തങ്ങളുടെ സ്റ്റീൽ വ്യവസായ മേഖല ആക്രമിച്ചതിന് പ്രതികാരമായി ഇറാൻ ഇസ്രായേലിലെ നെഗെവ് മേഖലയിലുള്ള സ്റ്റീൽ കോംപ്ലക്സിന് നേരെ ആക്രമണം നടത്തി. സംഘർഷം രൂക്ഷമായതിനെ തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജറുസലേമിലെ വിശുദ്ധ കേന്ദ്രങ്ങൾ ഇസ്രായേൽ അടച്ചു

ജറുസലേം: ഇസ്രായേലിലെ നെഗെവ് മേഖലയിലുള്ള സ്റ്റീൽ കോംപ്ലക്സിന് നേരെ ഇറാൻ ആക്രമണം നടത്തി. ഇറാന്റെ സ്റ്റീൽ വ്യവസായ മേഖലയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പ്രതികാരമായാണ് ഈ നടപടിയെന്ന് ഇറാൻ വ്യക്തമാക്കി. ഇസ്രായേലിന്റെ സൈനിക ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കേന്ദ്രമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ആക്രമണം നടത്തിയത്. സ്ഫോടനത്തെത്തുടർന്ന് വ്യവസായ സമുച്ചയത്തിൽ തീപിടുത്തമുണ്ടായതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റതായും കെമിക്കൽ ചോർച്ചയുണ്ടോ എന്ന് അധികൃതർ പരിശോധിച്ചുവരികയാണെന്നും റിപ്പോർട്ടുകളുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജറുസലേമിലെ വിശുദ്ധ കേന്ദ്രങ്ങൾ അടച്ചു

ഇറാൻ ആക്രമണങ്ങൾ രൂക്ഷമായി തുടരുന്നതിന്‍റെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജെറുസലേമിലെ വിശുദ്ധ കേന്ദ്രങ്ങൾ ഇസ്രായേൽ അടച്ചു. ആക്രമണ ഭീഷണി നിലനിൽക്കുന്നതിനാലാണ് ഈ നടപടിയെന്ന് ഇസ്രായേൽ അധികൃതർ വിശദീകരിച്ചു. ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക നീക്കങ്ങൾ കൂടുതൽ ശക്തമാകുന്നതോടെ മേഖലയിൽ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. തങ്ങളുടെ വ്യവസായ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾക്ക് കടുത്ത തിരിച്ചടി നൽകുമെന്ന നിലപാടിലാണ് ഇറാൻ.