ജയിലില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സമൗദിയുടെ ശരീരഭാരം 50 കിലോ കുറഞ്ഞു, അതായത് ഏകദേശം പകുതിയോളം. ജയിലില്‍ അനുഭവിക്കേണ്ടി വന്ന കഠിനാനുഭവങ്ങളുടെ ആഘാതം ആ ശരീരത്തില്‍ പ്രകടമാണ്.

വെസ്റ്റ് ബാങ്ക്: 'അതാണ് യഥാര്‍ത്ഥ നരകം. ഇസ്രായേലി ജയിലുകള്‍ എല്ലാ അര്‍ത്ഥത്തിലും നരകമാണ്.'- വെസ്റ്റ് ബാങ്കിലെ വീട്ടില്‍ വെച്ച് സി എന്‍ എന്‍ ചാനലിനോട് സംസാരിക്കുമ്പോള്‍ ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകന്‍ അലി അല്‍ സമൗദി പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

സിഎന്‍എന്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര മാധ്യമസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന, നാലു പതിറ്റാണ്ടായി മാധ്യമപ്രവര്‍ത്തനം നടത്തുന്ന സമൗദി ഒരു വര്‍ഷത്തോളം ഇസ്രായേല്‍ ജയിലിലായിരുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ഡിറ്റന്‍ഷന്‍ നിയമപ്രകാരമാണ് മാധ്യമപ്രവര്‍ത്തകനായ ഇദ്ദേഹത്തെ ഇസ്രായേല്‍ തടവിലിട്ടത്. ഫലസ്തീനികളെ ആറ് മാസം വരെ തടവിലാക്കാന്‍ ഇസ്രായേല്‍ സൈന്യത്തെ അനുവദിക്കുന്ന നിയമമാണിത്. വിചാരണ കൂടാതെ തടവ് കാലാവധി നീട്ടാനും കഴിയുന്ന ഈ നിയമപ്രകാരം കുറ്റപത്രം പോലും നല്‍കേണ്ടതില്ല.

2023 ഒക്ടോബര്‍ 7-ന് ശേഷം സമൗദി അടക്കം 105 ഫലസ്തീനി മാധ്യമപ്രവര്‍ത്തകരെയാണ് ഇസ്രായേല്‍ തടവിലാക്കിയത് എന്നാണ് കമ്മിറ്റി റ്റു പ്രൊട്ടക്ട് ജേണലിസ്റ്റ്‌സ് വ്യക്തമാക്കുന്നത്. ഇതില്‍ ഭൂരിഭാഗം പേരെയും കുറ്റം ചുമത്താതെയാണ് തടവില്‍ വെച്ചത്. ഇവരില്‍ 33 ഫലസ്തീനി മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോഴും തടവിലാണെന്നും സംഘടന അറിയിച്ചു. സിഎന്‍എന്‍ ലേഖകനായിരുന്ന സമൗദി രാജ്യാന്തര തലത്തില്‍ പ്രശസ്തനാണ്. 2022-ല്‍ ഫലസ്തീന്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക ഷിറീന്‍ അബു അഖ്ല ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിക്കുമ്പോള്‍ അദ്ദേഹം അരികിലുണ്ടായിരുന്നു. അന്ന് അദ്ദേഹത്തിന് തോളില്‍ വെടിയേല്‍ക്കുകയും ചെയ്തു.

ഒരു വര്‍ഷത്തിനിടെ കുറഞ്ഞത് 50 കിലോ!

59 വയസ്സുണ്ട് ഈ ഫലസ്തീനി മാധ്യമപ്രവര്‍ത്തകന്. മെലിഞ്ഞുണങ്ങിയ ശരീരപ്രകൃതി. വെട്ടി ഒതുക്കിയ നരച്ച മുടിയും താടിയും. ജയിലില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സമൗദിയുടെ ശരീരഭാരം 50 കിലോ കുറഞ്ഞു, അതായത് ഏകദേശം പകുതിയോളം. ജയിലില്‍ അനുഭവിക്കേണ്ടി വന്ന കഠിനാനുഭവങ്ങളുടെ ആഘാതം ആ ശരീരത്തില്‍ പ്രകടമാണ്.

നാല്‍പ്പത് വര്‍ഷത്തെ റിപ്പോര്‍ട്ടിംഗ് പരിചയമുണ്ടായിരുന്നിട്ടും, ഇസ്രായേല്‍ ജയിലുകളിലെ അവസ്ഥ കണ്ട് താന്‍ ഞെട്ടിപ്പോയെന്ന് സമൗദി പറഞ്ഞു. അത്ര കൂരമായിരുന്നു അവിടെ നേരിടേണ്ടി വന്ന ശാരീരികവും മാനസികവുമായ പീഡനങ്ങള്‍. ജീവനോടെ പുറത്തിറങ്ങുമോ എന്ന് പോലും പലപ്പോഴും സംശയിച്ചു.

'ജീവനോടെ നിലനിര്‍ത്താന്‍ ആവശ്യമായ ഭക്ഷണം മാത്രമാണ് നല്‍കിയിരുന്നത്. ഭൂരിഭാഗം ഫലസ്തീന്‍ തടവുകാരും എല്ലും തോലുമായ അവസ്ഥയിലാണ്.'

തടവുകാരുടെ അടിസ്ഥാന പോഷകാഹാര ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ രാജ്യം പരാജയപ്പെടുകയാണെന്ന് നിരീക്ഷിച്ച ഇസ്രായേല്‍ സുപ്രീം കോടതി ജയില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ജയിലുകളുടെ ചുമതലയുള്ള തീവ്ര വലതുപക്ഷ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയാണ്. ജയിലിലെ മോശം ഭക്ഷണത്തെക്കുറിച്ച് അഭിമാനത്തോടെയാണ് മന്ത്രി സംസാരിക്കുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുസ്തകങ്ങള്‍, പേനകള്‍, കടലാസ് എന്നിവയെല്ലാം ജയിലില്‍ നിരോധിച്ചിരുന്നുവെന്ന് സമൗദി പറഞ്ഞു. ആഴ്ചതോറും ലഭിച്ച ഷാംപൂ പായ്ക്കറ്റില്‍ അത് നായ്ക്കള്‍ക്ക് വേണ്ടിയുള്ളതാണെന്ന് രേഖപ്പെടുത്തിയിരുന്നു. മര്‍ദ്ദനങ്ങള്‍ പതിവായിരുന്നു. ഹിയറിംഗുകള്‍ക്ക് പോകുമ്പോഴും ക്ലിനിക്കുകളിലേക്ക് കൊണ്ടുപോകുമ്പോഴും ക്രൂരമര്‍ദ്ദനമായിരുന്നു.

'ഒരിക്കല്‍ അഭിഭാഷകനെ കണ്ടു മടങ്ങുമ്പോള്‍, അവര്‍ ഞങ്ങളെ തറയില്‍ കമിഴ്ത്തിക്കിടത്തി. പിന്നെ ക്രൂര മര്‍ദ്ദനമായിരുന്നു. ഒരു ഉദ്യോഗസ്ഥന്‍ എന്റെ തലയില്‍ ചവിട്ടിപ്പിടിച്ചു. നാലഞ്ച് മിനിറ്റ് എന്റെ മുഖം തറയില്‍ അമര്‍ത്തി. ശ്വാസം മുട്ടി മരിക്കുമെന്ന് തോന്നി.'-അദ്ദേഹം പറയുന്നു.

'ഞങ്ങളുടെ മുന്നില്‍ അവന്‍ അവിടെ മരിച്ചുവീണു'

എന്നാല്‍ താന്‍ അനുഭവിച്ചതല്ല, മറ്റുള്ളവര്‍ അനുഭവിക്കുന്നത് കാണേണ്ടി വന്നതാണ് സി എന്‍ എന്‍ അഭിമുഖത്തിനിടെ സമൗദി പറഞ്ഞ ഏറ്റവും ്രകൂരമായ അനുഭവം. ജെനിനില്‍ നിന്നുള്ള 22 വയസ്സുള്ള ലുവായ് തുര്‍ക്ക്മാന്‍ എന്ന യുവാവിന്റെ അനുഭവം അദ്ദേഹം ഏറ്റുപറഞ്ഞു. 'ഒരു രാത്രിയില്‍ അവന്‍ ഗുരുതരാവസ്ഥയിലായി. ക്ലിനിക്കിലേക്ക് കൊണ്ടുപോകാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ വിസമ്മതിച്ചു. അടുത്ത ദിവസം രാവിലെയും ഗാര്‍ഡുകള്‍ അവനെ കൊണ്ടുപോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഞങ്ങള്‍ ചില തടവുകാര്‍ അവനെ ഒരു മെത്തയില്‍ കിടത്തി മുറ്റത്തേക്ക് കൊണ്ടുവന്നു. ഞങ്ങളുടെ മുന്നില്‍ അവന്‍ അവിടെ മരിച്ചുവീണു. അവന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. എന്തിനാണിങ്ങനെ? ഞങ്ങള്‍ മനുഷ്യരല്ലേ?'-അദ്ദേഹം ചോദിക്കുന്നു.

ഫലസ്തീന്‍ സായുധ ഗ്രൂപ്പായ ഇസ്ലാമിക് ജിഹാദിന് സാമ്പത്തിക സഹായം നല്‍കിയെന്നാരോപിച്ചാണ്

2025 ഏപ്രിലില്‍ സമൗദിയെ തടവിലാക്കിയത്. അദ്ദേഹത്തെ 'ഭീകരന്‍' എന്നും മുദ്രകുത്തി. എന്നാല്‍, ഈ ആരോപണം ശുദ്ധ അസംബന്ധമാണ് എന്നാണ് സമൗദി അഭിമുഖത്തില്‍ പറഞ്ഞത്.

മാധ്യമപ്രവര്‍ത്തനത്തോടുള്ള ഭയം!

സമൗദിക്കെതിരെ ഒരു കുറ്റവും ഇസ്രായേല്‍ ചുമത്തിയിരുന്നില്ല. കുറ്റപത്രവും നല്‍കിയില്ല. 'ചോദ്യം ചെയ്യലിനിടെ ഒരിക്കല്‍ പോലും ഇസ്ലാമിക് ജിഹാദിനെക്കുറിച്ചോ ഭീകര സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതിനെക്കുറിച്ചോ ചോദിച്ചില്ല. പകരം, എന്റെ റിപ്പോര്‍ട്ടിംഗിനെക്കുറിച്ചാണ് അവര്‍ ചോദിച്ചത്. ഇസ്രായേലിന്റെ സുരക്ഷ അപകടപ്പെടുത്തുന്നുവെന്നായിരുന്നു അവര്‍ പറഞ്ഞത്. എന്റെ അറസ്റ്റ് ഫലസ്തീനിലെ മാധ്യമങ്ങള്‍ക്കെതിരായ ഇസ്രായേല്‍ യുദ്ധത്തിന്റെ ഭാഗമാണ്. എന്റെ ശബ്ദം നിശബ്ദമാക്കാനും എന്റെ ക്യാമറ തടയാനും എന്റെ പേന ഒടിക്കാനും അന്താരാഷ്ട്ര നിയമങ്ങള്‍ ഉറപ്പുനല്‍കുന്ന പത്രസ്വാതന്ത്ര്യം തടയാനുമാണ് അവര്‍ ശ്രമിച്ചത'-സമൗദി പറഞ്ഞു.

ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ വീണ്ടും ജയിലിലടക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: 'അതെ. അതെ. തീര്‍ച്ചയായും, അവര്‍ എന്നെ വീണ്ടും അറസ്റ്റ് ചെയ്യുമെന്ന് ഞാന്‍ ഭയപ്പെടുന്നു. മോചിപ്പിക്കപ്പെട്ട ശേഷം വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ട നിരവധി മാധ്യമപ്രവര്‍ത്തകരുണ്ട്. എന്നാല്‍ ഒരു കാര്യം പറയാം. മാധ്യമപ്രവര്‍ത്തനം ചെയ്യുന്നതില്‍നിന്ന് എന്നെ തടയാന്‍ ഒന്നിനും കഴിയില്ല. മാധ്യമപ്രവര്‍ത്തനം എന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഈ ജീവിതത്തില്‍ എനിക്ക് നിര്‍വഹിക്കാനുള്ള ദൗത്യമാണത്.'