ദില്ലി: ഈ മാസം വിവാഹമാണെന്നും ചൈനയില്‍ നിന്ന് നാട്ടിലെത്തിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച്  യുവതി. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ സ്വദേശിയായ അന്നെം ജ്യോതിയാണ് സഹായമഭ്യര്‍ത്ഥിച്ചുള്ള വീഡിയോ പങ്കുവെച്ചത്. വുഹാനില്‍ നിന്നും ഇന്ത്യക്കാരെയും വഹിച്ചെത്തിയ ആദ്യ എയര്‍ ഇന്ത്യ വിമാനത്തില്‍ വരേണ്ടതായിരുന്നെന്നും എന്നാല്‍ ചെറിയ പനിയുള്ളതിനാല്‍ സംഘത്തില്‍ നിന്ന് ഒഴിവാക്കിയെന്നും വീഡിയോയില്‍ യുവതി പറഞ്ഞു. 

'ആദ്യ വിമാനത്തില്‍ ഇന്ത്യയിലേക്ക് മടങ്ങാമെന്നാണ് ഞാനും സഹപ്രവര്‍ത്തകരായ 58 പേരും വിചാരിച്ചിരുന്നത്. എന്നാല്‍ ഞങ്ങളില്‍ രണ്ടുപേര്‍ക്ക് പനിയുണ്ടായിരുന്നതിനാല്‍ അടുത്ത ഘട്ടത്തില്‍ കൊണ്ടുപോകാമെന്ന് പറയുകയായിരുന്നു. പിന്നീട് വൈകിട്ടുള്ള രണ്ടാമത്തെ വിമാനത്തിലും കൊണ്ടുപോകാന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. പൂര്‍ണ ആരോഗ്യമുണ്ടെന്ന് തെളിയിക്കാന്‍ വൈദ്യപരിശോധന നടത്താന്‍ തയ്യാറാണ്'- ജ്യോതി പറയുന്നു. 

Read More: കൊറോണ കാലത്തെ പ്രണയം; അതീവ സുരക്ഷയില്‍ ചൈനീസ് യുവതിയെ താലി ചാര്‍ത്തി ഇന്ത്യന്‍ യുവാവ്

ആദ്യസംഘം ഇന്ത്യയിലേക്ക് പുറപ്പെടുമ്പോള്‍ നേരിയ പനി മാത്രമാണ് ഉണ്ടായിരുന്നത്. സാഹചര്യത്തിന്‍റെ സമ്മര്‍ദ്ദം മൂലമാണ് ശരീര താപനില ഉയര്‍ന്നത്. ഇപ്പോള്‍ പനിയില്ല. കൊറോണ ബാധിച്ചതിന്‍റെ ലക്ഷണങ്ങളില്ല. വൈദ്യപരിശോധനകള്‍ക്ക് തയ്യാറാണെന്നും തിരികെ വീട്ടിലെത്തിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണെന്നും യുവതി പറഞ്ഞു.