അമേരിക്കയിലെ ജിമ്മില്‍ ആന്‍ഡ്രേഡ് എന്ന 24കാരന്‍റെ കുത്തേറ്റ വരുണ്‍ 9 ദിവസം ആശുപത്രിയില്‍ മരണത്തോട് മല്ലിട്ടാണ് ഒടുവില്‍ യാത്രയായത്.

വാഷിങ്ടണ്‍: മുന്‍വൈരാഗ്യമോ പെട്ടെന്നുള്ള വാക്ക് തര്‍ക്കമോ പോലും ഉണ്ടായിട്ടില്ല. എന്നിട്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ വരുണ്‍ രാജ് പുച്ചയെ അമേരിക്കയിലെ ജിമ്മില്‍ കുത്തിക്കൊലപ്പെടുത്തി എന്ന ചോദ്യത്തിന് അക്രമി കൃത്യമായ മറുപടി നല്‍കുന്നില്ല. ഇന്ത്യാനയിലെ ജിമ്മില്‍ വെച്ച് ആന്‍ഡ്രേഡ് എന്ന 24കാരന്‍റെ കുത്തേറ്റ വരുണ്‍ 9 ദിവസം ആശുപത്രിയില്‍ മരണത്തോട് മല്ലിട്ടാണ് ഒടുവില്‍ യാത്രയായത്.

ജിമ്മിലെ മസാജ് റൂമിലേക്ക് നടന്നപ്പോള്‍ തനിക്ക് പരിചയമില്ലാത്ത വരുണിനെ കണ്ടെന്നും വിചിത്രമായി തോന്നിയെന്നുമാണ് ആന്‍ഡ്രേഡ് പൊലീസിനോട് പറഞ്ഞത്. വരുണ്‍ ഭീഷണിപ്പെടുത്തുന്നതായി തോന്നിയെന്നും അതിനാല്‍ പ്രതികരിച്ചു എന്നുമാണ് അക്രമിയുടെ പ്രതികരണം. എന്നാല്‍ വരുണ്‍ തന്നെ ആക്രമിച്ചിട്ടില്ലെന്നും ആന്‍ഡ്രേഡ് തന്നെ പൊലീസിനോട് പറഞ്ഞു.

ആന്‍ഡ്രേഡ് ആക്രമിക്കാന്‍ ഒരുങ്ങിയപ്പോള്‍ മാത്രമാണ് വരുണ്‍ അക്രമിയെ പിടിച്ചുതള്ളാന്‍ ശ്രമിച്ചത്. സ്കൂളില്‍ ഫുട്ബോള്‍ കളിക്കാരനായിരുന്ന തന്നെ സംബന്ധിച്ച് വരുണ്‍ വളരെ ചെറുതാണെന്നും ആന്‍ഡ്രേഡ് പറഞ്ഞു. തന്റെ ജോലിസ്ഥലത്ത് പെട്ടികൾ തുറക്കാൻ സാധാരണയായി ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് ആന്‍ഡ്രേഡ് വരുണിന്‍റെ തലയ്ക്ക് കുത്തിയത്. ആന്‍ഡ്രേഡ് സ്ഥിരമായി ജിമ്മില്‍ വരാറുണ്ടായിരുന്നുവെന്നും ഇങ്ങനെ വിഭ്രാന്തിയുള്ള ആളാണെന്ന് തോന്നിയില്ലെന്നും ജിമ്മിലെ ജീവനക്കാര്‍ പറഞ്ഞു.

തെലങ്കാനയിലെ ഖമ്മം സ്വദേശിയായ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് വരുണ്‍. ഹൈദരാബാദിലെ കോളേജില്‍ നിന്ന് ബിടെക് പൂര്‍ത്തിയാക്കിയ ശേഷമാണ്, അമേരിക്കയിലെ ഇന്ത്യാനയിലെ സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദം പഠിക്കാനെത്തിയത്. വാല്‍പരാസോ സര്‍വകലാശാലയിലായിരുന്നു പഠനം.

'ഒരുപാട് കഷ്ടപ്പെട്ടു, നല്ല ജോലി കിട്ടാൻ അയച്ചതാ': ഹൃദയം തകർന്ന് അമേരിക്കയിൽ കൊല്ലപ്പെട്ട വരുണിന്‍റെ കുടുംബം

വരുണിന് നല്ല വിദ്യാഭ്യാസം നൽകാൻ താൻ ഒരുപാട് കഷ്ടപ്പെട്ടെന്ന് അച്ഛന്‍ രാമമൂര്‍ത്തി പറഞ്ഞു. അവൻ കഠിനാധ്വാനിയായിരുന്നു. ബിരുദാനന്തര ബിരുദം കഴിഞ്ഞാല്‍ നല്ല ജോലി ലഭിക്കുമെന്ന് കരുതിയാണ് അമേരിക്കയിലേക്ക് അയച്ചത്. അവന് മെച്ചപ്പെട്ട ജീവിതം നൽകാൻ ആഗ്രഹിച്ചു. സങ്കൽപ്പിക്കാവുന്നതിലും അപ്പുറമാണ് അവന് സംഭവിച്ചത്. ഹൃദയം തകർന്നു പോയെന്നും അച്ഛന്‍ പറഞ്ഞു. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന, ആരോടും വഴക്കുണ്ടാക്കാത്ത കുട്ടിയാണ് വരുണെന്നും അച്ഛന്‍ പറഞ്ഞു. അവനെ എന്തിനിങ്ങനെ ക്രൂരമായി ആക്രമിച്ചെന്ന് മനസ്സിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യാനയിലെ ജിമ്മില്‍ വെച്ചാണ് വരുണിന് കുത്തേറ്റത്. ഒക്ടോബര്‍ 29നായിരുന്നു സംഭവം. ഫോര്‍ട് വെയിന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 24കാരന്‍ ആന്‍ഡ്രേഡിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം