സിമ്രാന്റെ ബന്ധുക്കളാരും അമേരിക്കയിൽ ഇല്ലെന്നും, യുവതിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നുമാണ് പൊലീസ് പറയുന്നത്.
ന്യൂജേഴ്‌സി: ഇന്ത്യയിൽ നിന്ന് വിവാഹത്തിനായി അമേരിക്കയിലെത്തിയ 24 വയസുകാരിയായ യുവതിയെ കാണാതായതായി. സിമ്രാൻ സിമ്രാൻ എന്ന യുവതിയെ ആണ് ജൂൺ 20-ന് ന്യൂജേഴ്‌സിയിൽ വിമാനം ഇറങ്ങിയതിന് ശേഷം കാണാതായത്. വിമാനമിറങ്ങി അഞ്ച് ദിവസങ്ങൾക്ക് ശേഷം, ബുധനാഴ്ചയാണ് യുവതിയെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചത്. ലിൻഡൻവോൾഡ് പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ, യുവതി ഫോൺ പരിശോധിക്കുന്നതും ആരുമായോ സംസാരിക്കുന്നതും കാണാം.
യുവതി പരിഭ്രാന്തയായിരുന്നില്ലെന്നും ആരെയോ കാത്തുനിൽക്കുന്നത് പോലെയാണ് തോന്നിയതെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ, യുവതി അമേരിക്കയിലെത്തിയത് ഒരു 'അറേഞ്ച്ഡ് മാര്യേജി'ന് വേണ്ടിയാണെന്ന് കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. അതേസമയം, അമേരിക്കയിലേക്ക് സൗജന്യമായി യാത്ര ചെയ്യാനുള്ള ഒരു മറ മാത്രമാണോ ഈ വിവാഹം എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തത് അനുസരിച്ച് ഈ സാധ്യതയും പോലീസ് പരിഗണിക്കുന്നുണ്ട്.
സിമ്രാന്റെ ബന്ധുക്കളാരും അമേരിക്കയിൽ ഇല്ലെന്നും, യുവതിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നുമാണ് പൊലീസ് പറയുന്നത്. സിമ്രാന്‍റെ ഇന്ത്യയിലെ കുടുംബാംഗങ്ങളെ ബന്ധപ്പെടാൻ അധികാരികൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. സിമ്രാൻ ഇപ്പോൾ എവിടെയാണെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ ഇന്ത്യയിൽ കുടുംബാംഗങ്ങളെ ബന്ധപ്പെടാൻ ശ്രമം തുടരുകയായാണെന്ന് ലിൻഡൻവോൾഡ് പൊലീസ് പറഞ്ഞു.
ചാരനിറത്തിലുള്ള സ്വെറ്റ് പാന്റ്സും, വെളുത്ത ടി-ഷർട്ടും, കറുത്ത ഫ്ലിപ്പ്-ഫ്ലോപ്പുകളും, വജ്രം പതിച്ച ചെറിയ കമ്മലുകളുമാണ് സിമ്രാൻ അമേരിക്കയിലെത്തിയര്രോൾ ധരിച്ചിരുന്നത്. അഞ്ച് അടി നാല് ഇഞ്ച് ഉയരവും ഏകദേശം 68 കിലോഗ്രാം ഭാരവും, നെറ്റിയിൽ ഇടതുവശത്ത് ഒരു ചെറിയ മറുകുമാണ് അടയാശം. സിമ്രാനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ലിൻഡൻവോൾഡ് പൊലീസിനെ വിവരമറിയിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.


