മൂന്ന് ഇസ്രയേല്‍ ചാരന്മാരെ പിടികൂടിയതായി ഇറാന്‍; ഓപ്പറേഷന്‍ അഫ്ഗാനിലെ താലിബാനുമായി ചേര്‍ന്നെന്നും വിശദീകരണം
ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താന്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാറിന്റെ പ്രതിനിധികള്‍ ശനിയാഴ്ച ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും സഹകരിച്ച് നടത്തിയ ഓപ്പറേഷനില്‍ ഇസ്രയേലി ചാരന്മാരെ പിടികൂടിയെന്ന റിപ്പോര്‍ട്ടുകള്‍

ടെഹ്റാന്‍: ഇസ്രയേല്‍ ചാര സംഘടനയായ മൊസാദിന് വേണ്ടി ചാര പ്രവര്‍ത്തനം നടത്തിയിരുന്ന മൂന്ന് പേരെ പിടികൂടിയതായി ഇറാന്‍. രാജ്യത്തെ ഔദ്യോഗിക ടെലിവിഷന്‍ ചാനലാണ് ഇക്കാര്യം അറിയിച്ചത്. പിടിയിലായ മൂന്ന് പേരും ഇറാന്‍ പൗരന്മാര്‍ തന്നെയാണെന്നാണ് സൂചന. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാറുമായി ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ചാര പ്രവര്‍ത്തനം നടത്തിയവരെ പിടികൂടിയതെന്നും ഇറാന്‍ അവകാശപ്പെടുന്നു.
"ഇറാന്‍ പൗരത്വമുള്ള മൂന്ന് മൊസാദ് ഏജന്റുമാരെ, ഇറാനും അഫ്ഗാനിസ്ഥാനും ഇടയിലുള്ള പര്‍വത മേഖലകളില്‍ നിന്ന് പിടികൂടുകയായിരുന്നു" എന്നാണ് ഔദ്യോഗിക ടെലിവിഷന്‍ വിശദീകരിക്കുന്നത്. ഇറാനിലെ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദൊല്ലഹിയാന്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താന്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാറിന്റെ പ്രതിനിധികള്‍ ശനിയാഴ്ച ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും സഹകരിച്ച് നടത്തിയ ഓപ്പറേഷനില്‍ ഇസ്രയേലി ചാരന്മാരെ പിടികൂടിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിന്ന് ഇറാനിലെ വിവിധ ലക്ഷ്യസ്ഥാനങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്നും ചോദ്യം ചെയ്യലിന് വേണ്ടി ഇവരെ ഇറാനില്‍ എത്തിക്കുമെന്നും അറിയിക്കുന്ന റിപ്പോര്‍ട്ടില്‍ മറ്റ് വിശദാംശങ്ങളൊന്നും വെളിപ്പെടുത്തുന്നില്ല.
തങ്ങളുടെ ആണവ പദ്ധതികള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ നിരന്തരം ആക്രമണങ്ങളും കൊലപാതകങ്ങളും നടത്തുന്നതായി ഇറാന്‍ ആരോപിച്ചിരുന്നു. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണ പദ്ധതി തകര്‍ക്കാനുള്ള ഇസ്രയേലിന്റെ പദ്ധതികള്‍ പൊളിച്ചുവെന്നും നിരവധി പേരെ അറസ്റ്റ് ചെയ്തുവെന്നും ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഇറാന്‍ അറിയിച്ചു. ഇറാനിലെ മദ്ധ്യപ്രവിശ്യയായ ഇസ്ഫഹാനിലെ പ്രതിരോധ മന്ത്രാലയ സ്ഥാനത്ത് ജനുവരിയില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്ന ആരോപണവും ഇറാന്‍ ഉയര്‍ത്തിരുന്നു. ഒക്ടോബര്‍ ഏഴാം തീയ്യതി ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ വിജയമെന്നാണ് ഇറാന്‍ വിശേഷിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...