അമേരിക്കയുടെ ഭാഗത്തുനിന്ന് ഇനി എന്തെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാൽ അതിന് ഇതിലും ശക്തമായ രീതിയിൽ തങ്ങൾ മറുപടി നൽകുമെന്ന് ഐആർജിസി

ടെഹ്റാൻ:ബന്ദർ അബ്ബാസ് വിമാനത്താവളത്തിന് സമീപം അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകിയതായി ഇറാൻ. കുവൈത്തിലെ യുഎസ് വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തിയയതായാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെടുന്നത്. പ്രാദേശിക സമയം പുലർച്ചെ 4:50 ഓടെയാണ് ഇറാൻ ഈ പ്രത്യാക്രമണം നടത്തിയത്. തങ്ങൾ ലക്ഷ്യമിട്ട യുഎസ് വ്യോമതാവളം ഏതാണെന്ന് ഇറാൻ മാധ്യമങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അമേരിക്കയുടെ ഭാഗത്തുനിന്ന് ഇനി എന്തെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാൽ അതിന് ഇതിലും ശക്തമായ രീതിയിൽ തങ്ങൾ മറുപടി നൽകുമെന്ന് ഐആർജിസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ ഡ്രോൺ പ്രവർത്തനങ്ങൾക്ക് നേരെ അമേരിക്കൻ സൈന്യം പുതിയ സൈനിക നടപടി സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഈ പ്രതികരണം. തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും അമേരിക്കൻ സൈന്യത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ഇറാന്റെ നാല് ആക്രമണ ഡ്രോണുകൾ തങ്ങൾ വെടിവെച്ചിട്ടതായി യുഎസ് സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതിനുപുറമേ ബന്ദർ അബ്ബാസിന് സമീപം മറ്റൊരു ഡ്രോൺ വിക്ഷേപിക്കാൻ തയ്യാറെടുക്കുകയായിരുന്ന ഇറാന്റെ ഒരു ഡ്രോൺ ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനും യുഎസ് സൈന്യം ആക്രമിച്ചു തകർത്തു. എന്നാൽ ഈ സൈനിക നടപടി തികച്ചും പരിമിതവും പ്രതിരോധപരവും മാത്രമായിരുന്നുവെന്നും, ഏപ്രിൽ ആദ്യം നിലവിൽ വന്ന വെടിനിർത്തൽ കരാർ നിലനിർത്താൻ വേണ്ടിയാണ് ഇതെന്നുമാണ് യുഎസ് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നത്. എന്നാൽ വാഷിംഗ്ടൺ ഈ വെടിനിർത്തൽ കരാർ ആവർത്തിച്ച് ലംഘിക്കുകയാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിച്ച അമേരിക്കയുമായി ബന്ധമുള്ള ഒരു എണ്ണക്കപ്പലിന് നേരെ ഐആർജിസി നേവി മുന്നറിയിപ്പ് വെടിയുതിർത്തതായും ഇത് കാരണം കപ്പലിന് പിന്തിരിയേണ്ടി വന്നതായും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനിയൻ സൈന്യത്തിന്റെ അനുമതിയില്ലാതെ ഈ ജലപാതയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച മറ്റ് നാല് കപ്പലുകളെയും ഇറാന്റെ നാവികസേന മുന്നറിയിപ്പ് നൽകി തിരിച്ചയച്ചതായും റിപ്പോർട്ടുകളുണ്ട്.

നിലവിൽ ഈ സംഘർഷത്തിന്റെ പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നത് ഹോർമുസ് കടലിടുക്കാണ്. ഈ വർഷം ഫെബ്രുവരിയിൽ യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുൻപ്, ലോകത്തിലെ മൊത്തം എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും കയറ്റുമതിയുടെ അഞ്ചിലൊന്നും കൈകാര്യം ചെയ്തിരുന്നത് ഈ ഇടുങ്ങിയ കടൽപ്പാതയിലൂടെയായിരുന്നു. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇറാന്റെ അനുമതിയോടെ വെറും 23 കപ്പലുകൾ മാത്രമാണ് ഈ കടലിടുക്ക് കടന്നതെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ വ്യക്തമാക്കുന്നു ഇത് മുൻപത്തെ സാധാരണ ഗതാഗത നിരക്കിനേക്കാൾ വളരെ കുറവാണ്. മേഖലയിൽ വീണ്ടും സൈനിക നടപടികൾ സജീവമായതോടെ ആഗോള വിപണിയിൽ എണ്ണവില വീണ്ടും വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം