സൊലൈമാനിയുടെ വധം ട്രംപിന്‍റെ നിര്‍ദ്ദേശ പ്രകാരമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പെന്‍റഗണ്‍. അമേരിക്കന്‍ പൗരന്മാരെ രക്ഷിക്കാനാണ് നടപടിയെന്നാണ് വിശദീകരണം. 

ബാഗ്ദാദ്: ഇറാഖിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാനിൽ നിന്നുള്ള കമാൻഡർ കാസ്സെം സൊലേമാനി അടക്കം എട്ട് പേരാണ് കൊല്ലപ്പെട്ടത്. ഇറാനില്‍ വീരപുരുഷന്‍റെ പരിവേഷമുള്ള വ്യക്തി ആയിരുന്നു സൊലൈമാനി. അതേസമയം സൊലൈമാനിയുടെ വധം ട്രംപിന്‍റെ നിര്‍ദ്ദേശ പ്രകാരമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പെന്‍റഗണ്‍. അമേരിക്കന്‍ പൗരന്മാരെ രക്ഷിക്കാനാണ് നടപടിയെന്നാണ് വിശദീകരണം. 

ഇറാനിയൻ ഖുദ് സേനയുടെ തലവനാണ് കാസ്സെം സൊലേമാനി. ജനറൽ സൊലേമാനിക്കൊപ്പം, ഇറാഖി കമാൻഡർ അബു മെഹ്ദി അൽ മുഹന്ദിസ് അടക്കം ആകെ ആറുപേരാണ് ഈ അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ഇറാഖി സ്റ്റേറ്റ് ടെലിവിഷൻ അറിയിച്ചു. അമേരിക്കൻ സൈന്യം നടത്തിയ 'ടാർഗെറ്റഡ് അസോൾട്ട്' ആണ് ഇതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത രണ്ട് അമേരിക്കൻ നയതന്ത്രജ്ഞരെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ബാഗ്ദാദിലെ അമേരിക്കൻ എംബസിക്ക് നേരെ നടന്ന ആക്രമണത്തിന് ശേഷം ഒരു തിരിച്ചടി പ്രതീക്ഷിച്ചുകൊണ്ടിരിക്കെയാണ് അമേരിക്കൻ സൈന്യത്തിന്റെ ഈ മിസൈൽ ആക്രമണം. ഇത് അമേരിക്കൻ-ഇറാഖി സർക്കാരുകൾക്കിടയിലെ നയതന്ത്ര ബന്ധത്തിന് കാര്യമായ വിള്ളലുകളുണ്ടാക്കുമെന്നാണ് വിലയിരുത്തൽ