിയത്.

ശനിയാഴ്ച രാവിലെ ലോസ് ആഞ്ചലസില്‍ മനീന്ദര്‍ ജോലി ചെയ്തിരുന്ന കടയിലാണ് സംഭവം നടന്നത്. മോഷണത്തിനായി തോക്കുമായി കടയിലെത്തിയ അക്രമി മനീന്ദറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ കടയിൽ മറ്റ് രണ്ട് പേർ ഉണ്ടായിരുന്നുവെന്നും ഇവർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്നും വിറ്റിയര്‍ പൊലീസ് അറിയിച്ചു. 

വെടിയുതിര്‍ത്തതിന് പിന്നാലെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. 

മനീന്ദറിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പണം ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ സഹോദരന്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് പേജിലൂടെ ധനസഹായം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്നതാണ് മനീന്ദറിന്റെ കുടുംബം.