ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് സുരക്ഷാ സേവനങ്ങളുടെ പേരിൽ പ്രത്യേക ഫീസ് ഈടാക്കാൻ ഇറാൻ തീരുമാനിച്ചു. ഫീസ് അടയ്ക്കുന്ന കപ്പലുകൾക്ക് മുൻഗണന നൽകുമെന്നും അല്ലാത്തവയുടെ യാത്ര വൈകുമെന്നും ഇറാൻ അറിയിച്ചു. ഈ നീക്കം ആഗോള ഇന്ധന വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം.

ടെഹ്റാൻ: ‌ഹോർമുസ് കടലിടുക്ക് കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കാനൊരുങ്ങി ഇറാൻ. സുരക്ഷാ-സംരക്ഷണ സേവനങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള തുക നൽകുന്ന കപ്പലുകൾക്ക് മാത്രമേ ഇനി മുതൽ കടലിടുക്കിലൂടെ മുൻഗണനാടിസ്ഥാനത്തിൽ കടന്നുപോകാൻ അനുമതി നൽകൂ എന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് ഇറാൻ ഈ പുതിയ നയം വെളിപ്പെടുത്തിയത്.

കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ എണ്ണത്തിൽ നിയന്ത്രണമുണ്ടാകുമെന്നും, പുതിയ പ്രോട്ടോക്കോൾ അനുസരിച്ച് വേഗത്തിൽ പണം അടയ്ക്കുന്നവർക്ക് കടന്നുപോകുന്നതിൽ മുൻഗണന നൽകുമെന്നും അധികൃതർ അറിയിച്ചു. പണം നൽകാത്ത കപ്പലുകളുടെ യാത്ര അനിശ്ചിതമായി നീട്ടിവെക്കാനാണ് ഇറാന്റെ തീരുമാനം. അമേരിക്കയുമായുള്ള വെടിനിർത്തൽ കരാറിൽ യുഎസ് വിശ്വാസവഞ്ചന കാണിച്ചുവെന്ന് ആരോപിച്ചാണ് ശനിയാഴ്ച മുതൽ കടലിടുക്കിൽ ഇറാൻ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കിയത്.

ഹോർമുസ് കടലിടുക്കിലെ ഗതാഗതം നിയന്ത്രിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള പുതിയ ക്രമീകരണങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് ഇറാൻ അവകാശപ്പെടുന്നു. ലോകത്തെ പ്രധാന ഇന്ധന പാതകളിലൊന്നായ ഹോർമുസിൽ ഇറാൻ ഏർപ്പെടുത്തിയിരിക്കുന്ന ഈ സാമ്പത്തിക നിയന്ത്രണം അന്താരാഷ്ട്ര വിപണിയിൽ വലിയ ചലനങ്ങളുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. കപ്പൽ ഗതാഗതം വൈകുന്നത് ആഗോള തലത്തിൽ ഇന്ധന വില വർദ്ധനവിനും വിതരണ തടസ്സങ്ങൾക്കും കാരണമായേക്കാം.