ജോർദാനിലെ അമേരിക്കൻ സൈനിക താവളം മിസൈൽ-ഡ്രോൺ ആക്രമണത്തിൽ തകർത്തതായി ഇറാൻ അവകാശപ്പെട്ടു. നിരവധി യുദ്ധവിമാനങ്ങൾക്ക് നാശനഷ്ടമുണ്ടായെന്നും ഇത് അമേരിക്കൻ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണെന്നും ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് അറിയിച്ചു. എന്നാൽ, അമേരിക്ക ഇത് സ്ഥിരീകരിച്ചിട്ടില്ല, അതേസമയം ആക്രമണം തടഞ്ഞതായി ജോർദാൻ വ്യക്തമാക്കി.
ടെഹ്‌രാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം പുതിയ തലത്തിലേക്ക്. ജോർദാനിൽ നിലയുറപ്പിച്ച അമേരിക്കൻ വ്യോമസേനയുടെ പടക്കപ്പലുകളും യുദ്ധവിമാനങ്ങളും തകർത്തതായി ഇറാൻ്റെ അവകാശവാദം. യുഎസ് ക്യാമ്പിലേക്ക് നടത്തിയ അതിരൂക്ഷ മിസൈൽ-ഡ്രോൺ ആക്രമണത്തിന് പിന്നാലെയാണ് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് ഇക്കാര്യം അവകാശപ്പെട്ടത്. ജോർദാനിലെ അൽ-അസ്രഖ് എയർ ബേസ് ലക്ഷ്യമാക്കിയായിരുന്നു ഇറാന്റെ ആക്രമണമെന്നാണ് വിവരം.
ആക്രമണത്തിൽ നിരവധി അമേരിക്കൻ യുദ്ധവിമാനങ്ങൾക്കുംഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾക്കും നാശനഷ്ടമുണ്ടായെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. യു.എസിന്റെ എഫ്-15, എഫ്-16, എഫ്-35 തുടങ്ങിയ അത്യാധുനിക യുദ്ധവിമാനങ്ങളുടെ ഹാങ്ങറുകൾക്ക് നേരെയാണ് തങ്ങൾ പ്രഹരമേൽപ്പിച്ചതെന്ന് ഇറാൻ സൈനിക വൃത്തങ്ങൾ വാർത്താ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങൾക്കുള്ള ശക്തമായ തിരിച്ചടിയാണിതെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ, ഇറാന്റെ അവകാശവാദങ്ങൾ അമേരിക്കൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചെത്തിയ ഇറാന്റെ ഒട്ടനവധി മിസൈലുകളെയും ഡ്രോണുകളെയും വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് വെടിവെച്ചിട്ടതായി ജോർദാൻ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണത്തെ ചൊല്ലി സമാധാന കരാർ ഉപേക്ഷിച്ച് തുടങ്ങിയ ഏറ്റുമുട്ടലാണ് പുതിയ തലത്തിലേക്ക് നീങ്ങുന്നത്.


