ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലെ ബാർസാൻ ഗ്യാസ് സപ്ലൈ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും 66 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതൊരു അട്ടിമറിയോ ആക്രമണമോ അല്ലെന്നും പൂർണ്ണമായും സാങ്കേതിക തകരാർ മൂലമുണ്ടായ അപകടമാണെന്നും ഊർജ മന്ത്രി വ്യക്തമാക്കി.
ദോഹ: ഖത്തറിലെ പ്രമുഖ പ്രകൃതിവാതക കയറ്റുമതി കേന്ദ്രമായ റാസ് ലഫാൻ വ്യവസായ മേഖലയിലുണ്ടായ സ്‌ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഞായറാഴ്ച രാത്രി ബാർസാൻ ഗ്യാസ് സപ്ലൈ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ 18 തൊഴിലാളികളെ കാണാതായതായും 66 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. അപകടത്തിൽ കൊല്ലപ്പെട്ടവർ ഇന്ത്യ, പാകിസ്ഥാൻ സ്വദേശികളാണെന്ന് ഖത്തർ ഊർജ മന്ത്രി സാദ് അൽ കാബി വാർത്താ സമ്മേളനത്തിൽ സ്ഥിരീകരിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. അപകടത്തിൽ 66 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ വ്യക്തമാക്കി.
പ്രാദേശിക കമ്പനികൾക്ക് വാതകം എത്തിക്കുന്ന 'ബർസാൻ ഗ്യാസ് സപ്ലൈ' പ്ലാന്റിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. കഴിഞ്ഞ മാർച്ചിൽ ഈ പ്ലാന്റിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. അന്ന് സംഭവിച്ച വലിയ നാശനഷ്ടങ്ങളെത്തുടർന്ന് ഇവിടത്തെ ഉൽപ്പാദനം മാസങ്ങളായി നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇതൊരു അട്ടിമറിയോ ആക്രമണമോ അല്ലെന്നും പൂർണ്ണമായും സാങ്കേതിക തകരാർ മൂലമുണ്ടായ അപകടമാണെന്നും ഊർജ മന്ത്രി വ്യക്തമാക്കി. അപകടത്തെത്തുടർന്ന് പ്ലാന്റിൽ വലിയ രീതിയിൽ തീപിടിത്തമുണ്ടായെങ്കിലും അടിയന്തര സുരക്ഷാ സേനയെത്തി തീയണച്ചു. തലസ്ഥാനമായ ദോഹയിൽ വരെ സ്ഫോടനത്തിന്റെ ശബ്ദം മുഴങ്ങിക്കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
അപകടം ഖത്തറിന്റെ അന്താരാഷ്ട്ര എൽ.എൻ.ജി കയറ്റുമതിയെയോ പ്രാദേശിക ആവശ്യങ്ങളെയോ യാതൊരു വിധത്തിലും ബാധിക്കില്ലെന്ന് ഖത്തർ എനർജി സി.ഇ.ഒ കൂടിയായ ഊർജ മന്ത്രി അറിയിച്ചു. കൂടാതെ പരിസ്ഥിതി പ്രശ്നങ്ങൾ ഒന്നും തന്നെ സ്ഫോടനം മൂലമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ സഹായിക്കാനും പരിക്കേറ്റവർക്ക് അടിയന്തര സഹായം ലഭ്യമാക്കാനുമായി ഖത്തറിലെ ഇന്ത്യൻ എംബസി അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് അറിയിച്ചു. സഹായങ്ങൾക്കായി താഴെ പറയുന്ന ഹെൽപ്പ്‌ലൈൻ നമ്പറുകളിലും ഇമെയിലിലും ബന്ധപ്പെടാം: ഫോൺ നമ്പറുകൾ: +974-55647502, +975-55384683. ഇമെയിൽ: cons.doha@mea.gov.in


