ജൊഹ്നാസ്ബര്‍ഗ്: ആഫ്രിക്കയിലെ നിറോക്സ് സക്ള്‍പ്ചര്‍ പാര്‍ക്കില്‍ ഇന്ത്യന്‍ ഭരണഘടനാ ശില്‍പ്പി അംബേദ്കറിന് ഇന്‍സ്റ്റലേഷൻ ഒരുക്കി മലയാളി. ഫോര്‍ത്ത് വേള്‍ഡ് എന്ന് പേരിലാണ് തൃശൂര്‍ സ്വദേശി റിയാസ് കോമുവിന്‍റെ  സൃഷ്ടി പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്. മനുഷ്യത്വത്തിന്‍റെ തൊട്ടിലെന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്കള്‍പ്ചര്‍ പാര്‍ക്കില്‍ തന്നെയാണ് തുല്ല്യതക്ക് വേണ്ടി പോരാടിയ അംബേദ്കറിന്‍റെ ഇന്‍സ്റ്റലേഷൻ ഒരുക്കിയിരിക്കുന്നത്.

നാല് ദിക്കുകളെ അഭിമുഖീകരിച്ച് വ്യത്യസ്ത ഉയരങ്ങളില്‍ ഒരുക്കിയ നാല് അടിത്തറകളാണ് ഇന്‍സ്റ്റലേഷനിലുള്ളത്. രണ്ട് അടിത്തറകള്‍ ഒഴിച്ചിട്ടാണ് ഇരിക്കുന്നത്. കിഴക്കിനും പടിഞ്ഞാറിനും അഭിമുഖമായി നില്‍ക്കുന്ന രണ്ട് തറകളില്‍ അംബ്ദേകറിന്‍റെ പ്രതിമകള്‍ കാണാം. സ്യൂട്ടും ടൈയുമണിഞ്ഞ് വലതുകൈ ഉയര്‍ത്തി നില്‍ക്കുന്ന അംബേദ്കറിന്‍റെ പ്രതിമയുടെ കയ്യില്‍ ഭരണഘടന ഇല്ല. ഇന്ത്യയില്‍ കയ്യില്‍ ഭരണഘടനയുമായി നില്‍ക്കുന്ന അംബേദ്കറിന്‍റെ പ്രതിമകളാണ് കാണാന്‍ കഴിയുക. 

ഭരണഘടന ശില്‍പ്പിയെന്ന രീതിയില്‍ മാത്രം അവതരിപ്പിക്കാതെ അംബ്ദേകറിന് മറ്റൊരു തലം കൂടി നല്‍കിയിരിക്കുകയാണ് ഇന്‍സ്റ്റലേഷനിലൂടെ. കേള്‍വിക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നതായോ, ഒരു കാര്യം വിശദീകരിക്കുന്നതോ ആയ രീതിയിലാണ് അംബ്ദേകറിന്‍റെ ഉയര്‍ത്തി പിടിച്ച കൈ ചിത്രീകരിച്ചിരിക്കുന്നത്. മറ്റേ കൈ മൈക്ക് സ്റ്റാന്‍റില്‍ പിടിച്ച നിലയിലാണ്. വരും കാലത്തെക്കുറിച്ച് മാത്രമല്ല മറന്ന് പോയ ചരിത്രത്തിലേക്ക് കൂടിയാണ് അംബ്ദേകര്‍ ചൂണ്ടുന്നത്.