കാണാതായ യുവതിയെയും യുവാവിനെയുമാണ് നിർത്തിയിട്ട കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മധ്യപ്രദേശിലെ അശോക്നഗറിലാണ് സംഭവം. ഇരുവരും നേരത്തേ ഒരുമിച്ച് ജോലിചെയ്തിരുന്നവരാണെന്ന് പൊലീസ് പറഞ്ഞു. 

ഭോപ്പാൽ: കമിതാക്കളായ യുവാവിനെയും യുവതിയെയും കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ അശോക്നഗറിലാണ് സംഭവം. അശോക് നഗർ സ്വദേശികളായ ഋതിക് സോണി (26), മസ്കൻ(24) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ നി‍ർത്തിയിട്ട കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കാറിലെ ഡ്രൈവർ സീറ്റിൽ തലയിൽ വെടിയേറ്റ നിലയിലായിരുന്നു ഋതിക് സോണിയുടെ മൃതദേഹം. യുവാവിന്റെ മുഖത്ത് പൊള്ളലേറ്റ പാടുകളുമുണ്ട്. തൊട്ടടുത്ത സീറ്റിൽ കഴുത്തറത്ത നിലയിലായിരുന്നു മസ്കന്റെ മൃതദേഹം. കാറിൽനിന്ന് ഒരു പിസ്റ്റളും രക്തംപുരണ്ടനിലയിൽ ഒരു കോടാലിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കാർ നിർത്തിയിട്ടതിന് അൻപതുമീറ്റർ അകലെയായി മൂന്ന് മൊബൈൽ ഫോണുകളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

ബുധനാഴ്ച വൈകീട്ടോടെ വീട്ടിൽനിന്ന് ജിംനേഷ്യത്തിലേക്ക് പോയ മസ്കനെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ നേരത്തേ പരാതി നൽകിയിരുന്നു. തുടർന്ന് യുവതിക്കായി പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് യുവാവിനൊപ്പം കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഋതിക്കും മസ്കനും നേരത്തേ ഇൻഡോറിലെ ഒരു സ്വകാര്യ കമ്പനിയിൽ ഒരുമിച്ച് ജോലിചെയ്തിരുന്നവരാണെന്ന് പൊലീസ് പറഞ്ഞു. ഇൻഡോറിൽ ജോലിചെയ്യുന്ന ഋതിക് 15 ദിവസം മുൻപാണ് നാട്ടിൽ തിരിച്ചെത്തിയതെന്നും വീട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും യുവാവിന്റെ വീട്ടുകാർ ആവശ്യപ്പെട്ടു.

പൊലീസും ഫൊറൻസിക് സംഘവും സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും പൊലീസ് പറഞ്ഞു.