സൈനികരില്‍ ഒരാള്‍ 'മൂര്‍ച്ചയുള്ള വസ്തു' ഉപയോഗിച്ച് മലദ്വാരത്തില്‍ കുത്തിയതിനാലാണ് മലാശയ ഭിത്തിയില്‍ മുറിവുണ്ടായതെന്നായിരുന്നു കുറ്റപത്രത്തില്‍. ലൈംഗിക കുറ്റകൃത്യങ്ങള്‍ ഒഴിവാക്കിയായിരുന്നു കുറ്റപത്രം.

ജറൂസലെം: ജയിലില്‍ ഫലസ്തീന്‍ തടവുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അഞ്ച് ഇസ്രായേല്‍ സൈനികര്‍ക്കെതിരായ കേസ് ഒഴിവാക്കി. അന്താരാഷ്ട്ര തലത്തില്‍ വിവാദമായ കേസില്‍ നടപടി അവസാനിപ്പിച്ചതായി ഇസ്രായേല്‍ സൈന്യം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. തെളിവുകള്‍ ശേഖരിക്കാന്‍ ബുദ്ധിമുട്ടാണ് എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. ഇറാനെതിരെ ഇസ്രായേല്‍ സൈന്യം ആക്രമണം തുടരുന്നതിനിടെയാണ് ഈ തീരുമാനം.

തീരുമാനത്തെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വാഗതം ചെയ്തു. പ്രോസിക്യൂഷന്‍ നടപടി കള്ളക്കഥ ആണെന്നും, ഇത് ഇസ്രായേലിനെ അപകീര്‍ത്തിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. കേസ് കൈകാര്യം ചെയ്ത രീതി കുറ്റകരമായിരുന്നു എന്നും നെതന്യാഹു പറഞ്ഞു. 'ഇസ്രായേല്‍ വേട്ടയാടേണ്ടത് അതിന്റെ ശത്രുക്കളെയാണ്, അല്ലാതെ വീരയോദ്ധാക്കളെയല്ല'- നെതന്യാഹു പറഞ്ഞു.

2024 ജൂലൈയില്‍ ഗാസയില്‍ ഹമാസിനെതിരെ രണ്ട് വര്‍ഷം നീണ്ടുനിന്ന യുദ്ധകാലത്താണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. തെക്കന്‍ ഇസ്രായേലിലെ സൈനിക താവളമായ സെഡെ തേയ്മാനില്‍ തടവില്‍ കഴിഞ്ഞിരുന്ന ഗാസ സ്വദേശിയായ യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു കേസ്. സംഭവത്തില്‍ അഞ്ച് സൈനികരെ കസ്റ്റഡിയിലെടുത്തു. തടവുകാരന്‍ ബലാത്സംഗം ചെയ്യപ്പെട്ടെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍. വാര്‍ത്ത പുറത്തുവന്നതോടെ കോളിളക്കമുണ്ടായത്. ഇസ്രായേല്‍ ജയിലുകളില്‍ ഫലസ്തീന്‍ തടവുകാര്‍ അനുഭവിക്കുന്ന ്രകൂരപീഡനങ്ങളുടെ ഭാഗമാണിതെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു.

ഇതിനിടയിലാണ് പീഡനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്. വീഡിയോ പ്രാദേശിക മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ സൈന്യത്തിലെ ഒരുദ്യോഗസ്ഥ ഒക്ടോബറില്‍ രാജിവെച്ചിരുന്നു. ഇതോടെയാണ് വിവാദം രൂക്ഷമായത്. കേസ് ഉപേക്ഷിക്കാനുള്ള സമ്മര്‍ദ്ദങ്ങള്‍ പ്രതിരോധിക്കാനാണ് ദൃശ്യങ്ങള്‍ ചോര്‍ത്തിയതെന്ന് ചീഫ് ലീഗല്‍ ഓഫീസറായ മേജര്‍ ജനറല്‍ ഇഫാത്ത് ടോമര്‍ യെരുഷാല്‍മി പറഞ്ഞിരുന്നത്. എന്നാല്‍, നെതന്യാഹു സര്‍ക്കാര്‍ ഈ സംഭവം ഉയര്‍ത്തി കേസിനെ നേരിട്ടു. നിയമനടപടികള്‍ കളങ്കിതമായെന്ന് ചൂണ്ടിക്കാട്ടി വിചാരണ നിര്‍ത്തണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.

2025 ഫെബ്രുവരിയില്‍ സൈനികര്‍ക്കെതിരെ അന്തിമ കുറ്റപത്രം നല്‍കി. ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ഒഴിവാക്കിയായിരുന്നു കുറ്റപത്രം. തടവുകാരനെ പീഡിപ്പിച്ചു, ഗുരുതരമായി പരിക്കേല്‍പ്പിച്ചു എന്നിവയായിരുന്നു കുറ്റങ്ങള്‍. തടവുകാരന്റെ വാരിയെല്ലുകള്‍ ഒടിക്കുകയും ഇടത് ശ്വാസകോശത്തിന് ക്ഷതമേല്‍പ്പിക്കുകയും മലാശയത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തു എന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞത്. സൈനികരില്‍ ഒരാള്‍ 'മൂര്‍ച്ചയുള്ള വസ്തു' ഉപയോഗിച്ച് മലദ്വാരത്തില്‍ കുത്തിയതിനാലാണ് മലാശയ ഭിത്തിയില്‍ മുറിവുണ്ടായതെന്നായിരുന്നു കുറ്റപത്രത്തില്‍. ലൈംഗിക കുറ്റകൃത്യങ്ങള്‍ ഒഴിവാക്കിയായിരുന്നു കുറ്റപത്രം. തടവുകാരന്റെയോ അഞ്ച് പ്രതികളുടെയോ പേരുവിവരങ്ങള്‍ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.

തങ്ങള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ അഞ്ച് സൈനികരും നിഷേധിച്ചതായി അവരുടെ അഭിഭാഷകര്‍ പിന്നീട് അറിയിച്ചു. അതിനിടെ, ഹമാസിന്റെ പക്കലുള്ള ബന്ദികള്‍ക്ക് പകരമായി ഇസ്രായേലി തടവുകാരെ കൈമാറിയപ്പോള്‍, ഈ ഫലസ്തീന്‍ തടവുകാരനെ ഗാസയിലേക്ക് തിരിച്ചയച്ചു.

ഇസ്രായേലിനെ പിടിച്ചുലയ്ക്കുകയും അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്ത കേസാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് പിന്‍വലിച്ചത്. തടവുകാരന് എന്താണ് സംഭവിച്ചതെന്ന കാര്യത്തിലുള്ള അവ്യക്തതയും തെളിവുകളുടെ അഭാവവുമാണ് കേസ് പിന്‍വലിക്കാനുള്ള കാരണമായി പ്രോസിക്യൂട്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയത്.

ഏകദേശം 15 മിനിറ്റോളം നീണ്ടുനിന്ന അക്രമത്തിനിടയില്‍ എന്താണ് സംഭവിച്ചതെന്ന് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമല്ലെന്ന് സൈന്യം ചൂണ്ടിക്കാട്ടി. അക്രമ സമയത്ത് സൈനികര്‍ തങ്ങളെയും തടവുകാരനെയും മറക്കാന്‍ ഷീല്‍ഡുകള്‍ ഉപയോഗിച്ചതാണ് ഇതിന് കാരണമായത്. വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് സൈനികര്‍ അക്രമം നടത്തുകയാണോ, അതോ പരിശോധനയെ എതിര്‍ത്ത തടവുകാരനെ അടിച്ചമര്‍ത്താന്‍ ബലം പ്രയോഗിക്കുകയാണോ എന്ന് നിര്‍ണ്ണയിക്കുക അസാധ്യമാണെന്ന് സൈന്യം അറിയിച്ചു. തടവുകാരന്‍ ഇപ്പോള്‍ ഗാസയിലാണെന്നും അയാളെ വിസ്തരിക്കാന്‍ സാധിക്കില്ല എന്നും സൈന്യം പറഞ്ഞു. ഗാസയിലേക്ക് പോകുന്നതിന് മുന്‍പ്, നടന്ന കാര്യങ്ങളെക്കുറിച്ച് അയാള്‍ പരസ്പരവിരുദ്ധമായ മൊഴികളാണ് നല്‍കിയിരുന്നതെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു.