കാലിഫോർണിയയിലെ ഫ്രീമോണ്ടിൽ, ഇന്ത്യൻ വംശജൻ ലൈംഗിക കുറ്റവാളിയായ 71-കാരനെ കുത്തിക്കൊലപ്പെടുത്തി. മേഗൻസ് ലോ ഡാറ്റാബേസ് ഉപയോഗിച്ച് ഡേവിഡ് ബ്രിമ്മറിനെ കണ്ടെത്തിയ വരുൺ സുരേഷ്, ബാലപീഡകർ മരിക്കേണ്ടവരെന്ന് വാദിച്ചാണ് കൃത്യം നടത്തിയത്
കാലിഫോർണിയ: അമേരിക്കയിൽ ലൈംഗിക കുറ്റവാളിയായ 71കാരനെ ഇന്ത്യൻ വംശജൻ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. കാലിഫോർണിയയിലെ ഫ്രീമോണ്ടിൽ താമസക്കാരനായ ഡേവിഡ് ബ്രിമ്മറിനെയാണ് വരുൺ സുരേഷ് എന്ന ഇന്ത്യൻ വംശജൻ കൊലപ്പെടുത്തിയത്. 1995-ൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ഒമ്പത് വർഷം ജയിൽ ശിക്ഷ അനുഭവിച്ച ഡേവിഡ് ബ്രിമ്മറിനെ മേഗൻസ് ലോ ഡാറ്റാബേസ് ഉപയോഗിച്ച് കണ്ടെത്തിയ വരുൺ സുരേഷ്, കുട്ടികളെ വേദനിപ്പിക്കുന്നവർ മരിക്കേണ്ടവരാണെന്ന് വാദിച്ചാണ് ഇയാളെ കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ മുൻപരിചയം ഉണ്ടായിരുന്നില്ലെന്നും വരുൺ സുരേഷ് കുറ്റസമ്മതം നടത്തിയെന്നും പൊലീസ് പറയുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇവിടെ നിന്ന് തന്നെയാണ് വരുൺ സുരേഷിനെ അറസ്റ്റ് ചെയ്തത്. ലൈംഗിക കുറ്റവാളിയെ കൊല്ലാൻ താൻ വളരെക്കാലമായി ആഗ്രഹിച്ചിരുന്നുവെന്നാണ് വരുൺ സുരേഷിൻ്റെ മൊഴിയെന്ന് പുറത്ത് വന്ന കോടതി രേഖകൾ വ്യക്തമാക്കുന്നു. കുട്ടികളെ വേദനിപ്പിക്കുന്നവർ മരണത്തിന് അർഹരാണെന്നും പൊലീസ് വന്നില്ലായിരുന്നെങ്കിൽ ബ്രിമ്മറിനെ കൊലപ്പെടുത്തിയ വിവരം താൻ തന്നെ പൊലീസിനെ അറിയിക്കുമായിരുന്നുവെന്നും ഇയാൾ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവം നടന്ന ദിവസം സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് (CPA) എന്ന പേരിൽ വീട്ടുപടി സേവനം നൽകാൻ വീടുകൾ തോറും നടക്കുകയായിരുന്നു വരുൺ സുരേഷ് എന്നാണ് വിവരം. ഒരു ബാഗ്, നോട്ട്ബുക്ക് എന്നിവയും കത്തിയും ഇയാളുടെ പക്കലുണ്ടായിരുന്നു. ഡേവിഡ് ബ്രിമ്മറിന്റെ വീട്ടിലെത്തിയപ്പോൾ, മുൻപ് ഔദ്യോഗിക ഡാറ്റാബേസിൽ നിന്നുള്ള വിവരം പ്രകാരം ഇയാളെ തിരിച്ചറിഞ്ഞ വരുൺ സുരേഷ് പൊടുന്നനെ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി പുറത്തേക്ക് ഓടിയ ഡേവിഡ് ബ്രിമ്മർ ഒരു വാഹനത്തിന് കൈകാട്ടിയെങ്കിലും അവർ നിർത്തിയില്ല. തുടർന്ന് തൊട്ടടുത്ത വീട്ടിലെ ഗാരേജിലേക്കും അവിടെ നിന്ന് അവരുടെ അടുക്കളയിലേക്കും ഇയാൾ ഓടിക്കയറി. പിന്നാലെ ഓടിവന്ന വരുൺ സുരേഷ് ഒന്നിലേറെ തവണ ഡേവിഡിനെ കഴുത്തിൽ കുത്തി. വർഷങ്ങൾക്ക് മുൻപ് ചെയ്ത തെറ്റിന് പശ്ചാത്തപിക്കാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ആക്രമണം. വരുണിൻ്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ഇഴഞ്ഞ് മുന്നോട്ട് നീങ്ങിയ ഇയാളുടെ കഴുത്ത് പ്രതി അറുത്തതായും വിവരമുണ്ട്.
കാലിഫോർണിയയിലെ മേഗൻസ് ലോ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒന്നിലധികം ലൈംഗിക കുറ്റവാളികളുടെ പ്രൊഫൈലുകളുടെ സ്‌ക്രീൻഷോട്ടുകൾ വരുൺ സുരേഷിന്റെ ഫോണിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഇതിൽ ഡേവിഡ് ബ്രിമ്മറിന്റേതും ഉൾപ്പെടുന്നു. ഡേവിഡ് ബ്രിമ്മറിന് കുത്തേറ്റതായി റിപ്പോർട്ട് ചെയ്ത ആദ്യ 911 കോളിന് ഏകദേശം 45 മിനിറ്റ് മുമ്പാണ് ബ്രിമ്മറിന്റെ പ്രൊഫൈലിന്റെ സ്‌ക്രീൻഷോട്ട് വരുൺ സുരേഷ് ഫോണിൽ എടുത്തതെന്ന് പോലീസ് പറഞ്ഞു. പ്രായവും വാർധക്യസഹജമായ ദൗർബല്യവും കണക്കിലെടുത്താണ് ഡേവിഡ് ബ്രിമ്മറിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് വരുൺ സുരേഷിൻ്റെ മൊഴി.
കൊലപാതകം, വീട്ടിൽ അതിക്രമിച്ച് കയറി മോഷണം, മാരകായുധം ഉപയോഗിക്കൽ എന്നീ കുറ്റങ്ങൾ വരുൺ സുരേഷിനെതിരെ ചുമത്തിയിട്ടുണ്ട്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും വരുൺ സുരേഷ് അറസ്റ്റിലായതിനാൽ ഭയക്കേണ്ടതില്ലെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം 2021-ൽ വ്യാജ ബോംബ് ഭീഷണി ഉയർത്തിയതിന് വരുൺ സുരേഷ് അറസ്റ്റിലായിരുന്നുവെന്ന വിവരവും പുറത്തുവന്നു. ഫ്രെമോണ്ടിലെ ഹയാത്ത് പ്ലേസിൽ സംശയാസ്പദമായ നിലയിൽ ബാഗ് ഉപേക്ഷിച്ച ശേഷം ഇയാൾ മോഷണം നടത്തിയിരുന്നു. അതിന് തലേദിവസം ഈ സ്ഥലത്ത് പൊലീസ് ഒരു പ്രതിയെ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. പിന്നാലെയാണ് വ്യാജ ബോംബ് ഭീഷണി ഉയർന്നത്. എന്നാൽ കേസിൽ പിടിയിലായ വരുൺ സുരേഷ്, ഹയാത്ത് ഹോട്ടൽസിന്റെ സിഇഒ ബാലപീഡകനാണെന്ന് കരുതി ഇയാളെ വധിക്കാൻ പദ്ധതിയിട്ടതാണെന്നാണ് പൊലീസിനോട് പറഞ്ഞത്.


