ഇവര്‍ക്കെതിരെ കൊലപാതക ശ്രമം, കൊലപാതകത്തിനായുള്ള ഗൂഢാലോചന, കൊലപാതകത്തിന് പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയതായാണ് ലോസ് ഏയ്ഞ്ചലസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് അറിയിച്ചത്.

ലോസ് ഏയ്ഞ്ചലസ്: മകളുടെ അവകാശത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ, മുന്‍ കാമുകനെ കൊല്ലാന്‍ ഡാര്‍ക്ക് വെബിലൂടെ കൊലയാളിയെ വാടകക്കെടുത്ത കേസില്‍ ഇന്‍ഫ്‌ലുവന്‍സര്‍ക്കെതിരെ കേസ് എടുത്തു. അമേരിക്കയിലാണ് സംഭവം. 'വൈ ഡോണ്ട് വീ' എന്ന സംഗീത ബാന്‍ഡിലെ അംഗമായ ഗായകന്‍ ജാക്ക് അവേരിയെ വധിക്കാന്‍ കൊലയാളിയെ വാടകക്കെടുത്ത കേസിലാണ് മുന്‍ കാമുകിയും ഇന്‍ഫ്‌ലുവന്‍സറുമായ ഗബ്രിയേല ഗോണ്‍സാലസ് നേരത്തെ അറസ്റ്റിലായത്. ഇവര്‍ക്കെതിരെ കൊലപാതക ശ്രമം, കൊലപാതകത്തിനായുള്ള ഗൂഢാലോചന, കൊലപാതകത്തിന് പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയതായാണ് ലോസ് ഏയ്ഞ്ചലസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് അറിയിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ ഫോളോവേഴ്സുള്ള ഇന്‍ഫലുവന്‍സറാണ് 24 വയസ്സുകാരിയായ ഗബ്രിയേല ഗോണ്‍സാലസ്. ഇന്‍സ്റ്റാഗ്രാമില്‍ നാലര ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട് ഇവര്‍ക്ക്. ഇവരുടെ മുന്‍ കാമുകനാണ് ഗായകനായ ജാക്ക് അവേരി. ഇവര്‍ക്ക് ഏഴ് വയസ്സുള്ള മകളുണ്ട്. കുട്ടിയുടെ അവകാശത്തിനായി ഇരുവരും തമ്മില്‍ നിലവില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. അതിനിടയില്‍ കാമുകനെ കൊലപ്പെടുത്താന്‍ ഗബ്രിയേല ഡാര്‍ക്ക് വെബ്ബിലൂടെ കൊലയാളിയെ വാടകക്കെടുത്തു എന്നാണ് കേസ്. ഗബ്രിയേലയുടെ പിതാവ് ഫ്രാന്‍സിസ്‌കോ ഗോണ്‍സാലസ് (59), നിലവിലെ കാമുകന്‍ കൈ കോര്‍ഡ്രേ (26) എന്നിവരെയും അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. എഫ്.ബി.ഐയാണ് ഈ കേസില്‍ അന്വേഷണം ആരംഭിച്ചത്. പിന്നീടിത് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസിന് കൈമാറി. കുറ്റം തെളിയിക്കപ്പെട്ടാല്‍ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കാം.

2020-നും 2021-നും ഇടയിലാണ് കേസിന് ആസ്പദമായ സംഭവം. അവേരിയെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളിയെ സംഘടിപ്പിക്കാന്‍ ഗബ്രിയേല പുതിയ കാമുകന്‍ കോര്‍ഡ്രേയുടെ സഹായം തേടിയതായാണ് കേസ്. 2021 ഏപ്രിലില്‍, ഗബ്രിയേലയുടെ പിതാവ് കോര്‍ഡ്രേയ്ക്ക് 10,000 ഡോളര്‍ ഇതിന്റെ മുന്‍കൂര്‍ പണമായി അയച്ചുകൊടുത്തു. രണ്ടു മാസത്തിനുശേഷം, വാടകക്കൊലയാളി കൂടുതല്‍ പണം ആവശ്യപ്പെട്ടുവ്വന്ന് പറഞ്ഞ് കോര്‍ഡ്രേ കൂടുതല്‍ പണം ആവശ്യപ്പെടുകയും 4,000 ഡോളര്‍ കൂടി നല്‍കുകയും ചെയ്തു.

2021 സെപ്റ്റംബറില്‍, വാടകക്കൊലയാളിയെന്ന് പറഞ്ഞ് എത്തിയ രഹസ്യപ്പൊലീസ് ഉദ്യോഗസ്ഥനുമായി ഈ കൊലപാതക പദ്ധതി കോര്‍ഡ്രേ സംസാരിച്ചു. അവേരിയാണ് ലക്ഷ്യമെന്ന് കോര്‍ഡ്രേ ഈ രഹസ്യപ്പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞു. പതിഫലത്തെക്കുറിച്ചും കൊലപാതക ആസൂത്രണത്തെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തതായി കേസ് രേഖകളില്‍ പറയുന്നു.

'വൈ ഡോണ്ട് വീ' എന്ന ബോയ് ബാന്‍ഡ് അംഗമാണ് അവേരി. 2018-ല്‍ അവരുടെ ആദ്യ ആല്‍ബം പുറത്തിറക്കിയിരുന്നു, അതില്‍ '8 ലെറ്റേഴ്‌സ്' എന്ന ഗാനവും ഉള്‍പ്പെട്ടിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം അവരുടെ രണ്ടാമത്തെ ആല്‍ബം പുറത്തുവന്നു.